കേരളത്തിന് ഈ വര്‍ഷം നബാര്‍ഡില്‍ നിന്ന് 13,425 കോടിയുടെ സാമ്പത്തിക സഹായം
2020-21 സാമ്പത്തിക വര്‍ഷം നേരിട്ടുള്ള വായ്പയും പുനര്‍ വായ്പയും വഴി 13,425 കോടി രൂപയുടെ സാമ്പത്തിക സഹായം നബാര്‍ഡ് കേരളത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇക്കൊല്ലം 26 ശതമാനം വളര്‍ച്ചനിരക്ക് രേഖപ്പെടുത്താന്‍ ഇതു സഹായിച്ചു.
കേരള സംസ്ഥാന സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക്, ഏതാനും വാണിജ്യ ബാങ്കുകള്‍ എന്നിവക്ക് 12,847 കോടി രൂപയാണു പുനര്‍വായ്പയായി നല്‍കിയത്. ദീര്‍ഘകാല കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് 9,252 കോടി രൂപയുടെ ഹ്രസ്വകാല വായ്പകള്‍ ഇതില്‍പ്പെടുന്നു. കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, എം.എസ്.എം.ഇ. മേഖല എന്നിവയ്ക്ക് കീഴിലുള്ള നിക്ഷേപ ക്രെഡിറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ദീര്‍ഘകാല വായ്പയും വിതരണം ചെയ്തു.
2020-21 ല്‍ നബാര്‍ഡ് കേരള സര്‍ക്കാരിന് 538 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിന് കീഴില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആറ് പൊതുജനാരോഗ്യ സ്ഥാപനങ്ങളും (74.15 കോടി രൂപ) മീന്‍പിടിത്ത തുറമുഖങ്ങളും (54.57 രൂപ) കോടി) ഇതില്‍പ്പെടുന്നു. ഈ കാലത്തു അനുവദിച്ച മറ്റ് പ്രധാന പദ്ധതികള്‍: മലപ്പുറത്ത് പാല്‍പ്പൊടി യൂണിറ്റ് സ്ഥാപിക്കല്‍ (വായ്പത്തുക 32.72 കോടി രൂപ), കൊല്ലത്തെ നൈല്‍ തിലാപ്പിയ ഹാച്ചറി (വായ്പത്തുക 11.60 കോടി രൂപ), കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലെ രണ്ട് കുടിവെള്ള പദ്ധതികള്‍ ( 60.81 കോടി രൂപ ).
വിവിധ വികസന ഫണ്ടുകള്‍ക്ക് കീഴിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായി ബാങ്ക്, എന്‍.ജി.ഒകള്‍, കുടുംബുംശ്രീ മിഷന്‍ എന്നിവയ്ക്ക് 30 കോടി രൂപ ഗ്രാന്റായി നബാര്‍ഡ് നല്‍കി.പാലക്കാട്, കാസര്‍കോട് , വയനാട് എന്നിവിടങ്ങളിലെ വാട്ടര്‍ഷെഡ് ഡെവലപ്മെന്റ് ഫണ്ടിന്റെ കീഴില്‍ 12 കോടി രൂപയും മൊബൈല്‍ വാനുകള്‍, മൈക്രോ എ.ടി.എമ്മുകള്‍ വാങ്ങുന്നതിനും ധനകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക സാക്ഷരതാ പരിപാടികള്‍ നടത്തുന്നതിനും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടിന്റെ (എഫ്.ഐ.എഫ്) കീഴില്‍ നാല് കോടി രൂപയും ഗ്രാന്റായി നല്‍കി. കൂടാതെ, ആദിവാസി വികസന ഫണ്ടിനു കീഴിലുള്ള ആദിവാസി വികസന പ്രവര്‍ത്തനങ്ങള്‍ക്കും എഫ്.ഐ.എഫിന് കീഴിലുള്ള സ്വാശ്രയ ഗ്രൂപ്പുകളുടെയും സംയുക്ത ബാധ്യതാ ഗ്രൂപ്പുകളുടെയും മൈക്രോ ക്രെഡിറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും മൂന്നു കോടി രൂപ നല്‍കി. കൈത്തറി എക്‌സിബിഷനുകള്‍ നടത്താനും കര്‍ഷക ഉല്‍പാദന സംഘടനകളുടെ പ്രോത്സാഹനത്തിനും സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും സഹായധനം നല്‍കി.