കിന്റര്‍ഗാര്‍ട്ടനില്‍ നിന്ന് ഹൈസ്‌കൂളിലേക്ക്

moonamvazhi

(2020 ആഗസ്റ്റ് ലക്കം)

നിതാ സഹകരണ സംഘത്തിന്റെ ഈ വിജയഗാഥ ഇറാനില്‍ നിന്നാണ്. 34 വര്‍ഷം മുമ്പ് വളരെക്കുറച്ചു കുട്ടികളുമായി ഒരു കിന്റര്‍ ഗാര്‍ട്ടനായിട്ടാണ് തുടക്കം. ഇന്നത് ഹൈസ്‌കൂളായി ഉയര്‍ന്നിരിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി മൂവായിരം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. എല്ലാം നേടിയത് സഹകരണത്തിന്റെ പിന്‍ബലത്തോടെ.

1985. ഇറാന്‍ – ഇറാഖ് യുദ്ധം കൊടുമ്പിരിക്കൊണ്ട കാലം. ഇറാഖിന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഏഴു വനിതകള്‍ ചേര്‍ന്നു ഒരു തീരുമാനമെടുത്തു. തങ്ങളുടെ കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും ഒരിടം വേണം. അങ്ങനെ അവര്‍ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ഒരു കിന്റര്‍ഗാര്‍ട്ടന്‍ തുടങ്ങുന്നു. കുട്ടികളുടെ ആ കളിപ്പുര വിജയകരമായി മുന്നോട്ടു പോകവേ അമ്മമാര്‍ക്ക് വീണ്ടും മോഹമുദിച്ചു. കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സ്വകാര്യ മേഖലയിലല്ലാതെ ഒരു സ്‌കൂള്‍ വേണം. 1996 ല്‍ അവര്‍ ഇതിനായി ഒരു സഹകരണസംഘം രൂപവത്കരിക്കുന്നു. സ്‌കൂള്‍ തുടങ്ങാന്‍ വലിയൊരു സംഖ്യ മുതല്‍മുടക്കായി വേണ്ടിയിരുന്നു. അവരതിനു വഴി കണ്ടുപിടിച്ചു. അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം അവര്‍ മൂലധനമായി മാറ്റിവെച്ചു. മൊത്തം 1400 ഓഹരികളാണ് ഈ സംഘത്തിലുള്ളത്. ഇവിടെയിപ്പോള്‍ 200 പേരാണ് സംഘാംഗങ്ങളായിട്ടുള്ളത്. ഇവരില്‍ അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടും. കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കാന്‍ 700 അധ്യാപകരാണുള്ളത്.

മൂവായിരം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനം റാഹ്-ഇ- റൊഷ്ദ് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ കോംപ്ലക്‌സ് ( RCEC ) എന്നാണ് അറിയപ്പെടുന്നത്. റാഹ് – ഇ – റൊഷ്ദ് എന്ന വാക്കിനര്‍ഥം വളര്‍ച്ചയുടെ വഴി എന്നാണ്. എല്ലാ അര്‍ഥത്തിലും ഇത് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് സ്‌കൂളിന്റെ വളര്‍ച്ച. പാഠ്യവിഷയങ്ങള്‍ക്കു പുറമേ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ക്കു വഴികാട്ടിയായ ഈ വിദ്യാലയത്തെ 2017 ല്‍ സര്‍ക്കാര്‍ ദേശീയതലത്തില്‍ മികച്ച സഹകരണ സ്ഥാപനമായി അംഗീകരിക്കുകയുണ്ടായി. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയതിനുമായിരുന്നു ഈ ബഹുമതി.

സ്‌കൂളിനപ്പുറത്തേക്കും ഇവര്‍ സഹകരണ മാതൃക പ്രോത്സാഹിപ്പിച്ചു. സ്‌കൂള്‍ കാന്റീനിലെ തൊഴിലാളികള്‍ക്ക് സ്വന്തം സഹകരണ സംഘമുണ്ട്. അധ്യാപകര്‍ക്ക് നിക്ഷേപിക്കാനും വായ്പയെടുക്കാനും സ്വന്തം സഹകരണ സംഘമുണ്ട്. ഐ.ടി. സേവനങ്ങള്‍ നല്‍കാനുമുണ്ട് ഇവര്‍ക്ക് ഒരു സഹകരണ സംഘം. ഗവേഷണവും പരിശീലന പരിപാടികളും പ്രോത്സാഹിപ്പിക്കാനായും സഹകരണ സംഘം സ്ഥാപിച്ചിട്ടുണ്ട്.

സ്‌കൂള്‍ ഇപ്പോള്‍ അഞ്ചു കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ ഇനിയും വിപുലീകരിക്കാനുണ്ട്. അതുകൊണ്ട്, സംഘാംഗങ്ങളായ അധ്യാപകരും രക്ഷിതാക്കളും തങ്ങളുടെ ലാഭവിഹിതം വാങ്ങാറില്ല. ലാഭവിഹിതം മുഴുവന്‍ അവര്‍ സ്‌കൂള്‍ഫണ്ടില്‍ത്തന്നെ നിക്ഷേപിക്കുന്നു. പൂര്‍വ വിദ്യാര്‍ഥികളും തങ്ങളുടെ വിദ്യാലയത്തോടുള്ള മമത ഉപേക്ഷിക്കുന്നില്ല. ആദ്യ തലമുറയിലെ വിദ്യാര്‍ഥികളുടെ മക്കളും ഇവിടെത്തന്നെയാണ് പഠിക്കുന്നത്. 2018 ല്‍ RCEC ക്ക് അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ. ) ത്തില്‍ അഫിലിയേഷന്‍ കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News