കുടുംബങ്ങളുടെ അത്താണിയായി കുടുംബശ്രീ ഹോംഷോപ്പ്

moonamvazhi

കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് പദ്ധതി അഥവാ ഹോംഷോപ്പ് പദ്ധതിക്കു
കൊയിലാണ്ടിയില്‍ തുടക്കം കുറിച്ചിട്ടു രണ്ടു വര്‍ഷമേ ആയിട്ടുള്ളു.
കുടുംബശ്രീ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കു സ്ഥിരം വിപണിയുണ്ടാക്കാന്‍
ലക്ഷ്യമിട്ടു തുടങ്ങിയ ഈ പദ്ധതി പല ജില്ലകളിലേക്കും
വ്യാപിച്ചുകഴിഞ്ഞു.

29 ഹോംഷോപ്പ് ഓണര്‍മാരും നാല് ഉല്‍പ്പാദന യൂണിറ്റുകളിലായി ഒമ്പത് ഉല്‍പ്പന്നങ്ങളുമായാണു കോഴിക്കോട് ജില്ലയില്‍ ഹോംഷോപ്പ് പദ്ധതി തുടങ്ങിയത്. ഇന്നു ജില്ലയില്‍ 1086 ഹോംഷോപ്പ് ഓണര്‍മാര്‍, 47 ഉല്‍പ്പാദന യൂണിറ്റുകളിലായി 90 ഉല്‍പ്പന്നങ്ങള്‍, 12 മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, രണ്ട് കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍മാര്‍, അഞ്ച് ഓഫീസ് സ്റ്റാഫുകള്‍.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ തുടക്കമിട്ട കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വളരുകയാണ്. വലിയ പ്രതീക്ഷയോടെ തുടങ്ങുകയും എന്നാല്‍ തങ്ങളുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്താനാവാതെ ക്ഷയിച്ച് ഇല്ലാതാവുകയും ചെയ്യുന്ന കുടുംബശ്രീ ഉല്‍പ്പാദന യൂനിറ്റുകള്‍ക്കു സ്ഥിരം വിപണി സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദന മേഖലയിലെന്നപോലെ വിപണന രംഗത്തും സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിനുമായി കണ്ടെത്തിയ പദ്ധതിയാണു കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് പദ്ധതി അഥവാ ഹോംഷോപ്പ് പദ്ധതി. 2010 ജൂലായ് 29 നു കൊയിലാണ്ടിയില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ കുറ്റ്യാടി എം.എല്‍.എ.യുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിയാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതി ഇപ്പോള്‍ കണ്ണൂര്‍, മലപ്പുറം, കോട്ടയം തുടങ്ങി മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്. അഞ്ച് പേര്‍ ഉള്‍പ്പെട്ട ഒരു മാനേജ്മെന്റ് ടീമാണു വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

ശ്രമകരമായ
ദൗത്യം

വിവിധയിടങ്ങളില്‍ ഹോംഷോപ്പ് പദ്ധതി നടപ്പാക്കുകയെന്നതു ശ്രമകരമായ ദൗത്യമാണ്. ഗ്രാമപ്പഞ്ചായത്തുകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതോ പ്രവര്‍ത്തനം നിലച്ചുപോയതോ ആയ കുടുംബശ്രീ യുണിറ്റുകളെ കണ്ടെത്തുകയെന്നതാണ് ഒന്നാമത്തെ ശ്രമം. രണ്ടും ഇല്ലെങ്കില്‍ പുതുതായി ഒരു യൂണിറ്റ് രൂപവല്‍ക്കരിക്കും. ഈ യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ നിര്‍മാണ പരിശീലനം നല്‍കുകയെന്നതാണ് അടുത്ത ഘട്ടം. ഉല്‍പ്പന്നങ്ങള്‍ക്കു മികച്ച ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിര്‍മാണ പരിശീലനം മാനേജ്മെന്റ് ടീമിന്റെ മേല്‍നോട്ടത്തിലാണു നടത്തുന്നത്. പൊതുവിപണിയില്‍ ലഭിക്കുന്ന ഏതൊരു ഉല്‍പ്പന്നത്തെയുംപോലെ മികച്ച പാക്കിങ്ങിലാണ് ഓരോ ഉല്‍പ്പന്നവും പുറത്തിറക്കുക.

