കേന്ദ്രത്തിന്റെ പരിഷ്‌കാരത്തില്‍ തിരിച്ചറിവ് വൈകുമ്പോള്‍
സഹകരണം സംസ്ഥാനവിഷയമാണെന്നു ഭരണഘടന നിഷ്‌കര്‍ഷിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും
ചെയ്തിട്ടും ദേശീയതല മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ആരംഭിച്ചു സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും അവയുടെ പ്രവര്‍ത്തനങ്ങളില്‍ നിയമപരമല്ലാത്ത നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താനുമാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു കേരളം ആരോപിക്കുന്നു. സംഘങ്ങള്‍ക്കുള്ള പൊതുനിയമാവലിയും കേന്ദ്ര ഡേറ്റാബേസിലേക്കുള്ള വിവരക്കൈമാറ്റവും
സംസ്ഥാനങ്ങളിലെ സംഘങ്ങളെ ദുര്‍ബലമാക്കുമെന്നും കേരളം വാദിക്കുന്നു. പക്ഷേ, ഇക്കാര്യങ്ങളൊക്കെ തിരിച്ചറിയാന്‍ സംസ്ഥാനസര്‍ക്കാര്‍ വൈകിയില്ലേ എന്നതാണു ചോദ്യം.
സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ കേരളത്തെ ദോഷമായി ബാധിക്കുമെന്നു സംസ്ഥാനസര്‍ക്കാര്‍ വിലയിരുത്തുന്നു. വൈകിയുണ്ടായ തിരിച്ചറിവാണിത്. കേന്ദ്രത്തിന്റെ ഓരോ പരിഷ്‌കാരത്തെക്കുറിച്ചും സംസ്ഥാനസര്‍ക്കാരിനോട് അഭിപ്രായം തേടിയിരുന്നു. ഇതിലൊന്നും ഗൗരവത്തോടെ പരിശോധനയുണ്ടായില്ലെന്ന കുറ്റസമ്മതംകൂടി ഈ തിരിച്ചറിവിലുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നത്, സഹകരണ സംഘങ്ങളുടെ രഹസ്യവിവരങ്ങളടക്കം കേന്ദ്ര ഡേറ്റസെന്ററിലേക്കു കൈമാറണമെന്ന നിര്‍ദേശം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് ഏകീകൃത ബൈലോ( നിയമാവലി ) നടപ്പാക്കല്‍ എന്നിവയെല്ലാം നേരത്തെ സംസ്ഥാനത്തെ അറിയിച്ചതാണ്. ഇതില്‍ ഒന്നില്‍പ്പോലും സംസ്ഥാനം വിയോജിപ്പ് അറിയിച്ചിട്ടില്ല. എന്നാല്‍, ഈ മൂന്നു പരിഷ്‌കാരങ്ങളും സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമാണെന്നും സംസ്ഥാനത്തെ സഹകരണമേഖലയെ ദോഷമായി ബാധിക്കുന്നതാണെന്നുമാണ് ഇപ്പോള്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത സഹകാരികളെ ബോധ്യപ്പെടുത്താന്‍ മന്ത്രി നേരിട്ട് അടിയന്തരയോഗം വിളിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ നിയമപരവും ജനകീയവുമായ പ്രതിരോധം തീര്‍ക്കുമെന്നാണു സര്‍ക്കാരിന്റെ പ്രഖ്യാപനം. സഹകാരികളുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു സ്ഥിതി വിലയിരുത്തിയതല്ലാതെ ഇതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായി ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടല്‍ സംസ്ഥാനത്തെ സഹകരണമേഖലയുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടി കേരളം നേരത്തെ സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഭരണഘടന നല്‍കുന്ന അധികാരത്തിന്റെ നിഷേധം എന്ന വാദമാണ് ഈ കേസില്‍ കേരളം ഉന്നയിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കുന്നത് എതിര്‍ത്തും വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയും റിസര്‍വ് ബാങ്ക് നല്‍കിയ പത്രപ്പരസ്യത്തെ മുന്‍നിര്‍ത്തിയാണു സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. കേരളം സുപ്രീംകോടതിയില്‍ ഉയര്‍ത്തിയ വാദം ദുര്‍ബലമാക്കാനുള്ള പരിഷ്‌കാരങ്ങളാണു പരോക്ഷരീതിയില്‍ കേരളത്തിന്റെ പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന പ്രത്യേകതയും ഇപ്പോഴുണ്ട്.
കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണു കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു രാജ്യത്താകെ ഏകീകൃത നിയമാവലി നടപ്പാക്കുന്നതിന്റെ ഭാഗമായി അവയ്ക്ക് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചുകഴിഞ്ഞു. അതില്‍ ബാങ്കിങ് പ്രവര്‍ത്തനം പാടില്ലെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. സംഘത്തിലെ അംഗങ്ങള്‍ക്കു പണമിടപാടുകള്‍ നടത്തുന്നതിനു കേരള ബാങ്കിന്റെ ബാങ്കിങ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കാമെന്നാണു കേന്ദ്ര നിയമാവലിയിലെ നിര്‍ദേശം. ഏകീകൃത ബൈലോ നടപ്പാക്കുന്നതിനു മുന്നോടിയായി കേരളത്തിനു കരട് ബില്ല് കേന്ദ്ര സഹകരണമന്ത്രാലയം കൈമാറിയിരുന്നു. അതില്‍ ഒരു വിയോജിപ്പും കേരളം അറിയിച്ചിരുന്നില്ല. സഹകരണം സംസ്ഥാനവിഷയമാണെന്നും അതില്‍ കേന്ദ്രീകൃതമായ ഒരു ബൈലോസംവിധാനം ഏര്‍പ്പെടുത്തുന്നതു ഗുണകരമാവില്ലെന്നുമുള്ള ഇപ്പോഴത്തെ നിലപാടും അന്നു സഹകരണ വകുപ്പ് സ്വീകരിച്ചില്ല. അതിനാല്‍, പൊതുബൈലോ വരുന്നതോടെ സുപ്രീംകോടതിയിലും കേന്ദ്രം സ്വീകരിക്കുന്ന നിലപാട് എല്ലാ കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കും പ്രവര്‍ത്തനത്തിന് ഒരു പൊതുമാര്‍ഗരേഖയുണ്ട് എന്നതാകും. അതില്‍, ബാങ്കിങ്പ്രവര്‍ത്തനം പാടില്ലാത്തതിനാല്‍ ബാങ്ക് എന്ന രീതിയില്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാവില്ലെന്ന വാദമായിരിക്കും കേന്ദ്രം ഉന്നയിക്കുക. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിര്‍ദേശം സ്വീകരിച്ചാണു പൊതുനിയമാവലി നടപ്പാക്കിയതെന്ന വാദവും കേന്ദ്രം ഉന്നയിക്കും. കരട്‌നിര്‍ദേശങ്ങളില്‍പ്പോലും വിയോജിപ്പ് അറിയിക്കാത്തതിനാല്‍ കേരളത്തിന്റെ വാദം ദുര്‍ബലമാകാനാണു സാധ്യത.
വൈകിയാണെങ്കിലും ഈ അപകടം കേരളം തിരിച്ചറിയുന്നുവെന്നാണു സഹകരണമന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കേരളത്തിനു കൈമാറിയ കരട്‌ബൈലോയില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നു നിശ്ചയിച്ചിരുന്നില്ല. അതിനാല്‍, സംഘങ്ങളിലെ അംഗങ്ങള്‍ക്കു സ്വതന്ത്രബാങ്കിങ് നിയന്ത്രിക്കുന്ന പരിഷ്‌കാരത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്കു നേരത്തെ അറിവുണ്ടായിരുന്നില്ലെന്ന വാദം കേരളത്തിന് ഉയര്‍ത്താനാകുമെന്നാണു വിലയിരുത്തുന്നത്. അതിന് എത്രത്തോളം ബലം കിട്ടുമെന്നു കോടതിയുടെ നിലപാടില്‍നിന്നേ വ്യക്തമാകൂ. അര്‍ബന്‍ ബാങ്കുകളിലടക്കം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ എതിര്‍ത്തു നിരവധി കേസുകള്‍ വിവിധ ഹൈക്കോടതികളിലായി നിലവിലുണ്ട്. ഇവയെല്ലാം ഒന്നിച്ചു പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ തീര്‍പ്പിനു ശേഷമായിരിക്കും കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുക. അതിനാല്‍, മദ്രാസ് ഹൈക്കോടതിയുടെ വിധിയും കേരളത്തിനു നിര്‍ണായകമാകും.
കേന്ദ്രപരിഷ്‌കാരം
എങ്ങനെയാകും?
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സഹകരണമേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ കേരളം എങ്ങനെയാണു വിലയിരുത്തുന്നതെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്: സംസ്ഥാന സഹകരണസ്ഥാപനങ്ങളെ നേരായ മാര്‍ഗത്തിലൂടെയല്ലാതെ നിയന്ത്രിക്കുന്ന സമീപനമാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ തയാറാക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ ചേരുന്നതിനു മുന്നോടിയായി സംഘങ്ങളുടെ രഹസ്യഡേറ്റ വ്യക്തിപരമായ വിവരങ്ങള്‍സഹിതം കേന്ദ്രസര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
* കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സഹകരണസ്ഥാപനങ്ങള്‍ക്ക് ഒരു ഏകീകൃത ബൈലോ നടപ്പാക്കുന്നതിന് ഒരു ബൈലോ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, സഹകരണനിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം മാത്രമേ ബൈലോ തയാറാക്കാന്‍ അധികാരമുള്ളൂ. അതിനാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിയമങ്ങള്‍ സഹകരണതത്വങ്ങള്‍ക്കു വിരുദ്ധമാണ്.
* രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍, ക്ഷീര സംഘങ്ങള്‍, മത്സ്യത്തൊഴിലാളി സംഘങ്ങള്‍ എന്നിവയുടെ അടിസ്ഥാനവിവരങ്ങള്‍ കേന്ദ്രം തയാറാക്കുന്ന ഡേറ്റബേസിലേക്കു നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര സഹകരണമന്ത്രാലയം നല്‍കിയിരുന്നു. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു ഡേറ്റ ബേസ് തയാറാക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും സംഘങ്ങളുടെ അടിസ്ഥാനവിവരങ്ങള്‍ ഈ ഡേറ്റബേസിലേക്കു നല്‍കുകയും ചെയ്തു.
* കേന്ദ്രസര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിനു ദേശീയതലത്തില്‍ മൂന്നു സംഘങ്ങള്‍ രൂപവത്കരിക്കുകയുണ്ടായി. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട് സൊസൈറ്റി, ദേശീയതല മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സീഡ് സൊസൈറ്റി, ജൈവ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ദേശീയതല സഹകരണസംഘം എന്നിവയാണു രൂപവത്കരിക്കാന്‍ തീരുമാനിച്ച സഹകരണസംഘങ്ങള്‍. ഇവയുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാണ്. ഇപ്രകാരം രൂപവത്കരിക്കുന്ന സംഘങ്ങളില്‍ സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങള്‍ അംഗത്വമെടുക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇപ്രകാരം സംസ്ഥാനസംഘങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ അംഗത്വമെടുക്കുന്നതിലൂടെ അത്തരം സംഘങ്ങളെ നിയന്ത്രണത്തിലാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
* സഹകരണം ഒരു സംസ്ഥാനവിഷയമാണെന്നു ഭരണഘടന നിഷ്‌കര്‍ഷിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലും ദേശീയതല മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങി സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും അവയുടെ പ്രവര്‍ത്തനങ്ങളില്‍ നിയമപരമല്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സമീപനങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പരിഷ്‌കാരങ്ങളുടെ നിയമസാധുത പഠനവിധേയമാക്കുന്നതു സര്‍ക്കാര്‍ പരിഗണിക്കും.
ഇനി നിയമ-
ജനകീയ പോരാട്ടം
സംസ്ഥാനം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാതിരുന്ന കേന്ദ്രനിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കാനുള്ള നടപടികളിലേക്കു കേന്ദ്രസര്‍ക്കാര്‍ കടന്നപ്പോഴാണ് അതിന്റെ ആഘാതം കേരളം മനസ്സിലാക്കുന്നത്. പുതിയ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ കേന്ദ്രം രൂപവത്കരിച്ചതു കേരളത്തിലെ സഹകരണമേഖലയെ ബാധിക്കുമോയെന്നു നിയമസഭയില്‍ ചോദ്യമുണ്ടായപ്പോള്‍, രേഖാമൂലമുള്ള അറിയിപ്പ് കേന്ദ്രത്തില്‍നിന്നു ലഭിക്കാത്തതിനാല്‍ അതേക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണു മന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, അത്തരമൊരു രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാതെത്തന്നെ കേന്ദ്രത്തിന്റെ പരിഷ്‌കാരങ്ങളുടെ ആഘാതം കേരളത്തിനും സര്‍ക്കാരിനും ബോധ്യപ്പെട്ടുതുടങ്ങിയെന്നാണു മന്ത്രിയുടെ പിന്നീടുള്ള പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹകരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ നിയമപരമായും ജനകീയപ്രതിഷേധങ്ങളുയര്‍ത്തിയും പോരാടുമെന്നാണു സഹകരണമന്ത്രി വാസവന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനു ശേഷമാണു സംസ്ഥാനത്തെ മുഴുവന്‍ സഹകരണസംഘം പ്രസിഡന്റുമാരുടെയും യോഗം ഓണ്‍ലൈനായി മന്ത്രി വിളിച്ചുചേര്‍ത്തത്. അതില്‍ സര്‍ക്കാരിന്റെ തീരുമാനം അറിയിക്കുകയും അതു സഹകാരികളുടെ പിന്തുണയോടെ നടപ്പാക്കുകയും ചെയ്യാനാണു തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്ന സഹകരണ ഡേറ്റസെന്ററിലേക്കു സഹകരണസംഘങ്ങളുടെ രഹസ്യവിവരമടക്കം കൈമാറണമെന്നു നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഇത്തരമൊരു വിവരശേഖരണം ഏതു രീതിയില്‍ വേണമെന്നു സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് കേരളം പ്രതികരിച്ചതുപോലുമില്ല. മാത്രവുമല്ല, ഇത്തരമൊരു വിവരശേഖരണം സഹകരണ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന നിലപാടും കേന്ദ്രത്തെ അറിയിച്ചില്ല. സംസ്ഥാനം നിശ്ശബ്ദത പാലിച്ച് അവഗണിച്ചപ്പോള്‍ കേന്ദ്രം വിവരശേഖരണത്തിനു മറ്റു വഴി തേടി. കേന്ദ്ര സഹകരണ അപക്‌സ് സ്ഥാപനങ്ങളിലൂടെ സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ വിവരം ശേഖരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് നാഫെഡ് എല്ലാ പ്രാഥമിക മാര്‍ക്കറ്റിങ്‌സംഘങ്ങള്‍ക്കും നോട്ടീസ് നല്‍കി. അടിയന്തരപ്രാധാന്യത്തോടെ നിശ്ചിത ഫോര്‍മാറ്റില്‍ കേന്ദ്ര ഡേറ്റ സെന്ററിലേക്കു വിവരം കൈമാറണമെന്നായിരുന്നു നിര്‍ദേശം. ഇതോടെയാണു കേന്ദ്രനീക്കത്തിന്റെ ആഴം സംസ്ഥാനസര്‍ക്കാര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്നാണു മന്ത്രി സഹകാരികളുടെ യോഗം വിളിച്ചത്. എന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ സംഘങ്ങള്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സഹകരണവകുപ്പ് ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍, സംഘങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.
സഹകരണമന്ത്രി
പറയുന്നത്
സഹകരണസംഘങ്ങളില്‍നിന്നു നേരിട്ട് കേന്ദ്ര സഹകരണഏജന്‍സികള്‍ വിവരം തേടുന്നതു സംസ്ഥാനസര്‍ക്കാരുമായോ സഹകരണമന്ത്രിയുമായോ ചര്‍ച്ചയോ അഭിപ്രായങ്ങളോ തേടാതെയാണെന്നു മന്ത്രി വി.എന്‍. വാസവന്‍ സഹകാരികളുടെ യോഗത്തില്‍ വിശദീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുന്നതിനും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സഹകരണമേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നതിനുമാണു കേന്ദ്രത്തിന്റെ നീക്കം. ഫെഡറല്‍ തത്വങ്ങളുടെയും ഭരണഘടനാവ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണിത്. മുമ്പ് ഇത്തരം നടപടികള്‍ ഉണ്ടായപ്പോള്‍ കോടതിയെ സമീപിക്കുകയും ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാരങ്ങളിലെ കടന്നുകയറ്റം ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെ നടപടികളെ നിയമപരമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെയും സഹകാരിസമൂഹം പ്രതിരോധിക്കും.
