കെയർ ഹോം – രണ്ടാംഘട്ടം ഫ്ലാറ്റ് നിർമ്മാണം വൈകുന്നു.

adminmoonam

 

കെയർ ഹോം പദ്ധതിയിലെ രണ്ടാംഘട്ടമായ 2000 ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള തീരുമാനം നടപ്പാക്കാൻ കഴിയാതെ സഹകരണ വകുപ്പ് വിഷമിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാർ മാർഗ്ഗനിർദ്ദേശം ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണം. 2018ലെ പ്രളയത്തിന് ശേഷം സർക്കാർ അഭ്യർത്ഥനപ്രകാരം സഹകരണ വകുപ്പ് നടപ്പാക്കിയ കെയർ ഹോം പദ്ധതിക്ക് പൊതുജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. വീട് നഷ്ടപ്പെട്ടവർക്ക് സഹകരണസംഘങ്ങൾ നിർമിച്ചു നൽകുന്ന പദ്ധതിക്ക് 5 ലക്ഷം രൂപയാണ് ചെലവാക്കാൻ വകുപ്പ് പറയുന്നതെങ്കിലും പല സഹകരണസംഘങ്ങളും മികച്ച രീതിയിൽ നല്ല വീടുകളാണ് 10 ലക്ഷം രൂപ വരെ ചെലവാക്കി നൽകിയത്. ഇതിനകം സംസ്ഥാനത്ത് 1800 ലധികം വീടുകൾ നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. 2000 വീടുകളാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചതെങ്കിലും പിന്നീട് ഇത് 2150 ആയി ഉയർന്നു. നിർമാണ ഘട്ടത്തിൽ ഇരിക്കുന്ന 350 ഓളം വീടുകൾ ഉടൻ പൂർത്തീകരിച്ച് നൽകാനാവുമെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

 

കെയർ ഹോം പദ്ധതിയുടെ ആദ്യഘട്ടം വൻവിജയമായ സാഹചര്യത്തിലാണിത് കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ടം എന്നോണം 2000 പേർക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകാൻ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ ഓഗസ്റ്റിൽ നടക്കുമെന്നും സഹകരണമന്ത്രി പറഞ്ഞിരുന്നു.ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകാൻ അതാത് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ 2019 ലെ മിനി പ്രളയം പദ്ധതി മന്ദഗതിയിൽ ആക്കി. ഒപ്പം അടിക്കടിയുണ്ടാകുന്ന പ്രളയം, ഫ്ലാറ്റ് വേണോ അതോ വീട് തന്നെ മതിയോ എന്ന ചിന്തയ്ക്കും ഇടയാക്കി. ഇത് പദ്ധതിയുടെ തുടർന്നുള്ള പ്രവർത്തനം മന്ദഗതിയിൽ ആക്കാൻ ഒരു കാരണമായി. എന്നാൽ കെയർ ഹോം പദ്ധതി യുടെ സർക്കാർ മാർഗനിർദേശങ്ങളിൽ ഫ്ലാറ്റ് പണിയാൻ ആവശ്യമായ അനുമതികളും മാർഗ്ഗനിർദ്ദേശങ്ങളും ഇല്ല എന്നതിനാൽ ഇതിനാവശ്യമായ മാർഗ്ഗനിർദ്ദേശം സർക്കാരിൽനിന്ന് ലഭിക്കാൻ കാത്തിരിക്കുകയാണ് വകുപ്പ്. അതിനുശേഷമേ പദ്ധതി നടപ്പാക്കാൻ ആകൂ. കെയർ ഹോം രണ്ടാംഘട്ട ഫ്ലാറ്റ് നിർമ്മാണ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടില്ലെന്നു സഹകരണവകുപ്പ് പറയുന്നു.

ജില്ലാ കളക്ടർമാർ കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രാഥമിക പരിശോധനയും നടത്തിയിട്ടുണ്ട്. ഫ്ലാറ്റ് നിർമ്മാണം പ്രാഥമിക സഹകരണസംഘങ്ങൾക്ക് സാധിക്കില്ല എന്നതിനാൽ ബിൽഡർമാരുടെ സംഘടനയായ ക്രെഡായുടെ സഹായവും പരിഗണനയിലാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റി തുടങ്ങി സഹകരണ സംഘങ്ങളുടെ സഹായത്തിന് പുറമെ മറ്റു പലരെയും പരിഗണിക്കുന്നുണ്ട്. കേരളത്തിലെ പാരിസ്ഥിതിക – കാലാവസ്ഥ സാഹചര്യങ്ങളും കൂടി പരിഗണിച്ച് മാത്രമേ പദ്ധതി സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കുകയുള്ളൂ എന്നാണ് മനസ്സിലാകുന്നത്.

Leave a Reply

Your email address will not be published.