ഉല്‍പ്പന്നം വില്‍പ്പനയ്ക്കു പാകമാകുന്നതുവരെയുള്ള എല്ലാവിധ പിന്തുണ സംവിധാനങ്ങളും മാനേജ്മെന്റ് ടീം ഉറപ്പുവരുത്തും. സമാന്തരമായി നടത്തുന്ന മറ്റൊരു പ്രവര്‍ത്തനം ഹോംഷോപ്പ് ഓണര്‍മാരെ സജ്ജമാക്കുകയെന്നതാണ്. ഹോംഷോപ്പ് ഓണര്‍മാരെ കണ്ടെത്താന്‍ ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്സുകള്‍ വഴി ഓരോ അയല്‍ക്കൂട്ടത്തിലും അപേക്ഷാഫോറങ്ങള്‍ എത്തിച്ച് കുടുംബശ്രീ അംഗങ്ങളായ വനിതകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കും. ഈ അപേക്ഷകളില്‍ നിന്നു ജില്ലാ മിഷന്‍ പ്രതിനിധി, സി.ഡി.എസ്. പ്രതിനിധി, മാനേജ്മെന്റ് ടീം പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായ ഇന്റര്‍വ്യൂ ബോര്‍ഡ് കൂടിക്കാഴ്ച നടത്തി ഒരു വാര്‍ഡില്‍ ഒരു ഹോംഷോപ്പ് ഓണര്‍ എന്ന കണക്കിനു തിരഞ്ഞെടുക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര ദിവസത്തെ ഓറിയന്റേഷന്‍ ക്ലാസും തുടര്‍ന്ന് ആറു ദിവസത്തെ വിദഗ്ധ പരിശീലനവും നല്‍കും. മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ഡയറക്ട് മാര്‍ക്കറ്റിംഗ്, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങള്‍ക്കാണു പരിശീലനങ്ങളില്‍ ഊന്നല്‍ നല്‍കുന്നത്.

പരിശീലനം പൂര്‍ത്തിയായാല്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനുളള ബാഗ്, തിരിച്ചറിയല്‍ കാര്‍ഡ്, യൂണിഫോം തുടങ്ങിയവ നല്‍കി ഹോംഷോപ്പുകള്‍ പ്രവര്‍ത്തനസജ്ജമാക്കും. ഉല്‍പ്പാദന യൂണിറ്റുകള്‍ നിര്‍മിക്കുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും മാനേജ്മെന്റ് ടീമിന്റെ വാഹനങ്ങളില്‍ അവ ആവശ്യപ്പെടുന്നതിനനുസരിച്ച് ഹോംഷോപ്പുകളില്‍ എത്തിച്ചുകൊടുക്കും. മാസത്തിലൊരു തവണയാണ് ഉല്‍പ്പന്ന വിതരണം. മാസത്തില്‍ രണ്ടു തവണയാണു വില്‍പ്പനസംഖ്യ ഓരോ ഹോംഷോപ്പ് ഉടമയും മാനേജ്മെന്റ് ടീമിനെ ഏല്‍പ്പിക്കുന്നത്. ഹോംഷോപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കോ- ഓര്‍ഡിനേറ്റര്‍ പഞ്ചായത്തുകേന്ദ്രങ്ങളില്‍ ചെന്നു കളക്ഷന്‍ സ്വീകരിക്കും. ഇതിനു പുറമേ പ്രവര്‍ത്തന രംഗത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് ഹോംഷോപ്പ് ഓണര്‍മാര്‍ക്കു നിരന്തര പ്രചോദനം നല്‍കുകയും ചെയ്യുന്നതു മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍മാരാണ്.

അവലോകന
യോഗങ്ങള്‍

എല്ലാ മാസവും നടക്കുന്ന റിവ്യൂ മീറ്റിങ്ങുകള്‍ ഈ സംവിധാനത്തിന്റെ സവിശേഷതയാണ്. കാലത്തു മുതല്‍ ഉച്ചവരെയാണ് ഓരോ മീറ്റിങ്ങും നടക്കുക. ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും ഒപ്പം ശമ്പള വിതരണവും റിവ്യൂ മീറ്റിങ്ങുകളിലാണു നടക്കുക. സ്നേഹവും സൗഹൃദവും പങ്കിടുന്ന വേദികള്‍ കൂടിയാണു ഈ അവലോകന യോഗങ്ങള്‍. മോട്ടിവേഷന്‍ ക്ലാസുകളും ഉല്‍പ്പാദകരുമായി മുഖാമുഖങ്ങളും റിവ്യൂ മീറ്റിങ്ങുകളില്‍ നടക്കാറുണ്ട്. നിലവില്‍ 12 മേഖലകളിലാണു റിവ്യൂ മീറ്റിങ്ങുകള്‍ നടന്നുവരുന്നത്. പ്രതിമാസം 2500 രൂപ മുതല്‍ 20,000 രൂപ വരെ വരുമാനം നേടുന്നവരുണ്ട്.

ക്ഷേമ
പദ്ധതികള്‍

നിരവധി ക്ഷേമ, സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഈ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്‍ഷൂറന്‍സ് പദ്ധതി: പദ്ധതിയില്‍ അംഗമാവുന്ന എല്ലാ ഹോംഷോപ്പ് ഓണര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്നു. എല്‍.ഐ.സി യുമായി സഹകരിച്ചാണ് ഇതു നടപ്പാക്കുന്നത്. ശ്രീനിധി സുരക്ഷാ പദ്ധതി: ഹോംഷോപ്പ് ഓണര്‍മാരുടെ പ്രതിമാസ വില്‍പ്പനയുടെ നിശ്ചിത ശതമാനം തുക എല്ലാ മാസവും അവരവരുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച് പാസ്ബുക്കില്‍ ചേര്‍ത്തുനല്‍കുന്നു. പിരിഞ്ഞുപോകുമ്പോഴാണ് ഈ തുക ഓരോരുത്തര്‍ക്കും ലഭിക്കുക. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇടക്കാല വായ്പകള്‍ എടുക്കാവുന്നതാണ്. സ്നേഹനിധി ചികിത്സാസഹായ പദ്ധതി: അസുഖം കാരണം ഒരു ദിവസത്തില്‍ക്കൂടുതല്‍ വിശ്രമിക്കേണ്ടിവന്നാല്‍ 1000 രൂപ മുതല്‍ 10,000 രൂപവരെ ഹോംഷോപ്പ് ഓണര്‍മാര്‍ക്കു ധനസഹായം നല്‍കുന്ന പദ്ധതിയാണ്. ഒരപേക്ഷയും സ്വീകരിക്കാതെതന്നെ ഏതെങ്കിലും ഒരു ഹോംഷോപ്പ് ഓണറുടെ ശുപാര്‍ശയില്‍ മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ രോഗിയുടെ വീട് സന്ദര്‍ശിച്ച് ധനസഹായം നേരിട്ടുതന്നെ നല്‍കുകയാണു ചെയ്യുന്നത്. സ്‌കോളര്‍ഷിപ്പ്: ഹോംഷോപ്പ് ഓണര്‍മാരുടെ ഒമ്പതു മുതല്‍ പന്ത്രണ്ടുവരെ ക്ലാസില്‍ പഠിക്കുന്ന മക്കള്‍ക്കു വേണ്ടിയുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണിത്. പ്രതിവര്‍ഷം 1200 രൂപ സ്‌കോളര്‍ഷിപ്പായി നല്‍കുന്നു. ഗൃഹോപകരണ സമ്മാനപദ്ധതി: മികച്ച രീതിയില്‍ വിപണനം നടത്തുന്ന ആദ്യത്തെ മൂന്നു പേര്‍ക്ക് ഓരോ റിവ്യൂ മീറ്റിങ്ങിലും എല്ലാ മാസവും ഗൃഹോപകരണങ്ങള്‍ സമ്മാനമായി നല്‍കുന്നു. ബാഗ്, ഐ.ഡി. കാര്‍ഡ്, യൂണിഫോം: പരിശീനം പൂര്‍ത്തിയാക്കിയ ഹോംഷോപ്പ് ഓണര്‍മാര്‍ക്ക് ബാഗ്, ഐ.ഡി. കാര്‍ഡ്, യൂണിഫോം തുടങ്ങിയവ സൗജന്യമായി നല്‍കുന്നു. വര്‍ഷംതോറും നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ ഓണക്കോടിയും മറ്റു സമ്മാനങ്ങളും നല്‍കുന്നു. 25,000 രൂപയില്‍ക്കൂടുതല്‍ എല്ലാ മാസവും കച്ചവടം ചെയ്യുന്ന മുഴുവന്‍ ഹോംഷോപ്പ് ഓണര്‍മാര്‍ക്കും മൂന്നു മാസം കൂടുമ്പോള്‍ ഓരോ ചാക്ക് അരി വീടുകളില്‍ എത്തിച്ചു നല്‍കും.

