കേരളത്തില്‍ ഫുട്‌ബോളിലും സഹകരണ സംഘം വരുന്നു – മന്ത്രി വാസവന്‍

Deepthi Vipin lal

കേരളത്തില്‍ ഫുട്‌ബോള്‍ രംഗത്തേക്കും സഹകരണ മേഖല കടക്കാന്‍ പോവുകയാണെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയ്ക്കു വേണ്ടിയുള്ള സംഘാടക സമിതി രൂപവത്കരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏപ്രില്‍ 18 നു മുഖ്യന്ത്രിയാണ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാനത്ത് 16,132 സഹകരണ സംഘങ്ങള്‍ രജിസ്ട്രാറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഫങ്ഷണല്‍ സംഘമെന്ന രൂപത്തില്‍ ഏഴായിരം സംഘങ്ങള്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ 23,000 ത്തില്‍പരം സംഘങ്ങള്‍. രാജ്യത്തു സഹകരണ ക്രെഡിറ്റ് മേഖലയില്‍ ഏറ്റവും ശക്തി പ്രാപിച്ചു നില്‍ക്കുന്നതു കേരളമാണ്. ഏതാണ്ട് 69 ശതമാനം. 108 സഹകരണാശുപത്രികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ എല്ലാ ആധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുണ്ട് – മന്ത്രി പറഞ്ഞു.

യുവജനങ്ങളുടെ 30 സഹകരണ സംഘങ്ങള്‍ ഈയിടെ രജിസ്റ്റര്‍ ചെയ്തു. ഈവന്റ് മാനേജ്‌മെന്റ് മുതല്‍ ഐ.ടി. വരെയുള്ള യൂണിറ്റുകളാരംഭിച്ച് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഈ യുവസംഘങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എസ്.സി / എസ്.ടി. വിഭാഗക്കാരായ യുവജനങ്ങളുടെ 14 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കലാകാരന്മാരുടെ സംഘവും രജിസ്റ്റര്‍ ചെയ്തു. അതിന്റെ ഉദ്ഘാടനം അടുത്തു നടക്കും. ഭിന്നശേഷിക്കാര്‍ക്കു തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതി നൂറുദിന പരിപാടിയുടെ ഭാഗമായി തയാറാക്കുന്നുണ്ട്. ഫുട്ബാളിന്റെ രംഗത്തേക്കും സഹകരണ മേഖല പുതുതായി കടന്നുവരികയാണ്. ഇങ്ങനെ ജനജീവിതത്തിന്റെ സമസ്തമേഖലയിലേക്കും സഹകരണ പ്രസ്ഥാനം കടന്നുചെന്നു ജനങ്ങള്‍ക്കാശ്വാസം തീര്‍ക്കുകയാണ്. സൗജന്യനിരക്കില്‍ ആര്‍.ടി.പി.സി.ആര്‍. നടത്തുന്ന സംഘങ്ങള്‍വരെ കേരളത്തിലുണ്ട് – മന്ത്രി പറഞ്ഞു.

എല്ലാ ദുരിതത്തിലും ജനങ്ങള്‍ക്കാശ്വാസം പകരാന്‍ സഹകരണ മേഖല മുന്നിലുണ്ടെന്നു മന്ത്രി വാസവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സഹകരണ മേഖല 236 കോടി രൂപ സംഭാവന ചെയ്തുകഴിഞ്ഞു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കെയര്‍ഹോം പദ്ധതിയില്‍ സഹകരണ മേഖല 2200 വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇനി എല്ലാ ജില്ലകളിലും സഹകരണ മേഖലയില്‍ സൗജന്യമായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുകയാണ്. സഹകരണ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സഹകരണ മേഖലയിലെ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താന്‍ 14 ജില്ലകളിലും കോ-ഓപ് മാര്‍ട്ട് ആരംഭിച്ചു. എല്ലാം വിജയകരമായി മുന്നോട്ട് പോകുന്നു. വിഷരഹിത ഭക്ഷോല്‍പ്പന്നങ്ങളുള്‍പ്പെടെ 340 ഇനങ്ങള്‍ സഹകരണ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ചില സംഘങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഈ 340 ഉല്‍പ്പന്നങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഇവയുടെ വിപണനവും നടത്തും. ആധുനിക ശാസ്ത്ര, സാങ്കേതിക, ഗവേഷണ ശൃംഖലകളിലെ അദ്ഭുതാവഹമായ പുരോഗതി സഹകരണ മേഖലയില്‍ പ്രാപ്തമാക്കാനും കൂടിയാണ് ഈ എക്‌സ്‌പോ നടത്തുന്നത് – മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News