കെ.വൈ.സി.യില്‍ കുരുക്കുമോ ആര്‍.ബി.ഐ ?

[mbzauthor]

പുതിയ നിയന്ത്രണക്കുരുക്കുമായി വരികയാണു റിസര്‍വ് ബാങ്ക്.
സഹകരണസംഘങ്ങളില്‍ ഇടപാടുകാരെ അറിയാനുള്ള കെ.വൈ.സി.
നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. ഇടപാടുകാരെ
അറിയാന്‍ മാത്രമല്ല, സാമ്പത്തികഇടപാടിന്റെ ശുദ്ധീകരണംകൂടി
റിസര്‍വ് ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സംഘങ്ങളിലെ ഓഡിറ്റിലും
മാറ്റം വേണമെന്നു ആര്‍.ബി.ഐ. വിലയിരുത്തുന്നു.

 

സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന നിലപാടില്‍ ഉറച്ച നടപടികളുമായി മുന്നോട്ടുപോകുകയാണു റിസര്‍വ് ബാങ്ക്. ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനെയും നാമമാത്ര അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനെയും പത്രപ്പരസ്യത്തിലൂടെത്തന്നെ റിസര്‍വ് ബാങ്ക് എതിര്‍ത്തിട്ടുണ്ട്. ഇതനുസരിച്ചുള്ള കടുത്ത നടപടികളിലേക്കൊന്നും ഇതുവരെ കടന്നിട്ടില്ലെന്നതാണ് ആശ്വാസം. എന്നാല്‍, ഔദ്യോഗികമായി ഈ നിലപാടുകള്‍ ആവര്‍ത്തിക്കുകയും തിരുത്തല്‍നടപടി വേണമെന്ന് ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം സഹകരണസംഘം രജിസ്ട്രാര്‍മാരുടെ യോഗം റിസര്‍വ് ബാങ്ക് വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ കേരളത്തോട് ആവശ്യപ്പെട്ട പ്രധാനകാര്യം സഹകരണസംഘങ്ങളില്‍ കെ.വൈ.സി. ( ഇടപാടുകാരെ അറിയല്‍ ) നിര്‍ബന്ധമാക്കണമെന്നാണ്. ഇതു സഹകരണ സംഘങ്ങളില്‍, പ്രത്യേകിച്ച് പ്രാഥമിക സഹകരണ ബാങ്കുകളില്‍, വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പുതിയ നിയന്ത്രണക്കുരുക്കാണ്.

കെ.വൈ.സി. എന്നതുകൊണ്ട് ഇടപാടുകാരുടെ വിവരങ്ങള്‍ സംഘങ്ങളിലുണ്ടാകണമെന്നു മാത്രമല്ല റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ എല്ലാ ഇടപാടുകാരുടെയും അടിസ്ഥാനവിവരങ്ങള്‍ കേരളത്തിലെ സഹകരണ സംഘങ്ങളിലുണ്ട്. 2013 ല്‍ത്തന്നെ എല്ലാ സഹകരണസംഘങ്ങളിലും കെ.വൈ.സി. നിര്‍ബന്ധമാക്കി സഹകരണ രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയതുമാണ്. എന്നാല്‍, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് ( കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം ) അനുസരിച്ചുള്ള സാമ്പത്തികഇടപാടിന്റെ ശുദ്ധീകരണമാണ് ആര്‍.ബി.ഐ. ലക്ഷ്യമിടുന്നത്. ഇതു നടപ്പാക്കുമ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലെ എല്ലാ ഇടപാടുവിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്കു പരിശോധിക്കാന്‍ കഴിയും. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടനുസരിച്ച് റിസര്‍വ് ബാങ്ക് ഒരു നിര്‍വഹണ ഏജന്‍സിയല്ല. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുമ്പോള്‍ അതു ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയാകും നടപടി സ്വീകരിക്കുക. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായിരിക്കും ഇതിലെ പ്രധാന നിര്‍വഹണ ഏജന്‍സികള്‍. ഇത്തരം ഏജന്‍സികളുടെ ഇടപെടല്‍ അത്ര ശുദ്ധമായി കേരളത്തിലെ സഹകാരികളും സര്‍ക്കാരും കാണുന്നില്ല. മാത്രവുമല്ല, നിരന്തരതര്‍ക്കവും വ്യവഹാരവും ഇത്തരം ഏജന്‍സികള്‍ക്കെതിരെ നടത്തുന്നതും സഹകരണ മേഖലയിലുള്ളവരാണ്. അതാണു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം നടപ്പാക്കുമ്പോള്‍ കേരളത്തിലെ സഹകരണ മേഖലയില്‍ ആശങ്കയുണ്ടാകുന്നതും.

