‘കുടുംബത്തിന് ഒരു കരുതല്‍ധനം” പദ്ധതി
കേരള സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ”കുടുംബത്തിന് ഒരു കരുതല്‍ധനം” പദ്ധതിയുടെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. പദ്ധതിയിലെ ആദ്യ നിക്ഷേപം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വീകരിച്ചു. മലമ്പുഴ എം.എല്‍.എ എ. പ്രഭാകരന്‍, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രകൃതിദുരന്തങ്ങളുടേയും, മഹാമാരികളുടേയും അടിയന്തിര സാഹചര്യങ്ങളില്‍ വരുമാനം നിലച്ചുപോകുന്ന കുടുംബങ്ങള്‍ക്ക് ഇത്തരം അടിയന്തിര സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഒരു പ്രത്യേക നിക്ഷേപം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലൂടെ സ്വരൂപിച്ചെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഓരോ കുടുംബത്തിന്റേയും, സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തിന് അനുസരിച്ച് ആ കുടുംബം തന്നെ നിശ്ചയിക്കുന്ന ഒരു കരുതല്‍ ധനം പ്രത്യേക നിക്ഷേപ പദ്ധതിയായി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി.