കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു
കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സംസ്ഥാനത്താകെ നല്‍കിവരുന്ന ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. മലപ്പുറം ജില്ലാതല ഉദ്ഘാടനം ഡോ: കെ. ടി.ജലീല്‍ നിര്‍വ്വഹിച്ചു. സഹകരണമേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം കേരളത്തിന്റെ വികസന വിദ്യാഭ്യാസ മുന്നേറ്റത്തെ തടയാനുള്ള ഗൂഢ ശ്രമമാണെന്നും അത് സഹകാരികളും പൊതു സമൂഹവും ഒറ്റക്കെട്ടായി ചെറുക്കണമെന്നും എം.എല്‍.എ. പറഞ്ഞു.
മലപ്പുറം ജില്ലാ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ 198 വിദ്യാര്‍ഥികള്‍ക്കായി ഇരുപതു ലക്ഷത്തി പതിനയ്യായിരം രൂപ വിതരണം ചെയ്തു. കുടിശ്ശിക ഒഴിവാക്കി ബോര്‍ഡില്‍ അംഗത്വം നല്‍കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം. എല്‍. എ. നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ സഹകരണ സംഘങ്ങളെയും ബോര്‍ഡില്‍ അംഗമാക്കാന്‍ ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികള്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കേരള ബാങ്ക് ഡയറക്ടര്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യാതിഥിയയിരുന്നു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ:ആര്‍. സനല്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, സഹകരണ കണ്‍സോര്‍ഷ്യം ജില്ലാ പ്രസിഡന്റ് വി.പി.അനില്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് മെമ്പര്‍ പി.എം.വഹീദ, തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റ് പി.കെ. പ്രദീപ് മേനോന്‍, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (CITU) ജില്ലാ പ്രസിഡന്റ് ഒ.വിനോദ്, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് .ടി.വി ഉണ്ണികൃഷ്ണന്‍, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി. എസ്.അച്ഛന്‍ കുഞ്ഞ്,കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയന്‍, അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി. എച്ച്.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.ഏറനാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒ. സഹദേവന്‍ സ്വാഗതവും ബോര്‍ഡ് റീജിയണല്‍ മാനേജര്‍ എന്‍.കെ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.