സംഘങ്ങളുടെ
കെ.വൈ.സി.

കെ.വൈ.സി. എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച് 2013 ല്‍ സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിങ്‌നിയന്ത്രണത്തിന്റെ പരിധിയില്‍വരുന്ന സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നവിധത്തില്‍ കെ.വൈ.സി. മാനദണ്ഡങ്ങള്‍ ബാധകമാണ്. ഈ നിയമത്തിന്റെ പരിധിയില്‍ വരാത്തതും നിക്ഷേപം സ്വീകരിക്കുന്നതുമായ സഹകരണസംഘങ്ങള്‍, ബാങ്കുകള്‍ എന്നിവ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഈ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്. അവ ഇനി പറയുന്നു:

* സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുമ്പോള്‍ത്തന്നെ ചട്ടം 16 (എ) യില്‍ പരാമര്‍ശിക്കുന്ന വിധം ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ് നല്‍കേണ്ടതാണ്. ഈ തിരിച്ചറിയില്‍ കാര്‍ഡ് രജിസ്റ്ററില്‍ കാലനുസൃതമായി പുതുക്കണം.
* അംഗത്വ രജിസ്റ്റര്‍ കാലാനുസൃതമായ പുതുക്കലോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും അംഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ അക്കൗണ്ട് തുറക്കുമ്പോള്‍ മതിയായ തിരിച്ചറിയല്‍ ഉറപ്പുവരുത്തുന്നതിനും മേല്‍വിലാസം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണം.
* നിക്ഷേപകന്റെ തിരിച്ചറിയില്‍ ഉറപ്പുവരുത്തുന്നതിനായി സംഘത്തിന്റെതന്നെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഐ.ഡി. കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തൊഴിലുടമ നല്‍കുന്നതും സംഘത്തിനു ബോധ്യപ്പെടുന്നതുമായ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ സ്വീകരിക്കാവുന്നതാണ്.
* നിക്ഷേപകന്റെ മേല്‍വിലാസം ഉറപ്പുവരുത്തുന്നതിനായി സംഘത്തില്‍നിന്നു നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ടെലഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, മറ്റു ബാങ്കുകളുടെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, റേഷന്‍കാര്‍ഡ്, തൊഴിലുടമയില്‍നിന്നു ലഭിക്കുന്ന കത്തുകള്‍, മേല്‍വിലാസം സാക്ഷ്യപ്പെടുത്തിയ മറ്റു പൊതു അധികാരസ്ഥാപനങ്ങള്‍ നല്‍കുന്ന കത്തുകള്‍ എന്നിവ സ്വീകരിക്കാവുന്നതാണ്.
* ഇപ്രകാരം നിക്ഷേപകനെ സംബന്ധിച്ച രേഖകള്‍ വാങ്ങുന്നതിനൊപ്പം നിക്ഷേപകന്റെ തൊഴില്‍, വരുമാനം മുതലായ വിവരങ്ങള്‍ അടങ്ങിയ സ്റ്റേറ്റ്‌മെന്റ് വാങ്ങി സൂക്ഷിക്കേണ്ടതാണ്. കൂടാതെ, നിക്ഷേപകന്റെ ഫോട്ടോകൂടി നിക്ഷേപം സംബന്ധിച്ച രജിസ്റ്ററില്‍ പതിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ കാലാനുസൃതമായി പുതുക്കേണ്ടതുമാണ്.
* എല്ലാ സഹകരണ സംഘങ്ങളും നിക്ഷേപഇടപാടുകളില്‍ സംശയാസ്പദമായതു ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യയെ അറിയിക്കേണ്ടതാണ്. ഇപ്രകാരം സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത് അധികാരികളെ അറിയിക്കേണ്ട ചുമതല ചീഫ് എക്‌സിക്യുട്ടീവിനായിരിക്കും.
* സഹകരണസംഘങ്ങളിലെ നാമമാത്ര അംഗങ്ങള്‍ അടക്കമുള്ള എല്ലാ അംഗങ്ങളുടെയും അടിസ്ഥാനവിവരങ്ങള്‍ അംഗത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയും കാലാനുസൃതമായി പുതുക്കുകയും വേണം. ഇവര്‍ക്കു നിക്ഷേപ-വായ്പ ഇടപാടുകളൊന്നുമില്ലെങ്കിലും ഈ നടപടി സ്വീകരിക്കണം.
* ഈ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ സഹകരണസംഘങ്ങളും ബാങ്കുകളും പാലിക്കുന്നുണ്ടെന്ന് അവിടെ ഇസ്‌പെക്ഷന്‍ നടത്തുമ്പോഴും ഓഡിറ്റ് നിര്‍വഹിക്കുമ്പോഴും വകുപ്പുദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതാണ്
* ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ കെ.വൈ.സി. നിര്‍ദേശം കര്‍ശനമായും പാലിക്കേണ്ടതാണ്.

ആര്‍.ബി.ഐ.
നിര്‍ദേശിക്കുന്നത്

സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള ഒരു കെ.വൈ.സി. സംവിധാനമല്ല റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നത്. ഇപ്പോള്‍ സഹകരണ സംഘങ്ങളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത പ്രാഥമിക സഹകരണ ബാങ്കുകളിലും നടപ്പാക്കിയത് ഇടപാടുകാരുടെ അടിസ്ഥാനവിവരങ്ങളുടെ ശേഖരണവും ക്രോഡീകരണവും മാത്രമാണ് എന്നാണു റിസര്‍വ് ബാങ്ക് പറയുന്നത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റെ വകുപ്പ് 12 ല്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു പറയുന്നുണ്ട്. ഇതു സഹകരണസംഘങ്ങളിലും പ്രാഥമിക സഹകരണ ബാങ്കുകളിലും വേണമെന്നാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ തത്വങ്ങള്‍ അടിസ്ഥാനമാക്കിയാണു പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റെ വ്യവസ്ഥകള്‍. 41 തത്വങ്ങളാണു ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇന്ത്യയടക്കമുള്ള 169 രാജ്യങ്ങള്‍ ഈ തത്വങ്ങള്‍ പാലിക്കുമെന്ന് അംഗീകരിച്ചതാണ്. ഇതു ലംഘിക്കുന്നതിനനുസരിച്ച് വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ പട്ടികയില്‍ ആ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെ തരംതിരിക്കും. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുമായി മറ്റു രാജ്യങ്ങള്‍ക്ക് ഇടപാട് നടത്താനാവില്ല. ഇറാഖ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടവയാണ്.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടനുസരിച്ച് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതു കേന്ദ്ര ധനകാര്യമന്ത്രാലത്തിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യ എന്ന വിഭാഗമാണ്. ഇക്കാര്യം സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറിലും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സഹകരണസംഘങ്ങളും നിക്ഷേപ ഇടപാടുകളില്‍ സംശയാസ്പദമായതു ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യയെ അറിയിക്കേണ്ടതാണെന്നാണു രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത് അധികാരികളെ അറിയിക്കേണ്ട ചുമതല ചീഫ് എക്‌സിക്യുട്ടീവിനായിരിക്കും. ഇതു കേരളത്തിലെ സഹകരണസംഘങ്ങളും പ്രാഥമിക സഹകരണ ബാങ്കുകളും ചെയ്യുന്നില്ലെന്നാണു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. ഇതേ നിയമത്തിലെ രണ്ടാം വകുപ്പനുസരിച്ച് വിവരം അറിയിച്ചില്ലെങ്കിലും കുറ്റമാണ്. വിവരം കൈമാറാത്ത സംഘം ചീഫ് എക്‌സിക്യുട്ടീവിനെതിരെയും ആ സംഘത്തില്‍ ഓഡിറ്റ് നടത്തുന്ന വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാന്‍ കഴിയും. കേരളത്തിലെ സഹകരണസംഘങ്ങളില്‍ കെ.വൈ.സി. ഓഡിറ്റ് നടക്കുന്നില്ലെന്നാണു റിസര്‍വ് ബാങ്ക് ഉന്നയിച്ച പ്രധാന ആക്ഷേപം.

