കാസർകോഡ് ജില്ലയിലെ സഹകാരി സമൂഹത്തോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അഭ്യർത്ഥന…

adminmoonam

കാസറഗോഡ് ജില്ലയിൽ കൊറോണാ ഭീതി രൂക്ഷമാവുണ്ടെന്നറിയാം, സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ ഘട്ടത്തിലും ജോലി ചെയ്യുന്നുണ്ടെന്ന് നന്നായിട്ടറിയാം. ഞങ്ങളും മനുഷ്യരല്ലെ.., സർക്കാർ ജീവനക്കാരെ പോലെ ഞങ്ങൾക്കും അവധി വേണമെന്നൊക്കെയുള്ള മുറവിളി പലയിടങ്ങളിൽ നിന്നായി കേൾക്കുന്നു. ഒരു കാര്യം നമ്മൾ മനസ്സിലാക്കണമെന്ന് കാസർകോട് ജില്ലാ ജോയിൻ രജിസ്ട്രാർ മുഹമ്മദ് നൗഷാദ് അഭ്യർത്ഥിക്കുന്നു.പൂർണരൂപം ചുവടെ…

സർക്കാർ ജീവനക്കാർ മുഴുവൻ അവധിയിലല്ല, ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം എന്നിങ്ങനെ നിരവധി വകുപ്പുകളും മന്ത്രിമാരടക്കമുള്ളവരും ഉന്നത ജീവനക്കാരും ഒരു അവധിയുമില്ലാതെ പണിയെടുക്കുന്നവരാണ്, പലരും നമ്മെ പോലെ ഓഫീസിനകത്തല്ല, രോഗബാധിത കേന്ദ്രങ്ങളിലാണ് അവരിപ്പോഴും, നമ്മുടെ പകുതിപോലും വേതനമില്ലാത്ത നഴ്സിംഗ്, പാരാമെഡിക്കൽ സ്റ്റാഫുമാരെയൊക്കെ ഓർക്കുന്നത് നന്ന്.
ഇനി മറ്റ് ധനകാര്യ / ബാങ്കിംഗ് സ്ഥാപനങ്ങൾ നമുക്ക് ചുറ്റും ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. ഇവിടെ സഹകരണ സംഘം ജീവനക്കാർ അവരവരുടെ ജീവൻ മാത്രം ഓർത്ത് സ്ഥാപനം അടച്ചിട്ടാൽ , ഈ പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തോട് ചെയ്യുന്ന ദ്രോഹമായിരിക്കില്ലേ അത്? രണ്ട് പ്രളയങ്ങളിൽ ദൈവം ക്കാത്തവരാ നമ്മൾ കാസറഗോട്ടുകാരെ. ഈ ഘട്ടത്തിൽ സമൂഹത്തോടൊപ്പം നിൽക്കാൻ നമുക്കാവണം.. സഹകരണ സ്ഥാപനത്തിലെ നിക്ഷേപകർക്ക് പണം തിരികെ കിട്ടുന്നില്ലാന്ന് വന്നാൽ രണ്ട് ദിവസം കൊണ്ട് നമ്മൾ ഇതുവരെ സ്വരൂപിച്ച നിക്ഷേപമെല്ലാം തുറന്ന് വെച്ചിരിക്കുന്ന മറ്റ് സ്ഥാപനങ്ങളിലേക്ക് ഒറ്റയടിക്ക് ഒഴുകും എന്നുമോർക്കുക. നാളെ നമുക്ക് തിരിച്ചു കിട്ടാത്ത വിധം ഒരു ഇടപാടുകാരനെ നഷ്ടപ്പെടുത്തലാകുമത്. നോട്ട് നിരോധന കാലത്ത് നാം പിടിച്ച് നിന്നത് ജനങ്ങളിലെ വിശ്വാസം കൊണ്ടാണ്, നഷ്ടപ്പെടുത്തരുത് അത്.

