കാര്‍ഷിക സബ്‌സിഡിയും വിള ഇന്‍ഷൂറന്‍സും നേരിട്ട് സഹകരണ സംഘം വഴിയാക്കാന്‍ കേന്ദ്രം

moonamvazhi

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ ടെച്ച് പോയിന്റുകാളായി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ മാറ്റാന്‍ കേന്ദ്രസഹകരണ മന്ത്രാലയം. നബാര്‍ഡ് വഴി നല്‍കുന്ന കാര്‍ഷിക വായ്പ സബ്‌സിഡി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളിലെ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് കൈമാറുന്ന രീതി കൊണ്ടുവരാനാണ് തീരുമാനം. ഇതിനൊപ്പം, വിള ഇന്‍ഷൂറന്‍സിന്റെ കേന്ദ്രസഹായവും സഹകരണ സംഘങ്ങളിലൂടെയാകും കര്‍ഷകന് നല്‍കുക. രാജ്യത്താകെയുള്ള പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഡിജിറ്റില്‍ ശൃംഖലയുടെ ഭാഗമാക്കിയതിന് ശേഷമാകും ഈ പരിഷ്‌കാരം നടപ്പാക്കുക.

നിലവില്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ വഴിയാണ് നബാര്‍ഡിന്റെ പുനര്‍വായ്പ പദ്ധതി അനുസരിച്ച് കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നത്. സംസ്ഥാന സഹകരണ ബാങ്കിനാണ് നബാര്‍ഡ് വായ്പ അനുവദിക്കുന്നത്. ഇത് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കും, അവയിലൂടെ കര്‍ഷകര്‍ക്കും നല്‍കുന്നതുമാണ് രീതി. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നാലുശതമാനം സബ്‌സിഡിയും നബാര്‍ഡ് നല്‍കുന്നുണ്ട്. ഇതും പ്രാഥമിക സംഘങ്ങള്‍ നല്‍കുന്ന കണക്ക് അനുസരിച്ച് കേരളബാങ്ക് വഴിയാണ് നല്‍കുന്നത്. സബ്‌സിഡി വിതരണത്തിലെ കാലതാമസം കാരണം കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാനാണ് കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി വിതരണം എന്ന പരിഷ്‌കാരം കേന്ദ്ര സഹകരണ മന്ത്രാലയം നടപ്പാക്കുന്നത്.

എല്ലാ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും കേന്ദ്ര ഡിജിറ്റല്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായാല്‍ ഓരോ സംഘവും നല്‍കുന്ന വായ്പയുടെ വിവരങ്ങള്‍ കേന്ദ്രത്തിന് നേരിട്ട് ശേഖരിക്കാനാകും. കേന്ദ്രതലത്തിലാണ് ഡേറ്റ സെന്റര്‍ ഒരുക്കുന്നത്. വായ്പയുടെ തോത്, നല്‍കുന്ന രീതി, തിരിച്ചടവ്, വായ്പ എടുക്കുന്ന കര്‍ഷകന്റെ വിവരങ്ങള്‍ എന്നിവയെല്ലാം ഡേറ്റയായി ലഭിക്കും. ഇതനുസരിച്ച് ഓരോ സംഘത്തിനും നല്‍കേണ്ട സബ്‌സിഡി തുക എത്രയാണെന്ന് സംഘങ്ങള്‍ പ്രത്യേകമായി കണക്ക് തയ്യാറാക്കേണ്ടതില്ല.

ഓരോ പഞ്ചായത്തിലും ഓരോ കാര്‍ഷിക സഹകരണ സംഘം എന്നതാണ് കേന്ദ്രം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി ഈ സഹകരണ സംഘം വഴിയാകും. അതിനാല്‍, ആ പഞ്ചായത്തിലെ കര്‍ഷകരെല്ലാം സഹകരണ സംഘത്തിന്റെ ഭാഗമാകും. കാര്‍ഷിക സഹായങ്ങളും സബ്‌സിഡികളും കര്‍ഷകന് നേരിട്ട് ലഭ്യമാക്കാന്‍ സഹകരണ സംഘത്തിലെ അക്കൗണ്ടിലേക്ക് നല്‍കുന്ന രീതി കൂടുതല്‍ ഫലപ്രദമാകുമെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലത്തിന്റെ വിലയിരുത്തല്‍. പ്രാധാനമന്ത്രി ഫസല്‍ ഭീമ യോജന പദ്ധതി അനുസരിച്ചുള്ള കര്‍ഷക സഹായങ്ങളും സഹകരണ സംഘം വഴിയാക്കാന്‍ ധാരണയായിട്ടുണ്ട്. വിള ഇന്‍ഷൂറന്‍സാണ് ഈ പദ്ധതി അനുസരിച്ച് പ്രധാനമായും ലഭിക്കുന്നത്. സംഘങ്ങളില്‍നിന്ന് കാര്‍ഷിക വായ്പ വാങ്ങിയുള്ള കൃഷിയില്‍ വിളകള്‍ നശിച്ചാല്‍ സംഘങ്ങള്‍ക്ക് തന്നെ അത് റിപ്പോര്‍ട്ടായി നല്‍കി കര്‍ഷകന് സഹായം ലഭ്യമാക്കാനാകുന്ന വിധത്തിലാണ് പദ്ധതി നിര്‍വഹണം ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News