കൃഷിക്കൊപ്പം കളമശ്ശേരി സാധ്യമാക്കിയത് മണ്ഡലത്തിലെ കാര്‍ഷിക മുന്നേറ്റം: മന്ത്രി. പി. രാജീവ്
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കളമശ്ശേരി മണ്ഡലത്തില്‍ വലിയ കാര്‍ഷിക മുന്നേറ്റം സാധ്യമായതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കൃഷിക്കൊപ്പം കളമശ്ശേരി കാര്‍ഷികോത്സവത്തിന്റെ ഭാഗമായുള്ള വിളവെടുപ്പ് കുന്നുകര ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.
കൃഷിക്കൊപ്പം കളമശ്ശേരിയിലൂടെ 17 സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ആറ് തദ്ദേശ സ്വയംഭരണ സമിതികളെ ഏകോപിപ്പിച്ച് 159 സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് മണ്ഡലത്തില്‍ നല്ല രീതിയില്‍ കൃഷി ചെയ്തിട്ടുണ്ട്. കാര്‍ഷികോത്സവത്തില്‍ വിപണനത്തിന് ആവശ്യമായ പച്ചക്കറി, പൂക്കള്‍, മത്സ്യം എന്നിവയുടെ വിളവെടുപ്പിന് ഇവിടെ തുടക്കമാവുകയാണ്.ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തുകളിലും ഏലൂര്‍, കളമശ്ശേരി നഗരസഭകളിലും വിളവെടുപ്പ് നടക്കും. ഓഗസ്റ്റ് 20 മുതല്‍ 27 വരെ കളമശ്ശേരിയില്‍ നടക്കുന്ന കാര്‍ഷികോത്സവത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കുന്നുകര തെക്കേ അടുവാശ്ശേരി സുഗതന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് മഹോത്സവത്തിന് തുടക്കമായത്. മന്ത്രിയുടെ നേതൃത്വത്തില്‍ വിളവെടുപ്പ് ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കടമ്പന്‍ മൂത്താനും സംഘവും വിളവെടുപ്പ് ഘോഷയാത്രയില്‍ അണിചേര്‍ന്നു. പീച്ചിങ്ങ, പാവക്ക, വഴുതന, എന്നിവയാണ് കുന്നുകരയില്‍ നിന്നും വിളവെടുത്തത്. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. കെ കാസിം, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബി പുതുശ്ശേരി, കൃഷിക്കൊപ്പം കളമശ്ശേരി കോ-ഓഡിനേറ്റര്‍ എം. പി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
[mbzshare]