കേരളത്തിൽ, 200 കോ-ഓപ് മാർട്ടുകൾ കൂടി തുറക്കുന്നു
സംസ്ഥാനത്ത് സഹകരണ സഥാപനങ്ങൾ തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ വില്പനശാലയായ കോ-ഓപ് മാർട്ടുകൾ 200 എണ്ണം കൂടി തുറക്കാൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ എല്ലാജില്ലകളിലും ഓരോന്ന് വീതമായി പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ കോ-ഓപ് മാർട്ടുകൾ ഉടൻ രണ്ടെണ്ണമായി ഉയർത്തും.. ഇതിനായി 14 എണ്ണം ഉടൻ തുറക്കാൻ സർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇതിനു പുറമെയാണ് 200 എണ്ണം കൂടി ആരംഭിക്കാൻ സഹകരണ വകുപ്പ് നടപടിയെടുക്കുന്നത്.
നിലവിൽ നീതി സ്റ്റോറുകളായും, സൂപ്പർ മാർക്കറ്റുകളായും സഹകരണ സ്ഥാപനങ്ങൾ നടത്തിവരുന്ന വില്പനശാലകളിൽ പലതും കോ-ഓപ് മാർട്ടിലേക്ക് മാറ്റാനാണ് ശ്രമം. ഇത്തരത്തിൽ ഓരോ ജില്ലകളിലും കണ്ടെത്തുന്ന സ്ഥാപനങ്ങളുടെയും പുതിയ സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. കൂടുതൽ സഹകരണ സംഘങ്ങൾ കോ-ഓപ് മാർട്ട് തുടങ്ങാൻ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ടെന്നു സഹകരണ വകുപ്പ് അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് 80 ഓളം സഹകരണ സംഘങ്ങൾ 360 ലേറെ ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്. കാർഷിക വിഭവങ്ങൾ മുതൽ സോളാർ സാമഗ്രികൾ വരെയുള്ള ഈ ഉത്പന്നങ്ങൾക്ക് ‘കോ-ഓപ് കേരള’ എന്ന പേരിൽ ഏകീകൃത വില്പന മുദ്രയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോ-ഓപ് മാർട്ടിലേക്ക് സഹകരണ ഉത്പന്നങ്ങൾ എത്തിക്കുന്നതിന് കോഴിക്കോട് നോർത്ത് മലബാർ മാർക്കറ്റിങ് സഹകരണ സംഘത്തിനാണ് ചുമതല നൽകിയിട്ടുള്ളത്. കൂടുതൽ വില്പനശാലകൾ വരുമ്പോൾ ഇവർക്ക് മേഖല അടിസ്ഥാനത്തിൽ സംഭരണ കേന്ദ്രങ്ങളും തുറക്കേണ്ടി വരും.
വിപണനത്തിന് പുതിയ സംവിധാനങ്ങളും സഹകരണ വകുപ്പ് ഒരുക്കും. ഉത്പന്നങ്ങൾ ആമസോണിലൂടെ വിൽക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ഉത്പാദകർക്കും കോ-ഓപ് മാർട്ടുകൾക്കുംബന്ധപ്പെടാൻ ഇ-സെല്ലിങ് മൊബൈൽ ആപ് ഉടൻ പുറത്തിറങ്ങും. ഗുണനിലവാരം ഉറപ്പാക്കിയ ഉത്പന്നങ്ങൾ മാത്രമാണ് കോ-ഓപ് കേരള ബ്രാൻഡിലേക്ക് കൊണ്ടുവരുന്നത്. ഗുണനിലവാരം പരിശോധിക്കാൻ സഹകരണ വകുപ്പിന്റേതായ സംവിധാനവും ആലോചനയിലുണ്ട്.
സഹകരണ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനായി കേരളത്തിൽ സഹകരണ എക്സ്പോ നടത്തുന്ന വകുപ്പ്, ദില്ലിയിൽ കഴിഞ്ഞ നവംബറിൽ നടന്ന വാണിജ്യോത്സവത്തിൽ കേരളത്തിലെ ഉത്പന്നങ്ങൾ അവതരിപ്പിച്ച് ദേശീയ തലത്തിലും വില്പന സാധ്യത തുറന്നിരുന്നു.