കേരളത്തിലെ സഹകരണ നിയമം കാലഘട്ടത്തിനനുസരിച്ച് പൊളിച്ചു എഴുതിയാൽ മാത്രമേ ഇൻകം ടാക്സ് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ എന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സി.ബി.എം. വാരിയർ.

adminmoonam

കേരളത്തിലെ സഹകരണ നിയമം കാലഘട്ടത്തിനനുസരിച്ച് പൊളിച്ചു എഴുതിയാൽ മാത്രമേ ഇൻകം ടാക്സ് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ എന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സി.ബി.എം. വാരിയർ പറഞ്ഞു. അമ്പതു വർഷം പിന്നിട്ട സഹകരണനിയമം ഇപ്പോഴത്തെ കണക്കുമായി പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടുള്ളതാണ്. അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് കൂടുതലും പ്രാഥമിക സഹകരണ സംഘങ്ങളാണ്. സഹകരണ നിയമവും നിയമഭേദഗതികളും ഇൻകം ടാക്സ് മായി ബന്ധപ്പെട്ട് ഒത്തുനോക്കുമ്പോൾ യോജിക്കാൻ ബുദ്ധിമുട്ടുള്ളതാണ്. ഇപ്പോഴത്തെ നിയമം മൂലം ഇൻകം ടാക്സ് മായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. ഇൻകം ടാക്സ് മായി ബന്ധപ്പെട്ട് സഹകരണസംഘങ്ങൾക്ക് നോട്ടീസുകൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിൽ സംസാരിക്കുകയായിരുന്നു വാര്യർ.


സഹകരണ ഓഡിറ്റിങ്ങും ഇൻകംടാക്സ് ഓഡിറ്റിങ്ങും രണ്ടും രണ്ടുവിധമാണ്. സഹകരണ ഓഡിറ്റ് ഡയറക്ടറായി ചാർട്ടേഡ് അക്കൗണ്ടന്റിനെ നിയമിക്കുന്നതാകും നല്ലത്.സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനം വളരെ പരിതാപകരമാണ്. സമയാസമയങ്ങളിൽ കണക്കുകൾ ഓഡിറ്റ് ചെയ്തു നൽകുവാനോ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനോ ഓഡിറ്റിങ്ങിൽ ശരിയായ രീതിയിൽ കിട്ടാക്കടം കാണിക്കാനോ ഇപ്പോഴത്തെ ഓഡിറ്റിംഗ് മൂലം സാധിക്കുന്നില്ല. ഇതിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. പുതിയ കാലഘട്ടത്തിലെ രീതിയും കണക്കുമനുസരിച്ച് സഹകരണ ഓഡിറ്റ് വിഭാഗം മാറേണ്ടതുണ്ട്. അക്കൗണ്ടിംഗ് രീതിയും ഓഡിറ്റിങ് ലെ കാലതാമസവും മാറേണ്ടതുണ്ട്.


ഇൻകം ടാക്സ് നിയമം അനുസരിച്ച് കാർഷിക വായ്പ കൊടുക്കുന്ന സഹകരണസംഘങ്ങൾക്ക് എങ്ങനെയെല്ലാം 80 P(4) സെക്ഷൻ പ്രകാരം ഇൻകം ടാക്സിൽ നിന്നും ഇളവ് ലഭിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ സഹകരണ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. നിയമമനുസരിച്ച് 20000 രൂപയിൽ കൂടുതൽ പണമായി ഡെപ്പോസിറ്റ് ചെയ്യാനോ പണമായി പിൻവലിക്കാനോ സഹകരണ സംഘങ്ങളിൽ നിന്ന് സാധിക്കുകയില്ല. എന്നാൽ ഇത്തരം നിയമങ്ങളൊന്നും തന്നെ ജീവനക്കാർക്ക് അറിയില്ല. ഇതെല്ലാം ഇൻകം ടാക്സ് പരിധിയിൽ പെടുമെന്നും വാര്യർ പറഞ്ഞു. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ കെ.ശശിധരനും ക്ലാസെടുത്തു. കോഴിക്കോട് ജില്ലയിലെ വിവിധ സംഘങ്ങളിൽ നിന്നുള്ള സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്ലാസിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News