കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ ഇരുപതാം വാര്‍ഷികവും ഡയാലിസിസ് സെന്റിന്റെ പത്താം വാര്‍ഷികവും ജൂലായ് 28ന്
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാര്‍ഷികവും ബാങ്കിന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരംഭിച്ച ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികവും ജൂലായ് 28 ന് ചാലപ്പുറം സജന്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് സെന്റര്‍ വാര്‍ഷിക ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും.
കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ചടങ്ങില്‍ കേരള കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, യു.എല്‍.സി.സി.എസ.് ചെയര്‍മാന്‍ രമേശന്‍ പാലേരി, കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍, ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം പ്രസിഡന്റ് എം.ജെ. ത്രേസ്യാമ്മ എന്നിവരെ ആദരിക്കും. ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ, കാലിക്കറ്റ് ഡെവലപ്മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എം.സി. മായിന്‍ ഹാജി, പാക്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും.
‘ സഹകരണ പ്രസ്ഥാനം നല്ലൊരു നാളേക്ക് ‘ എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് സെമിനാര്‍ നടക്കും. മുന്‍ പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. ജോയിന്റ് ഡയറക്ടര്‍ സി. വിജയന്‍ അധ്യക്ഷത വഹിക്കും. നാഷണല്‍ ലേബര്‍ ഡയറക്ടര്‍ ടി.കെ. കിഷോര്‍ കുമാര്‍ വിഷയാവതരണം നടത്തും. ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം. ഷീജ, അസി. രജിസ്ട്രാര്‍ വാസന്തി കെ.ആര്‍, അസി. രജിസ്ട്രാര്‍ ( റിട്ട. ) എ.കെ. അഗസ്തി എന്നിവര്‍ മോഡറേറ്റര്‍മാരാകും. ബാങ്ക് ഡയറക്ടര്‍ പി. ദാമോദരന്‍ സ്വാഗതവും ഡയറക്ടര്‍ കെ.പി. രാമചന്ദ്രന്‍ നന്ദിയും പറയും.
വൈകിട്ട് മൂന്നുമണിക്ക് കലാപരിപാടികള്‍ നടന്‍ നിര്‍മ്മല്‍ പാലാഴി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാക്സ് ഡിജിറ്റല്‍ ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേള.