കേന്ദ്രം അറിയിച്ചില്ല; അതിനാല്‍ പുതിയ മള്‍ട്ടി സംഘങ്ങളുടെ ആഘാതം പഠിക്കാതെ കേരളം
കേന്ദ്രസര്‍ക്കാരിന്റെ സഹകരണ പരിഷ്‌കാരം കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പങ്കിടുമ്പോഴും അതേ കുറിച്ച് പഠിക്കാതെ സഹകരണ വകുപ്പ്. മൂന്ന് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയാമെങ്കിലും, കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് കിട്ടാത്തതിനാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന ആഘാതം പഠിച്ചിട്ടില്ലെന്നാണ് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ നല്‍കിയ മറുപടി.
ടി.പി.രാമകൃഷ്ണന്‍, യു.പ്രതിഭ, എം.നൗഷാദ്, കെ.വി.സുമേഷ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് മൂന്ന് അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് രേഖാമൂലമായ വിവരങ്ങളോ നിര്‍ദ്ദേശങ്ങളോ കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭ്യമായിട്ടില്ല. അതിനാല്‍, ഇത് സഹകരണ മേഖലയില്‍ സൃഷ്ടിക്കുന്ന ആഘാതം പഠനവിധേയമാക്കാന്‍ സാധിച്ചിട്ടില്ല- ഇതാണ് മന്ത്രിയുടെ ഉത്തരം.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുക എന്നത് കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ അധികാരമുള്ള ഒന്നാണ്. കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. ഇതിന് സംസ്ഥാനങ്ങളുടെ അനുമതി നേടുകയോ, അവരില്‍നിന്ന് അഭിപ്രായം സ്വീകരിക്കുകയോ വേണ്ടതില്ല. അതിനാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയുമില്ല. ഇതാണ് വസ്തുത. അതുകൊണ്ടുതന്നെ ആ സംഘങ്ങള്‍ ഒരു സംസ്ഥാനത്തിന്റെ സഹകരണ മേഖലയില്‍ മാറ്റമുണ്ടാക്കുമോയെന്നത് പരിശോധിക്കാന്‍ ഔദ്യോഗിക അറിയിപ്പ് കിട്ടേണ്ടതുമില്ല.
കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്ന മൂന്ന് സഹകരണസംഘങ്ങളെ കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും പരസ്യപ്പെടുത്തിയതാണ്. അതിന്റെ ബൈലോ പോലും പുറത്തുവന്നു. സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ഈ മള്‍ട്ടി സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ബൈലോ വ്യക്തമാക്കുന്നുണ്ട്. കാര്‍ഷികമേഖലയിലുള്ള കേന്ദ്രപദ്ധതികളുടെ സഹായം പോലും ഈ സംഘങ്ങളിലൂടെ ലഭ്യമാക്കുമെന്നാണ് പറയുന്നത്. ഇതെല്ലാം ഒരു സംസ്ഥാനത്തെ സഹകരണ മേഖലയില്‍ എന്തൊക്കെ മാറ്റമുണ്ടാക്കുമെന്നത് പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. അതിനാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന കാരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നത്.
[mbzshare]