കോടതി പറഞ്ഞു, വോട്ടെണ്ണി; സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് ഭരണസമിതിയായി

moonamvazhi

തിരഞ്ഞെടുപ്പും അഡ്മിനിസ്‌ട്രേറ്റീവ് ഭരണവുമെല്ലാം നിരന്തരം കോടതി കയറിയ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ഒടുവില്‍ ജനാധിപത്യ ഭരണസംവിധാനം നിലവില്‍ വരുന്നു. തര്‍ക്കത്തിലായ വോട്ടുകള്‍ എണ്ണം ഭൂരിപക്ഷം നിശ്ചയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വോട്ടെണ്ണിയപ്പോള്‍ യു.ഡി.എഫ്. നേതൃത്വത്തിലുള്ള പാനല്‍ വിജയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഫലം പ്രഖ്യാപിക്കാത്തതിനാല്‍ നിലവില്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്.

അവിശ്വാസത്തിലൂടെയാണ് ബാങ്ക് ഭരണസമിതി പുറത്താകുന്നത്. ഇതിന് ശേഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായി. ഒന്നരവര്‍ഷത്തിലേറെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നീണ്ടപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി നേരത്തെ ബാങ്ക് ഭരണസമിതിയിലെ അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. കെ.ശിവദാസന്‍ നായര്‍, സി.കെ. ഷാജിമോഹന്‍ എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്. കോടതി 2023 മെയ് അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു.

സാങ്കേതിക കാരണങ്ങളാല്‍ ചില നോമിനേഷന്‍ റദ്ദാക്കുകയും വോട്ടവകാശം നിഷേധിക്കുകയും ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് വീണ്ടും കോടതി കയറി. തിരഞ്ഞടുപ്പ് നടത്താനും തര്‍ക്കമുളള രണ്ട് വോട്ടുകള്‍ പ്രത്യേക ബോക്‌സില്‍ സൂക്ഷിക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. തര്‍ക്കമുള്ള വോട്ടില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഫലം പ്രഖ്യാപിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.ഫലപ്രഖ്യാപനം നീണ്ടതോടെ സി.കെ ഷാജിമോഹന്‍ വീണ്ടും കോടതിയിലെത്തി. പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വോട്ട് എണ്ണിതിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കാളാഴ്ച വോട്ടെണ്ണത്. ഇതില്‍ തര്‍ക്കമുള്ള രണ്ട് വോട്ടും യു.ഡി.എഫ് പാനലിന് അനുകൂലമായി ലഭിച്ചു. അങ്ങനെ 36 നെതിരെ 38 വോട്ടുകള്‍ ലഭിച്ച് യു.ഡി.എഫ്. പാനല്‍ ഭരണം തിരിച്ച് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News