കേരള ബാങ്ക് – ശമ്പള പരിഷ്കരണം ഏപ്രിലിൽ നടപ്പിലാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി.

adminmoonam

കേരള ബാങ്ക് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സഹകരണ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ കാലാവധി കഴിഞ്ഞ് 3 വർഷമായ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. ഏപ്രിൽ മാസത്തിൽ ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നയം അനുസരിച്ച് ശമ്പളപരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു.

ശമ്പള പരിഷ്ക്കരണ കമ്മിറ്റി റിപ്പോർട്ട് സംഘടനകൾക്ക് ലഭ്യമാക്കി മാർച്ച് മാസത്തിൽ തന്നെ ചർച്ചകൾ തുടരണമെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
മാർച്ച് മാസത്തിൽ ബാങ്കിൻ്റെ എൻ.പി.എ. കുറച്ചു കൊണ്ടുവരുന്ന പ്രവർത്തനത്തിൽ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും, ഏപ്രിലിൽ ശമ്പള പരിഷ്ക്കരണ ചർച്ചകൾ ആരംഭിക്കാമെന്നും ആമുഖമായി മന്ത്രി അറിയിച്ചിരുന്നു.അതോടൊപ്പം കേഡർ സംയോജനം മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ കൂടി കേരളാ ബാങ്കിൻ്റെ ഭാഗമായ ശേഷം തീരുമാനിക്കുന്നതാണ് ഉചിതമെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാരെല്ലാവരും അവധി ദിവസം പോലും കണക്കിലെടുക്കാതെ എൻ.പി.എ. റിക്കവറി പ്രവർത്തനങ്ങളിലാണെന്നും അതിനാൽ ശമ്പള പരിഷ്ക്കരണം ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് അവരുടെ മനോവീര്യം തകർക്കുമെന്നും,
ശമ്പള പരിഷ്ക്കരണ പ്രവർത്തനങ്ങൾ മാർച്ച് മാസം തന്നെ ആരംഭിക്കണമെന്നും സംഘടനാ പ്രതിനിധികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.

സംഘടനാ പ്രതിനിധികളും മന്ത്രിയും നിലപാടുകളിൽ ഉറച്ച് നിന്ന് അഭിപ്രായ പ്രകടനങ്ങൾ തുടരുകയും ഒടുവിൽ ഏപ്രിൽ 3 ന് സംഘടനാ പ്രതിനിധികളുമായി അടുത്ത ചർച്ച നടത്താമെന്നും, പേറിവിഷൻ കമ്മിറ്റി റിപ്പോർട്ട് സംഘടനകൾക്ക് അന്ന് ലഭ്യമാക്കുമെന്നും, ഏപ്രിലിൽ തന്നെ തുടർ ചർച്ചകൾക്ക് ശേഷം ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

ഡി.എ.സംബന്ധിച്ച വിഷയം ഉന്നയിച്ചപ്പോൾ ഡി.എ.സർക്കാർ ജീവനക്കാർക്ക് അനുവദിക്കുമ്പോഴെ നൽകാനാവൂ എന്ന 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചതാണെന്നും, അതിനാൽ സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിക്കുമ്പോൾ മാത്രമെ അർഹതയുണ്ടാകൂ എന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാന സഹകരണ ബാങ്കിലെ 2 സംഘടനകളുടെ നേതാക്കളും ജില്ലാ സഹകരണ ബാങ്കിലെ മൂന്ന് സംഘടനകളുടെ നേതാക്കളും സഹകരണ വകുപ്പ് സെക്രട്ടറിയും രജിസ്ട്രാറും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News