നമുക്ക് ചെയ്യാവുന്നത് പറയാം.
ബാങ്കിംഗ് സ്ഥാപനങ്ങൾ സമയം ക്രമീകരിച്ചാണെങ്കിലും എന്നും പ്രവർത്തിക്കുക. ഇടപാടുകാർ ഒരിക്കലും വന്ന് മടങ്ങരുത്. സമയക്രമം നോട്ടീസ് ബോർഡിൽ കാണിക്കണം.
ജീവനക്കാരുടെ ഡ്യൂട്ടി ദിവസങ്ങൾ ക്രമീകരിക്കുക. പൊതുവാഹനം ഉപയോഗിച്ച് വരുന്ന ജീവനക്കാരെ പ്രത്യേകം പരിഗണിക്കുക.
സ്ഥാപനത്തിൽ മികച്ച ശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തുക. ഒറ്റ പ്രവേശന സ്ഥലം മാത്രം തുറന്നിടുക.
കൗണ്ടറുകളിൽ ഇടപാടുകാരന് നേരിട്ടെത്താനാവാത്ത വിധം പ്ലാസ്റ്റിക് കയർ കെട്ടി വേർതിരിക്കുക.
വരുന്നവർ സാനിറ്റൈസർ ശുദ്ധീകരണം നടത്തിയെന്ന് ഉറപ്പ് വരുത്തുക. സെക്യൂരിറ്റി ജീവനക്കാരെ അതിനായി ഉപയോഗപ്പെടുത്തുക.
ജീവനക്കാർ കയ്യുറകൾ, മാസ്ക് ഉപയോഗിക്കുക.
സ്ഥാപനത്തിലെ CCTV പ്രവർത്തനക്ഷമമെന്ന് ഉറപ്പ് വരുത്തുക.
പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥാപനത്തിലേക്ക് എത്തിക്കാതിരിക്കുക. ജീവനക്കാർ തന്നെ കയ്യകലം പാലിക്കുക.
പുതിയ അപേക്ഷകൾ, രേഖകൾ എന്നിവ വാങ്ങാതിരിക്കുക.
ഇടപാടുകാരനെ മിനുട്ടുകക്കുള്ളിൽ സേവനം നൽകി പറഞ്ഞു വിടുക.
രോഗലക്ഷണമുള്ളവരേയോ അത്തരം പ്രദേശത്തു നിന്നുള്ളവരെന്ന് തോന്നുന്നവരേയോ ബാങ്കിൻ്റെ പുറത്ത് നിർത്തി സേവനം നൽകുക.
രോഗബാധിതമെന്ന് കരുതുന്നിടത്തെ കലക്ഷൻ ഏജൻ്റുമാരുടെ പ്രവർത്തനം നിർത്തിവെക്കുകയോ ഉചിതമായ മറ്റ് മാർഗങ്ങൾ തേടുകയോ ചെയ്യുക.
ഭരണ സമിതി, ചീഫ് എക്സിക്യൂട്ടീവ് എന്നിവർ ജീവനക്കാർക്കൊപ്പമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.
ബാങ്ക് അടച്ചിടുമെന്ന ധാരണ ഒരു കാരണവശാലും ഇടപാടുകാരിലുണ്ടാക്കരുത്.
ജീവനക്കാരുടെ സംഘടനാ സംവിധാനം ജീവനക്കാർക്കിടയിൽ ഇത്തരത്തിലുള്ള അവശ്യ സേവന ബോധം നൽകുക.
സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും സന്നദ്ധ സംഘടനകളും നൽകുന്ന നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുക
കേരളത്തിലെ സഹകാരി സമൂഹം ,സഹകരണ വകുപ്പ്, ബഹു:സഹകരണ വകുപ്പ് മന്ത്രിയെല്ലാം നമുക്കൊപ്പമുണ്ട്.
*നമ്മൾ സഹകാരികളാണ് പ്രളയവും ദുരിതവും പ്രയാസങ്ങളും ഈ നാടിന് പരീക്ഷണമാവുമ്പോൾ ഒളിച്ചോടുന്നവരല്ല നമ്മൾ, ഇത് വെറുമൊരു വകുപ്പല്ല, ഇതൊരു ജീവിതരീതിയാണ്. ജനത്തോടൊപ്പം നിൽക്കുന്ന സ്നേഹകരങ്ങളാണ് നമ്മുടേത്.*
– ജോ: രജിസ്ട്രാർ (ജ)
കാസറഗോഡ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News