കാര്‍ഷിക മേഖലയില്‍ 4500 കോടിരൂപ വായ്പ; കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സബ്‌സിഡി
സംസ്ഥാനത്തെ കാര്‍ഷിക- അനുബന്ധ മേഖലയില്‍ സാമ്പത്തിക സഹായം ഉറപ്പാക്കനുള്ള ബൃഹത് പദ്ധതിക്ക് സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് രൂപം നല്‍കി. കര്‍ഷകരിലേക്ക് പരമാവധി സാമ്പത്തിക സഹായം എത്തിക്കുകയും കാര്‍ഷിക ഉല്‍പാദനം കൂട്ടുകയുമാണ് ലക്ഷ്യം. വായ്പ ബാധ്യതയായി മാറാതിരിക്കാന്‍ സബ്‌സിഡി സ്‌കീമുകളും ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനൊപ്പം, കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സബ്‌സിഡി കൂടി നല്‍കാനാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. ഓരോ വായ്പയ്ക്കും 4500 രൂപവരെ സബ്‌സിഡി ഉറപ്പാക്കും.
4500 കോടിരൂപയാണ് കാര്‍ഷിക- അനുബന്ധ മേഖലയില്‍ ബാങ്ക് വായ്പ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബാങ്ക് എന്ന നിലയില്‍ ഇതിന് ആദായനികുതി ചുമത്താന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധിച്ചിരുന്നു. ആദായനികുതിയായി ഈടാക്കിയ 600 കോടിരൂപ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന് തിരിച്ചുനല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ തുക കുറഞ്ഞ പലിശയ്ക്ക് കര്‍ഷകര്‍ക്ക് വായ്പയായി നല്‍കാനാണ് ആലോചിക്കുന്നതെന്ന് പ്രസിഡന്റ് സി.കെ.ഷാജി മോഹന്‍ പറഞ്ഞു.
സംസ്ഥാനത്തെ താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ വഴിയാണ് സംസ്ഥാന ബാങ്ക് കര്‍ഷകരിലേക്ക് വായ്പ വിതരണം നടത്തുന്നത്. അതിനാല്‍, പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക ബാങ്കുകള്‍ക്ക് അവയുടെ പ്രവര്‍ത്തനം വിലയിരുത്തി സ്‌പെഷല്‍ ഇന്‍സെന്റീവ് നല്‍കും. അഞ്ച് ശതമാനത്തില്‍ താഴെ കുടിശ്ശികയുള്ള ബാങ്കുകള്‍ക്ക് 30,000 രൂപയും, പത്തുശതമാനത്തില്‍ താഴെയുള്ളവയ്ക്ക് 20,000 രൂപയും, 25ശതമാനത്തില്‍ താഴെയുള്ള ബാങ്കുകള്‍ക്ക് 12,000 രൂപയുമാണ് ഇന്‍സെന്റീവ്. എല്ലാ പ്രാഥമിക ബാങ്കുകള്‍ക്കും 11.5 ശതമാനം ലാഭവിഹിതം നല്‍കും.
ഈ വര്‍ഷം 250 കോടിരൂപ നബാര്‍ഡില്‍നിന്ന് വായ്പ വാങ്ങി കുറഞ്ഞ പലിശയ്ക്ക് കര്‍ഷകര്‍ക്ക് വായ്പയായി നല്‍കും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക-അനുബന്ധ പദ്ധതികള്‍ക്കും ആനിമല്‍ ഹസ്‌ബെന്‍ഡറി ഇന്‍ഫ്രാസ്‌ട്രെക്ചറല്‍ ഫണ്ട സ്‌കീമിനും പ്രത്യേക വായ്പ നല്‍കാനും ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1311 കോടിരൂപയുടെ കാര്‍ഷിക വായ്പകളാണ് ബാങ്ക് നല്‍കിയത്. ഏറെക്കാലം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരുന്നു സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്. പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെയാണ് കര്‍ഷകരെ സഹായിക്കാനുള്ള വിധത്തില്‍ ബാങ്കിന്റെ വായ്പ രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുള്ളത്.
[mbzshare]