കെയര്‍ പ്ലസ് ചികിത്സാസഹായ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

adminmoonam

കേരള പോലീസ് ഹൗസിങ് സഹകരണസംഘം അതിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആരംഭിക്കുന്ന കെയര്‍ പ്ലസ് എന്ന ചികിത്സാസഹായ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയെയും ആശ്രയിക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും വര്‍ഷംതോറും മൂന്നു ലക്ഷം രൂപയുടെ ചികിത്സാസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാവും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരമുഖങ്ങളിലും മറ്റും ഈ കോവിഡ് കാലത്ത് കാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കാതെ പണിയെടുക്കേണ്ടി വരുന്നവരാണ് പോലീസുകാർ. മഴയും വെയിലും നോക്കാതെ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കു കൃത്യസമയത്ത് ചികിത്സ സ്വീകരിക്കാന്‍ പോലും ജോലിയുടെ സ്വഭാവം കാരണം പലര്‍ക്കും സാധിക്കാറില്ല. അതിനാൽ കര്‍മ്മനിരതരായ സേനാംഗങ്ങള്‍ തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. സംഘാംഗങ്ങള്‍ക്കായി 2009ല്‍ ആരംഭിച്ച കെയര്‍ എന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സഹകരണ സംഘം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News