കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഡയാലിസിസ് സെന്ററിൽ മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയാലിസിസ് സെന്ററിൽ മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം തുടങ്ങി. കോഴിക്കോട് ഡി.എം.ഒ ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ ഒരു കാരുണ്യപ്രവൃത്തിയില്‍ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം തുടങ്ങിയതോടെ ഡയാലിസിസ് സെന്ററിൽ 24 പുതിയ രോഗികൾക്കുകൂടി സൗജന്യമായി ഡയാലിസിസ്റ്റ് ചെയ്തു കൊടുക്കാൻ സാധിക്കും. നിലവിൽ 48 രോഗികൾക്കായിരുന്നു സൗജന്യ ഡയാലിസിസ് നൽകി വരുന്നത്. എന്നാൽ പുതിയ ഷിഫ്റ്റ് ആരംഭിച്ചതോടെ മൊത്തം 72 രോഗികൾക്ക് സൗജന്യ ഡടയാലസിസ് നൽകാൻ സാധിക്കും.
ബാങ്ക് ചെയർപേഴ്സൺ പ്രീമാ മനോജ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ പി എ ജയപ്രകാശ് സ്വാഗതവും അഡ്വ. കെ പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർ കെ. ശ്രീനിവാസൻ, ഡോക്ടർ ജയമീന എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബാങ്ക് 2012 ജൂലായ് 20 ന് ആറ് ഡയാലിസിസ് മെഷിനുകളോടെയാണു കാലിക്കറ്റ് സിറ്റി ബാങ്ക് ഒരു വാടകക്കെട്ടിടത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. പിന്നീട് ആ കെട്ടിടവും സ്ഥലവും ബാങ്ക് വിലയ്ക്കു വാങ്ങി അതില്‍ ഏതാണ്ട് 10 കോടി രൂപ മുടക്കി ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ള 12 ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു.