കെയർ ഹോം പദ്ധതി രണ്ടാംഘട്ടം – സംഘങ്ങൾ ഒരുവർഷത്തെ ലാഭവിഹിതം മാറ്റിവെക്കണമെന്ന് മന്ത്രി.
സഹകരണ നിക്ഷേപങ്ങളുടെ ഗ്യാരണ്ടി ഒന്നര ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയാക്കി ഉയർത്തിയതായി സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് താങ്ങായി നിലകൊണ്ട കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി സഹകരണ സംഘങ്ങൾ ഒരു വർഷത്തെ ലാഭവിഹിതം മാറ്റിവെക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ ഇതിനകംതന്നെ 2000 വീടുകൾ നിർമിച്ചു നൽകി. രണ്ടാംഘട്ടത്തിൽ 2000 ഫ്ളാറ്റുകളാണ് നിർമിച്ചു നൽകുന്നത്. ആദ്യഘട്ടത്തിൽ വലിയ പിന്തുണയും സഹായവും ആണ് സഹകരണസംഘങ്ങൾ നൽകിയത്. ഇത് രാജ്യത്തിനാകെമാനം മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഈ സഹകരണം രണ്ടാം ഘട്ടത്തിലും മന്ത്രി ആവശ്യപ്പെട്ടു. കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിന്റെ കോഴിക്കോട് ,മലപ്പുറം,വയനാട് ജില്ലകളിലെ നിക്ഷേപ ഗ്യാരണ്ടി പത്രം വിതരണോൽഘാടനം കോഴിക്കോട് നിർവഹിക്കുകയായിരുന്നു മന്ത്രി.
ഗ്യാരണ്ടി ഫണ്ട് ബോർഡ് നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. നോട്ട് നിരോധനം വന്നപ്പോഴും സംസ്ഥാനം അതിൽ പിടിച്ചു നിന്നു. ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗങ്ങൾ ആകാത്ത സഹകരണസംഘങ്ങൾ നിർബന്ധമായും മെമ്പർഷിപ്പ് എടുത്ത് ഇടപാടുകാരുടെ പണത്തിന് ഗ്യാരണ്ടി ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.ബോർഡ് വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. pacs അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് പി.അബ്ദുൽ ഹമീദ് എം. എൽ.എ. മുഖ്യാതിഥിയായിരുന്നു. നിക്ഷേപ ഗ്യാരണ്ടി പത്രവിതരണം സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ. ജയശ്രീ ഐ.എ.എസ് നിർവഹിച്ചു.
അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.രമേശ് ബാബു, അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ, ബോർഡ് മെമ്പർമാരായ കെ. രാമകൃഷ്ണൻ, കുടത്തംകണ്ടി സുരേഷ്, സുജല കെ.പി, ബോർഡ് സെക്രട്ടറി എം.റഫീക്ക ബീവി എന്നിവർ സംസാരിച്ചു.