നോര്‍വേ ഓസ്ലോ സര്‍വകലാശാലാ പ്രതിനിധികള്‍, ന്യൂയോര്‍ക്കിലെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, പാറ്റ്നയിലെ ഡെവലപ്മെന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഡി.എം.ഐ) ഉദ്യോഗസ്ഥര്‍, മധ്യപ്രദേശ് ഭാരത് ഗ്യാന്‍ വിജ്ഞാന്‍ സമിതി പ്രവര്‍ത്തകര്‍, ഗൂഡല്ലൂര്‍ ജസ്റ്റ് ചെയ്ഞ്ച് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പഠന സംഘങ്ങള്‍ ഹോംഷോപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയിരുന്നു.

മലപ്പുറം ജില്ലയില്‍ 886 ഹോംഷോപ്പ് ഓണര്‍മാര്‍ ഇപ്പോഴുണ്ട്. 27 ഉല്‍പ്പാദന യൂനിറ്റുകളാണ് അവിടെയുളളത്. 2022 ലെ കണക്കു പ്രകാരം ഓരോ മാസവും 31 ലക്ഷം രൂപ വരെ കച്ചവടം മലപ്പുറത്തു നടക്കുന്നതായാണു വിവരം. കോഴിക്കോട് ജില്ലയില്‍ കോവിഡിനു മുമ്പു മാസത്തില്‍ 80 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നു. കോവിഡ്കാലത്തു കച്ചവടത്തില്‍ ഇടിവുണ്ടായി. എന്നാല്‍, ഇപ്പോള്‍ ക്രമേണ കച്ചവടം പുഷ്ടിപ്പെടുകയാണ്. ഇപ്പോള്‍ 60-65 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നതായാണു കണക്ക്.

കോഴിക്കോട് ജില്ലയില്‍ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയ്ക്കു മേല്‍നോട്ടം വഹിക്കുന്നത് അഞ്ചു പേരാണ്. സി. ഷീബ (പ്രസിഡന്റ്), പ്രസാദ് കൈതക്കല്‍ (കോ-ഓര്‍ഡിനേറ്റര്‍), ഖാദര്‍ വെളളിയൂര്‍, കെ. ഇന്ദിര (മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍), കെ. സതീശന്‍ (ഫിനാന്‍സ് മാനേജര്‍) എന്നിവരാണു നേതൃത്വം നല്‍കുന്നത്.

