കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ : ഏഴ് സഹകരണ ബാങ്കുകള്‍ പിന്മാറി
കെ. എസ്. ആര്‍. ടി. സി. പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് പണം നല്‍കുന്നതില്‍ നിന്ന് ഏഴ് സഹകരണ ബാങ്കുകള്‍ പിന്മാറി. മലപ്പുറം ജില്ലയിലെ ആറ് ബാങ്കുകളും കോട്ടയം ജില്ലയിലെ ഒരു ബാങ്കുമാണ് പിന്മാറിയത്. ഇതോടെ 11 ബാങ്കുകളെ പുതുതായി കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പ് പരിഷ്‌കരിച്ച ഉത്തരവിറക്കി.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകള്‍ ഏറ്റെടുത്തുകൊണ്ട് 2018 ഫിബ്രവരിയിലാണ് സഹകരണ വകുപ്പ് തീരുമാനമെടുത്തത്. ഇതിനായി ഫിബ്രവരി 19ന് കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഉത്തരവിറക്കി. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കണ്‍സോര്‍ഷ്യത്തിന് പണം നല്‍കാം. ഇതിന് പത്തുശതമാവനം പലിശ നല്‍കുമെന്നാണ് വാഗ്ധാനം. ഓരോ ഘട്ടത്തിലും പെന്‍ഷന്‍ നല്‍കാന്‍ ആവശ്യമായ പണം നല്‍കുന്ന ബാങ്കുകളെ ഉള്‍പ്പെടുത്തി ഉത്തരവിറിക്കി. ഒമ്പത് ഉത്തരവുകള്‍ ഇങ്ങനെ ഇറങ്ങി. പത്താമത്തെ ഉത്തരവാണ് ഒക്ടോബര്‍ ഒന്നിനിറങ്ങിയത്. ഇതില്‍ ഉള്‍പ്പെട്ട ഏഴ് ബാങ്കുകളാണ് പണം നല്‍കാന്‍ വിസമ്മതം അറിയിച്ചത്.
2018 ഫിബ്രവരിമുതല്‍ ജുലായ് വരെയുള്ള പെന്‍ഷന്‍ വിതരണത്തിനുള്ള 88 കോടി രൂപ പിരിച്ചെടുക്കാനാണ് ഒക്ടോബര്‍ ഒന്നിനിറങ്ങിയ ഉത്തരവില്‍ പറയുന്നത്. മലപ്പുറം കോട്ടയം ജില്ലകളിലെ 50 ബാങ്കുകളില്‍ നിന്നാണ് ഈ പണം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ നിന്നാണ് ഏഴ് ബാങ്കുകള്‍ പിന്മാറിയത്.
22 ബാങ്കുകളാണ് മലപ്പുറത്ത് നിന്ന് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായത്. ഇതില്‍ ആറെണ്ണം പിന്മാറിയതോടെ ബാങ്കുകളുടെ പട്ടിക പുതുക്കി. 11 ബാങ്കുകളെയാണ് പുതുതായി മലപ്പുറത്തു നിന്ന് ഉള്‍പ്പെടുത്തിയത്. നേരത്തെ 22 ബാങ്കുകളില്‍ നിന്ന് 29 കോടി പിരിച്ചെടുക്കാനായിരുന്നു തീരുമാനം. ഈ തുകയാണ് ഇപ്പോള്‍ 27 ബാങ്കില്‍ നിന്നായി ശേഖരിക്കുന്നത്. കോട്ടയത്തെ 28 ബാങ്കില്‍ നിന്ന് 30കോടി രൂപയായിരുന്നു പിരിച്ചെടുക്കേണ്ടത്. ഒരു ബാങ്ക് പിന്മാറിയെങ്കിലും പുതുതായി ബാങ്കുകളെ ഉള്‍പ്പെടുത്തിയില്ല. നല്‍കേണ്ട വിഹിതത്തില്‍ മാറ്റം വരുത്തി 27 ബാങ്കില്‍നിന്ന് 30 കോടി വാങ്ങാനാണ് പരിഷ്‌കരിച്ചിറക്കിയ ഉത്തരവില്‍ പറയുന്നത്.