കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിക്കു തുടക്കമായി

[mbzauthor]

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സമൂഹത്തിനു ഗുണകരമാകുന്ന വിധത്തിൽ വിനിയോഗിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സഹായിക്കുക, ദുർബലമായ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള കേരള സഹകരണ സംഘം പുനരുദ്ധാരണ നിധിക്കു തുടക്കമായി. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

നാടിന്റെ എല്ലാ സാമ്പത്തിക പ്രയാസങ്ങളിലും പ്രതിസന്ധികളിലും സഹായവുമായി ആദ്യമെത്തുന്ന സഹകരണ മേഖലയ്ക്ക് ഒരുതരത്തിലുള്ള കോട്ടവും സംഭവിച്ചുകൂടെന്നു പദ്ധതി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട ചില അനഭിലഷണീയ പ്രവണതകൾ ഈ മേഖലയിൽ വളർന്നുവരുന്നുണ്ട്. ചില ഘട്ടങ്ങളിലെങ്കിലും അവയെ സാമാന്യവത്കരിക്കാനുള്ള ബോധപൂർവമായ ശ്രമവും നടക്കുന്നു. അത്തരം സന്ദർഭങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നിനുള്ള ഇടപെടൽ ആരംഭിക്കുകയാണ്. സമഗ്രമായ സഹകരണ നിയമഭേദഗതി ഇതിന്റെ ഭാഗമാണ്.

 

ഇതിനായി ഡിസംബറിൽ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു. സെലക്ട് കമ്മിറ്റിക്കു വിട്ട ബില്ലിന്മേൽ 14 ജില്ലകളിലും സിറ്റിങ് നടത്തി. നിയമജ്ഞരുമായി ചർച്ച ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ഇതു നിയമമാകും. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു ശക്തമായി മുന്നോട്ടുപോകാൻ സഹായിക്കുന്ന സമഗ്ര നിയമ ഭേദഗതിയാണു വരാൻ പോകുന്നത്. അതോടൊപ്പം ഏതെങ്കിലും സഹകരണ പ്രസ്ഥാനം പിന്നാക്കം പോകുന്ന സാഹചര്യമുണ്ടായാൽ അവയെ കൈപിടിച്ചുയർത്താനുള്ള സാമ്പത്തിക സ്രോതസ് എന്ന നിലയിലാണു സഹകരണ പുനരുദ്ധാരണ നിധി രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽനിന്നും റിസർവ് ഫണ്ട്, അഗ്രികൾച്ചർ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ട് എന്നിവയിലേക്കു മാറ്റുന്ന തുകയിൽനിന്നു നിശ്ചിത വ്യവസ്ഥകളോടെ വായ്പയായി സ്വീകരിക്കുന്ന തുക, സർക്കാർ നൽകുന്ന ധനസഹായം, മറ്റ് ഏജൻസികളിൽനിന്നു സമാഹരിക്കുന്ന തുക എന്നിവയിൽനിന്നാണു കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.

തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, കൗൺസിലർ രാഖി രവികുമാർ, കേരള നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി. സതീഷ് ചന്ദ്രൻ, കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, കേരള സഹകരണ എംപ്ലോയിസ് പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, കേരള സഹകരണ എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

[mbzshare]

Leave a Reply

Your email address will not be published.