തുടക്കം കൈതക്കലില്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള കൈതക്കലിലാണു ഹോംഷോപ്പ് പദ്ധതിയുടെ തുടക്കം. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ പ്രസാദ് കൈതക്കലും സുഹൃത്തുക്കളും ചേര്‍ന്നു സോപ്പുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതുള്‍പ്പടെ വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവിദ്യ സ്വായത്തമാക്കിയിരുന്നു. ഈ കൂട്ടായ്മ ‘സ്വാശ്രയ ബോധന കേന്ദ്രം’ എന്ന പേരില്‍ ഒരു പരിശീലന കേന്ദ്രം ആരംഭിച്ചു. ഈ പരിശീലന കേന്ദ്രത്തില്‍ നിന്നു വനിതകള്‍ക്കു സൗജന്യമായി തൊഴില്‍പരിശീലനം നല്‍കി. ഇതോടെ പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും വിപണിയില്‍ എത്തിക്കാനും തുടങ്ങി. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നൂതന മാര്‍ഗങ്ങളും അന്വേഷിച്ചുതുടങ്ങി. അങ്ങനെയാണു കുടുംബശ്രീയില്‍ നിന്നു സമ്പാദ്യ വായ്പയെടുത്തു ‘സമത പ്രൊഡക്ഷന്‍ യൂണിറ്റ്’ എന്ന പേരില്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് തുടങ്ങിയത്. ദാഹശമനിയും പല്‍പ്പൊടിയും തുള്ളിനീലവുമൊക്കെയായി തുടങ്ങി സോപ്പ്, സോപ്പുല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ 25 ഉല്‍പ്പന്നങ്ങളായി യൂണിറ്റ് വളര്‍ന്നു.

കുടുംബശ്രീ സി.ഡി.എസുകളുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലെയും മുഴുവന്‍ വാര്‍ഡുകളിലും വിപണനത്തിനായി ഓരോ വനിതയെ കണ്ടെത്തി പരിശീലനം നല്‍കി. പ്രാദേശിക വിപണത്തിനു ‘കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് ‘ എന്ന പുതിയ ആശയം വികസിപ്പിക്കാനും വിജയകരമായി പ്രയോഗിക്കാനും ഇവര്‍ക്കു കഴിഞ്ഞു. കുടുംബശ്രീ സംസ്ഥാന മിഷനില്‍ മാര്‍ക്കറ്റിംഗ് ചുമതലയുണ്ടായിരുന്ന പ്രോഗ്രാം ഓഫീസര്‍ എന്‍. ജഗജീവന്‍ ഈ വിജയഗാഥയെക്കുറിച്ചു കേട്ടറിഞ്ഞ് ഇതിനെ കുടുംബശ്രീയുമായി ബന്ധപ്പെടുത്തി കേരളത്തിലുടനീളം നടപ്പാക്കാന്‍ ശ്രമിച്ചതാണു പദ്ധതിക്കു വഴിത്തിരിവായത്. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു ഉല്‍പ്പാദന യൂണിറ്റും മുഴുവന്‍ വാര്‍ഡുകളിലും ഹോംഷോപ്പുകളും എന്നതായിരുന്നു ആശയം. കണ്ണൂര്‍ ജില്ലയില്‍ 450 ഹോംഷോപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിലും പദ്ധതി യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഹോംഷോപ്പ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപകമാക്കാന്‍ 2020-21 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ 50 കോടി രൂപയുടെ പദ്ധതി ധനമന്ത്രി ടി.എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഹോംഷോപ്പ് പദ്ധതിയില്‍ 50,000 രൂപ വരെ സംരംഭകത്വ വായ്പ അനുവദിക്കും.

Leave a Reply

Your email address will not be published.