കേരളബാങ്കിലെ കേഡര്‍ സംയോജനം; പരാതി തീര്‍പ്പിന് പുതിയ കമ്മിറ്റി
കേരളബാങ്കിലെ കേഡര്‍ സംയോജനം സബന്ധിച്ചുള്ള പരാതികളില്‍ അന്തിമ തീര്‍പ്പുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് റിട്ട.ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരുസമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. ഈസമിതിയുടെ റിപ്പോര്‍ട്ടില്‍ സ്വീകരിക്കേണ്ട തുടര്‍നടപടി പരിശോധിക്കാനാണ് പുതിയ കമ്മിറ്റി. സഹകരണ വകുപ്പ് സെപ്ഷല്‍ സെക്രട്ടറി പി.എസ്. രാജേഷ്, ഡെപ്യൂട്ടി സെക്രട്ടറി എ.ആര്‍.അമൃത്് ലാല്‍, അഡിഷ്ണല്‍ രജിസ്ട്രാര്‍ മോഹന്‍ മോന്‍ പി.ജോസഫ്, സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ റോയ് എബ്രഹാം എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
മലപ്പുറം ഒഴികെയുള്ള ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കുന്നത് 2019 നവംബര്‍ 29നാണ്. സംസ്ഥാന-ജില്ലാബാങ്കുകളുടെ ജീവനക്കാരുടെ ഘടന, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്‌ക്കെല്ലാം ഏകീകൃത രൂപമുണ്ടാക്കാന്‍ ഇതിന് ശേഷമാണ് നടപടി തുടങ്ങിയത്. 2020 ഒക്ടോബര്‍ കേഡര്‍ ഇന്റഗ്രേഷന്‍ സ്‌കീം സര്‍ക്കാര്‍ തയ്യാറാക്കി. ഈ സ്‌കീം സംബന്ധിച്ചും ഒട്ടേറെ ജീവനക്കാര്‍ക്കും സംഘടനകള്‍ക്കും പരാതികളുണ്ടായിരുന്നു.
കേഡര്‍ ഇന്റഗ്രേഷന്‍ സ്‌കീമിന്റെ ഭാഗമായി തന്നെ പരാതി പരിഹാരത്തിനുള്ള സമിതിയേയും ശുപാര്‍ശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റിട്ട. ജില്ലാജഡ്ജി അധ്യക്ഷനായ ഒരുസമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഈ സമിതി എല്ലാതലത്തിലുമുള്ള പരിശോധനയും വിശദീകരണവും കേട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി സംസ്ഥാന സഹകരണ ബാങ്ക് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേങ്ങള്‍ ഏതൊക്കെ രീതിയില്‍, എന്തെല്ലാം നടപ്പാക്കണമെന്നാണ് പുതിയ കമ്മിറ്റി പരിശോധിക്കുക.