കാലിത്തീറ്റ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഓര്‍ഡിനന്‍സ് വിജ്ഞാപനമായി

Deepthi Vipin lal

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും നിര്‍മാണം നിയന്ത്രിക്കുന്നതിനുമായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ 17-ാംതീയതി അംഗീകാരം നല്‍കിയതോടെ വിജ്ഞാപനമായി. കേരളത്തിലെ കാലിത്തീറ്റ, കോഴിവര്‍ഗ്ഗ തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ ഉല്‍പ്പാദനവും വിതരണവും നിയന്ത്രിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തുകയുമാണ് ഓര്‍ഡിനന്‍സ് ലക്ഷ്യം വെക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ തീറ്റകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല. നിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമായ തീറ്റകള്‍ കന്നുകാലികളുടെ ആരോഗ്യത്തിനു പോലും ഹാനികരമാവുന്നതായി കര്‍ഷകര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇതു പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ മില്‍മയും കേരള ഫീഡ്‌സുമാണ് നിലവില്‍ സംസ്ഥാനത്ത് കാലിത്തീറ്റ നിര്‍മിക്കുന്നത്. സംസ്ഥാനത്തെ ആവശ്യകതയുടെ പകുതിയില്‍ താഴെമാത്രമേ ഈ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ.

ഒട്ടേറെ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകള്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നുണ്ട്. സമീകൃത കാലിത്തീറ്റകള്‍ക്ക് പുറമെ ചോളപ്പൊടി, പിണ്ണാക്ക്, തവിട് തുടങ്ങിയ വിവിധതരം ബദല്‍ തീറ്റകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയുടെയും ഗുണനിലവാരം ഉറപ്പുവരുത്താനും ലൈസന്‍സ് നിര്‍ബന്ധമാക്കാനും ഓര്‍ഡിനന്‍സ് ശുപാര്‍ശ ചെയ്യുന്നു. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെയും ക്ഷീരവികസന വകുപ്പിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാലിത്തീറ്റയും, കോഴിത്തീറ്റയും ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും സാമ്പിളുകള്‍ ശേഖരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ക്ഷീരമേഖലയിലെയും കോഴിവളര്‍ത്തല്‍ രംഗത്തുമുള്ള കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന നിയമമാണിതെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News