സംഘങ്ങള്‍
ചെയ്യേണ്ടത്

കള്ളപ്പണം തടയല്‍ നിയമപ്രകാരം കെ.വൈ.സി. ബാധകമാക്കുമ്പോള്‍ സഹകരണസംഘങ്ങളും പ്രാഥമിക സഹകരണ ബാങ്കുകളും എന്തൊക്കെ ചെയ്യണമെന്നതാണു പ്രധാനകാര്യം. പത്തു ലക്ഷത്തിനു മുകളില്‍ നടക്കുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സംഘത്തിന്റെയും ബാങ്കിന്റെയും ചീഫ് എക്‌സിക്യുട്ടീവ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറണം. ഒറ്റത്തവണയായി നടത്തുന്ന ഇടപാട് മാത്രമല്ല ഇതില്‍ പരിഗണിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഒരു ഇടപാടുകാരന്‍ മൊത്തം നടത്തിയ പണമിടപാട് പത്തു ലക്ഷത്തിനു മുകളിലാണെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. രണ്ടാമത്തെ കാര്യം സംശയകരമായ ഇടപാടുകളുടെ വിവരമാണ്. അതിനു പണത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ല. ഒരു ഇടപാടുകാരന്റെ സാമ്പത്തികസ്ഥിതിക്ക് ഉപരിയായി നടത്തുന്ന പണമിടപാടുകളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. അതായത്, സംഘത്തിലെ ഓരോ അംഗത്തിനും കൈകാര്യം ചെയ്യാവുന്ന പണത്തിന്റെ അളവ് സംബന്ധിച്ച് അവിടുത്തെ ജീവനക്കാര്‍ക്കു ബോധ്യമുണ്ടാകണം. വരുമാനത്തിനുപരിയായി നടക്കുന്ന ഇടപാടുകള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കണം. ഒരു സംഘത്തിലെ അംഗത്തിന്റെ വരുമാന സ്രോതസ്സുകൂടി മനസ്സിലാക്കുന്ന വിധത്തിലാകണം കെ.വൈ.സി. നടപ്പാക്കേണ്ടത് എന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. സംശയകരമായ ഇടപാടുകള്‍ ഏഴു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണു വ്യവസ്ഥ. അതു ചെയ്തില്ലെങ്കില്‍ സംഘം ചീഫ് എക്‌സിക്യുട്ടീവിനെതിരെ നിയമനടപടിയുണ്ടാകും.

