കേരളാ ബാങ്കിലെ ഒഴിവുകൾ ഉടൻ നികത്തുക: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്
കേരള ബേങ്കിൽ നിലവിലുള്ള രണ്ടായിരത്തിലധികം ജീവനക്കാരുടെ ഒഴിവുകൾ നികത്തുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സി.കെ അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.
ബാങ്ക് മാനേജ്മെന്റ് ഇക്കാര്യത്തിൽ മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നത്. ജീവനക്കാരിൽ അമിത ജോലി ഭാരം കൊണ്ട് പൊറുതി മുട്ടി സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സ്ഥിതിയാണുള്ളത്. ബാങ്കിലേക്ക് നിയമനം കാത്ത് നിശ്ചിത യോഗ്യതയുള്ള പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കോച്ചിങ്ങും മറ്റും കഴിഞ്ഞ് കാത്തിരിക്കുകയാണ്. വിഷയം പല തവണ മാനേജ്മെന്റിന്റെയും, മന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തിയിട്ടും നിയമന നടപടികൾക്കായി ചെറുവിരൽ അനക്കാതെ ബന്ധപ്പെട്ടവർ ഒളിച്ചുകളി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ AlBEA ഹാളിൽ നടന്ന യൂണിയൻ ജില്ലാ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡണ്ട് എ.കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് കൂവേരി , കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം.കെ. ശ്യാംലാൽ, പി സുനിൽ കുമാർ , ഭാരവാഹികളായ ഹഫ്സ മുസ്തഫ, പി.വിനോദ് കുമാർ , പ്രദീപ് കുമാർ, സാജിദ് ടി.പി. , ബിജലി എന്നിവരും പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് നേതൃ പാടവം ,മോട്ടിവേഷൻ വിഷയങ്ങളിൽ ക്ലാസും ,വിരമിച്ച ജീവനക്കാർക്കുള്ള യാത്രയപ്പ് ചടങ്ങും നടത്തി.