കേന്ദ്രവിഷയമായ ബാങ്കിങ്് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനു നിയമനിര്‍മാണം സാധ്യമാണ്. എന്നാല്‍, ഈ അധികാരമുപയോഗിച്ച് ബി.ആര്‍. ആക്ടില്‍ 2020 ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ സഹകരണസംഘങ്ങളുടെ ഭരണപരമായ വിഷയങ്ങളില്‍ കേന്ദ്രം നേരിട്ട് ഇടപെടുകയാണ്. അര്‍ബന്‍ ബാങ്ക് ഭരണസമിതിയുടെ ഘടന, കാലാവധി, അംഗത്വ യോഗ്യത, സി.ഇ.ഒ. നിയമനം, ഓഹരികള്‍ സംബന്ധിച്ച വ്യവസ്ഥ, ഭരണസമിതി പിരിച്ചുവിടുന്നതിനുള്ള അധികാരം തുടങ്ങിയവ ആര്‍.ബി.ഐ.യില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. സഹകരണനിയമപ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനു പകരം സി.എ. ഓഡിറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു. സഹകരണനിയമപ്രകാരവും സഹകരണതത്വങ്ങള്‍ പ്രകാരവും സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒരു അംഗത്തിന് ഒരു വോട്ട് എന്ന ജനാധിപത്യവ്യവസ്ഥയില്‍ ഊന്നിനിന്നുകൊണ്ടാണ്. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് സഹകരണ അര്‍ബന്‍ ബാങ്കുകളുടെ ഷെയറുകള്‍ ബാങ്ക് കമ്പനിവ്യവസ്ഥ പ്രകാരം പൊതുജനങ്ങള്‍ക്കു വില്‍ക്കുന്നതിനു ലിസ്റ്റ് ചെയ്യാനും ബി.ആര്‍. ആക്ട് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തു. ഇന്‍കംടാക്‌സിന്റെ 80 (പി), 194 ( എന്‍) തുടങ്ങിയ വ്യവസ്ഥകള്‍പ്രകാരം സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കു നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും പുതിയ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സഹകരണമന്ത്രാലയം രൂപവത്കരിക്കുകയും സഹകരണസംഘങ്ങളുടെ പൂര്‍ണമായ നിയന്ത്രണം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നതിനു നിരന്തരമായി നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. ഇപ്രകാരമുള്ള നടപടികളുടെ ഭാഗമായി ദേശീയതലത്തില്‍ മൂന്നു സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. ഈ സംഘങ്ങളില്‍ സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങള്‍ അംഗത്വമെടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സംഘങ്ങള്‍ മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങളില്‍ അംഗത്വം എടുക്കുന്നതിലൂടെ അത്തരം സംഘങ്ങളെ നിയന്ത്രണത്തിലാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ കേന്ദ്രതലത്തില്‍ തയാറാക്കിനല്‍കുമെന്നും സംസ്ഥാനങ്ങള്‍ ഇതുപയോഗിക്കണമെന്നുമാണു മറ്റൊരു നിര്‍ദേശം. സംഘങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ ഡേറ്റയും വ്യക്തിവിവരങ്ങളടക്കം കേന്ദ്രസര്‍വറിലാണു സൂക്ഷിക്കപ്പെടുക. ഈ വിവരങ്ങള്‍ വിവിധ ഏജന്‍സികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിവിവരങ്ങളടക്കം ഇതിലൂടെ കേന്ദ്രസര്‍ക്കാരിനു കിട്ടുന്നതിനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്തുന്നതിനുമാണു ലക്ഷ്യമിടുന്നത്. സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അത് അന്തിമഘട്ടത്തിലുമാണ്.
രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, ക്ഷീര സംഘങ്ങള്‍, മത്സ്യത്തൊഴിലാളി സംഘങ്ങള്‍ എന്നിവയുടെ അടിസ്ഥാനവിവരങ്ങള്‍ കേന്ദ്രം തയാറാക്കുന്ന ഡേറ്റാബേസിലേക്കു കൈമാറണമെന്ന നിര്‍ദേശം കേന്ദ്ര സഹകരണമന്ത്രാലയം നല്‍കിയിരുന്നു. രാജ്യത്തെ ഇത്തരം സംഘങ്ങളെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങള്‍ ശേഖരിക്കുന്നതു കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണെന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും സംഘങ്ങളുടെ അടിസ്ഥാനവിവരങ്ങള്‍ ഡേറ്റാബേസിലേക്കു നല്‍കുകയും ചെയ്തു. ആ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്ര നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഡോറ്റാബേസിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ സംഘങ്ങളുടെമേല്‍ നേരിട്ട് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനാണു കേന്ദ്രം നീക്കം നടത്തുന്നത്- മന്ത്രി വിശദീകരിച്ചു.
[mbzshare]