ട്രസ്റ്റ്, സംഘടനകള്‍, ആരാധാനാലയങ്ങള്‍ എന്നിവയുടെ അക്കൗണ്ടുകളില്‍ വരുന്ന പണം സംബന്ധിച്ചുള്ളതാണു മറ്റൊന്ന്. ഈ അക്കൗണ്ടിലേക്ക് പത്തു ലക്ഷമോ അതിലധികമോ പണം നിക്ഷേപമായി ഏതെങ്കിലും അക്കൗണ്ടില്‍നിന്നു കൈമാറിയിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കണം. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളുടെ അക്കൗണ്ടുകളും ഇതില്‍പ്പെടും. ഇത്തരം അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷത്തിനു മുകളില്‍ പണം വന്നാലും കൊടുത്താലും അതു സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഭൂമിയോ വസ്തുക്കളോ കൈമാറ്റത്തിലൂടെ 50 ലക്ഷമോ അതില്‍ക്കൂടുതലോ പണം അക്കൗണ്ടിലേക്കു വരികയാണെങ്കില്‍ അതും അറിയിക്കാന്‍ ചീഫ് എക്‌സിക്യുട്ടീവിനു ബാധ്യതയുണ്ട്. ഇത്തരം ഇടപാടുകളില്‍ വിശദീകരണം നല്‍കേണ്ടിവരുന്ന ഘട്ടത്തിലാണു കെ.വൈ.സി. പ്രധാനമാകുന്നത്. ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിക്കുന്ന ഇത്തരം വിവരങ്ങള്‍ പരിശോധിച്ചാണ് അതില്‍ അന്വേഷണം വേണ്ടതുണ്ടോയെന്നു തീരുമാനിക്കുക. അന്വേഷണം ആവശ്യമാകുമ്പോള്‍ ഓരോ ഇടപാടിന്റെയും ഗൗരവവും പ്രാധാന്യവുമനുസരിച്ച് ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ. തുടങ്ങിയ ഏജന്‍സികള്‍ക്കു കൈമാറും. സംഘം ചീഫ് എക്‌സിക്യുട്ടീവ് വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയാല്‍ അതു ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

ഓഡിറ്റിലും
കരുതല്‍ വേണം

കേരളത്തിലെ സഹകരണസംഘങ്ങളുടെ ഓഡിറ്റിലും മാറ്റം വേണ്ടതുണ്ടെന്നാണ് ആര്‍.ബി.ഐ. വിലയിരുത്തുന്നത്. വകുപ്പുതല ഓഡിറ്റ് ഗൗരവമുള്ളതാകുന്നില്ലെന്ന പരാതിയാണ് ആര്‍.ബി.ഐ.യ്ക്കുള്ളത്. കേരളത്തിലെ സഹകരണസംഘങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ശേഖരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയമവിഭാഗത്തിനു കീഴിലുള്ള മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗമാണ് ഇതു ശേഖരിച്ചിട്ടുള്ളത്. നാല് ഉദ്യോഗസ്ഥര്‍ക്കാണു കേരളത്തില്‍നിന്നുള്ള വിവരം ശേഖരിക്കാന്‍ ചുമതലയുണ്ടായിരുന്നത്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിനു ലഭിച്ചിട്ടുണ്ട്. ഓഡിറ്റ് പരിശോധന കര്‍ശനമല്ലാത്തതിനാലാണു സംഘങ്ങളില്‍ തട്ടിപ്പുകളേറെയും നടക്കുന്നതെന്നാണു പ്രാഥമികമായി റിസര്‍വ് ബാങ്ക് വിലയിരുത്തിയത്. കേരളത്തിലെ സഹകരണമേഖലയിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തുന്നത്. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവിധത്തില്‍ പരിശോധനയും പണമിടപാടുകള്‍ നിയന്ത്രിക്കുന്ന വിധത്തില്‍ നിരീക്ഷണവും അതിനാല്‍ സഹകരണസംഘങ്ങളില്‍ വേണ്ടതുണ്ടെന്നാണ് ആര്‍.ബി.ഐ.യുടെ നിഗമനം. രാജ്യത്താകെയുള്ള സഹകരണസംഘങ്ങള്‍ക്കു പ്രത്യേക നിയന്ത്രണ സംവിധാനം കൊണ്ടുവരണമെന്നാണ് ഇതിനായി നിര്‍ദേശിക്കുന്നത്.

