കേന്ദ്രത്തിന് സഹകരണ സംഘങ്ങള്‍ വിവരം നല്‍കണോ? ഉത്തരമില്ലാതെ സര്‍ക്കാര്‍

moonamvazhi

കേന്ദ്ര ഡേറ്റ സെന്ററിലേക്ക് സഹകരണ സംഘങ്ങള്‍ വിവരം നല്‍കണോയെന്ന കാര്യത്തില്‍ ഉത്തരം നല്‍കാതെ സഹകരണ വകുപ്പ്. കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ നിയമപരമായും ജനകീയ പ്രതിഷേധം ഉയര്‍ത്തിയും പോരാടുമെന്നാണ് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ സഹകാരികളുടെ യോഗത്തിലും നിയമസഭയിലും വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, കേന്ദ്ര സഹകരണ ഏജന്‍സികള്‍ ആവശ്യപ്പെട്ട വിവരം കൈമാറണോയെന്ന കാര്യത്തില്‍ സംഘങ്ങള്‍ക്ക് ഇതുവരെ സഹകരണ വകുപ്പ് ഉത്തരം നല്‍കിയിട്ടില്ല.

അടിയന്തരമായി വിവരം കൈമാറണമെന്ന് കാണിച്ച് മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്ക് നിലവില്‍ നാഫെഡാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. എന്തൊക്കെ വിവരങ്ങളാണ് ആവശ്യപ്പെട്ടതെന്ന കാര്യം സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ സംഘങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിവരം കൈമാറണോ എന്ന കാര്യത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍നിന്നും ഉത്തരം ലഭിച്ചിട്ടില്ല. മിക്ക സംഘങ്ങളും നാഫെഡ് നല്‍കിയ ഫോര്‍മാറ്റില്‍ വിവരം ക്രോഡീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല.

കേന്ദ്ര ഏജന്‍സികള്‍ വിവരം ചോദിച്ചതിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് സംഘം പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ യോഗം മന്ത്രി വിളിച്ചുചേര്‍ത്തത്. ഇതില്‍ എന്തെങ്കിലുംതീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കേന്ദ്രത്തിന്റെ നിര്‍ദ്ദേശം സംസ്ഥാനത്തെ ബാധിക്കുന്നതാണെന്നും ഇതിനെ നിയമപരമായി നേരിടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞതല്ലാതെ സംഘങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ വ്യക്തത നല്‍കിയില്ല.

ഡേറ്റ കൈമാറുന്നതിന്റെ അപകടം മന്ത്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംഘങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റായും, വ്യക്തി വിവരങ്ങള്‍അടക്കം കേന്ദ്രം സര്‍വറിലാണ് സൂക്ഷിക്കപ്പെടുക. ഈ വിവരങ്ങള്‍ വിവിധ ഏജന്‍സികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ അടക്കം ഇതിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭ്യമാക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തുന്നതിനുമായിട്ടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്ര നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഡാറ്റാ ബേസിലെവിവരങ്ങള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സംഘങ്ങളുടെമേല്‍ നേരിട്ട് നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനാണ് കേന്ദ്രം നീക്കം നടത്തുന്നത്- ഇതാണ് മന്ത്രി പറഞ്ഞത്. ഇത്രയും അപകടകരമായ സാഹര്യമുണ്ടെങ്കില്‍ സംഘങ്ങള്‍ വിവരം കൈമാറേണ്ടതില്ലെന്ന തീരുമാനം സഹകരണ വകുപ്പ് എടുക്കാത്തതെന്താണെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News