അര്‍ബന്‍ ബാങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച അംബ്രല്ല ഓര്‍ഗനൈസേഷന്റെ കീഴില്‍ വായ്പാ സഹകരണസംഘങ്ങളെയും കൊണ്ടുവരണമെന്ന നിര്‍ദേശമാണു പരിഗണനയിലുള്ളത്. ഇതിനൊപ്പം, ഇത്തരം സംഘങ്ങളില്‍ നബാര്‍ഡിന്റെ ഓഡിറ്റ് പരിശോധന കൊണ്ടുവരാനും ആലോചനയുണ്ട്. അംഗങ്ങളുമായി മാത്രം സാമ്പത്തിക ഇടപാട് നടത്തുന്ന സഹകരണസംഘത്തിന്റെ പ്രവര്‍ത്തനരീതി മാത്രമാണ് അംഗീകരിക്കാവുന്നതെന്നാണു റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇതില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതില്ല. എന്നാല്‍, ബാങ്കിങ് നിര്‍വചനത്തിന്റെ പരിധിയിലേക്കു സംഘങ്ങളുടെ പ്രവര്‍ത്തനം മാറുന്നതാണു പരിശോധിക്കേണ്ടത്. സംഘങ്ങളുടെ സാമ്പത്തിക ഇടപാടിനു റിസര്‍വ് ബാങ്ക് പരിധി നിശ്ചയിട്ടിട്ടുണ്ട്. ഓഹരിമൂലധനം, കരുതല്‍ധനം എന്നിവയെല്ലാം ഒരു ലക്ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ അത്തരം സംഘങ്ങള്‍ക്കു ക്രെഡിറ്റ് ബിസിനസ് നടത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണമെന്നാണു വ്യവസ്ഥ. ആ പരിധി മാറ്റണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ട്. പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കു വായ്പാവിതരണം അടക്കമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിനാണ് ഒരു ലക്ഷമെന്ന പരിധിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാകുന്നത്. ഇതിലാണു റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടിയത്. സഹകരണസംഘങ്ങളില്‍ക്കൂടി ഡിജിറ്റല്‍ ഇടപാടുകള്‍ നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്രസര്‍ക്കാര്‍ തേടുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷനു കീഴിലേക്കു വായ്പാ സംഘങ്ങളെയും കൊണ്ടുവന്നു നബാര്‍ഡ് ഓഡിറ്റ് നടപ്പാക്കാന്‍ ആലോചിക്കുന്നത്.

ഗ്രാമീണമേഖലയിലെ സഹകരണസംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന ഏജന്‍സിയായി നബാര്‍ഡിനെ മാറ്റണമെന്നാണു റിസര്‍വ് ബാങ്കിന്റെ നിലപാട്. ആര്‍.ബി.ഐ.യ്ക്കു നേരിട്ട് ഇത്തരം സംഘങ്ങളില്‍ പരിശോധന നടത്താനാവില്ല. തങ്ങളുടെ ഫണ്ട്‌വിനിയോഗം സംബന്ധിച്ചുള്ള പരിശോധന ഇപ്പോള്‍ സഹകരണസംഘങ്ങളില്‍ നബാര്‍ഡ് നടത്താറുണ്ട്. അതിനുപകരം, കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ ഓഡിറ്റ് നടത്താനുള്ള ചുമതലകൂടി നബാര്‍ഡിനുനല്‍കണമെന്നാണ് ആര്‍.ബി.ഐ.യുടെ അഭിപ്രായം. കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടു ലക്ഷം കാര്‍ഷികസംഘങ്ങളാണു പുതുതായി തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോ കാര്‍ഷിക വായ്പാസംഘവും മള്‍ട്ടി സര്‍വീസ് സെന്ററുകളായി പ്രവര്‍ത്തിക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതും നബാര്‍ഡിന്റെ ഇടപെടല്‍ ഇത്തരം സംഘങ്ങളില്‍ വേണമെന്ന നിര്‍ദേശത്തിനു ബലം നല്‍കുന്നതാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെല്ലാം കെ.വൈ.സി. നിര്‍ബന്ധമാക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുസരിച്ച് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ ഇത് ഏതു രീതിയില്‍ നടപ്പാക്കാനാണു റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത് എന്നാണ് ഇനി വ്യക്തമാകേണ്ടത്.

 

 

[mbzshare]

Leave a Reply

Your email address will not be published.