കാര്‍ഷിക കേന്ദ്രവും കായിക അക്കാദമിയും ലക്ഷ്യമിട്ട് വെളിയത്തുനാട് ബാങ്ക്
കൊക്കൂണ്‍ ബ്രാന്റ്‌നാമത്തില്‍ കൂണ്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി
വിജയിച്ച എറണാകുളം വെളിയത്തുനാട് സഹകരണ ബാങ്കിന്
അര നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ക്ലാസ് വണ്‍ ബാങ്കായ ഇവിടെ
ഇപ്പോള്‍ 12,661 അംഗങ്ങളുണ്ട്. 76 കോടി രൂപയാണു നിക്ഷേപം. കാര്‍ഷിക
ഗ്രാമമായ വെളിയത്തുനാട്ടില്‍ കാര്‍ഷിക ഇടപെടല്‍ കേന്ദ്രം, സ്‌പോര്‍സ്
അക്കാദമി, ടര്‍ഫ് എന്നിവ പണിയുകയാണു ബാങ്കിന്റെ അടുത്ത ലക്ഷ്യം.
കൊക്കൂണ്‍ എന്ന ബ്രാന്റ്‌നാമത്തില്‍ കൂണ്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചതിനു പിന്നാലെ രണ്ടു കോടി രൂപ ചെലവില്‍ കാര്‍ഷികസഹായഇടപെടല്‍കേന്ദ്രം (അഗ്രിക്കള്‍ച്ചറല്‍ ഇന്റര്‍വെന്‍ഷന്‍ സെന്റര്‍) നിര്‍മിക്കാന്‍ ഒരുങ്ങുകയാണു വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് – ഇ 298. ഫാംടൂറിസം പദ്ധതിയും കായികഅക്കാദമിയും ബാങ്കിന്റെ ഭാവിപരിപാടികളിലുണ്ട്. എറണാകുളം ജില്ലയില്‍ ആലുവയ്ക്കടുത്ത്, പറവൂര്‍ താലൂക്കിന്റെ കിഴക്കന്‍പ്രദേശമായ കരുമാല്ലൂര്‍ പഞ്ചായത്തിലെ വെളിയത്തുനാട് ഗ്രാമത്തിലാണു 50 വര്‍ഷം പിന്നിട്ട ഈ ബാങ്ക്. പ്രശസ്തമായ ആലുവ യു.സി. കോളേജിനടുത്താണ് ആസ്ഥാനം.
തുടക്കം
1972 ല്‍
1972 മാര്‍ച്ച് എട്ടിനാണു ബാങ്ക് ആരംഭിച്ചത്. ഈസ്റ്റ് വെളിയത്തുനാട് സര്‍വീസ് സഹകരണസംഘം എന്നായിരുന്നു പേര്. സ്ഥലത്തെ പൊതുപ്രവര്‍ത്തകരായിരുന്ന ചില പ്രമുഖരാണു സ്ഥാപകര്‍. കാര്‍ഷികഗ്രാമമാണു വെളിയത്തുനാട്. നെല്‍പ്പാടങ്ങള്‍ ഏറെയുണ്ട്. അതുകൊണ്ടു കരുമാല്ലൂര്‍ പഞ്ചായത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കാറുമുണ്ട്. കര്‍ഷകരെ സഹായിക്കാനാണു സംഘം രൂപവത്കരിച്ചത്. ആദ്യയോഗത്തില്‍ 77 പേര്‍ പങ്കെടുത്തു. കെ. ഭാസ്‌കരന്‍പിള്ളയെ പ്രസിഡന്റായും പി.എം. ഖാലിദിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എസ്. ഭാസ്‌കരന്‍പിള്ള, വി.എം. അബ്ദുല്‍ഖാദര്‍, ജി. രാമചന്ദ്രന്‍നായര്‍ എന്നിവരായിരുന്നു അന്നത്തെ ഭരണസമിതിയിലെ മറ്റംഗങ്ങള്‍. (കെ.എസ്. അലിയാര്‍, അബ്ദു, പി.വി.ജി. മേനോന്‍, പി.എന്‍. നാരായണന്‍നമ്പൂതിരി, എം. രവി തുടങ്ങിയവര്‍ വിവിധകാലങ്ങളില്‍ ബാങ്കിന്റെ പ്രസിഡന്റുമാരായിട്ടുണ്ട്. നിലവില്‍ എസ്.ബി. ജയരാജാണു പ്രസിഡന്റ് ). കെട്ടുതെങ്ങ് ആയിരുന്നു സംഘത്തിന്റെ ആദ്യസംരംഭം. തെങ്ങായിരുന്നു വായ്പക്കുള്ള ഈട്. അംഗങ്ങളുടെ തെങ്ങുകള്‍ വളമിട്ടും മരുന്നുതളിച്ചും സംഘം പരിപാലിച്ചു. തെങ്ങുകയറി നാളികേരം സംഭരിച്ചു വിറ്റ് തുക വരവുവയ്ക്കും. മറ്റു ചെറുവായ്പകളും നല്‍കിയിരുന്നു. വളംവില്‍പ്പനയും നടത്തി. വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പില്‍ക്കാലത്ത് ഇടയ്‌ക്കൊരിക്കല്‍ പ്രവര്‍ത്തനം മന്ദിച്ചു ലിക്വിഡേഷന്റെ വക്കത്തെത്തിയ ചരിത്രവുമുണ്ട്. എങ്കിലും, ചില പൊതുപ്രവര്‍ത്തകര്‍ സജീവതാല്‍പ്പര്യമെടുത്തു സക്രിയമാക്കി. പി.എന്‍. നാരായണന്‍ നമ്പൂതിരി പ്രസിഡന്റായതോടെയാണു സ്തംഭനം നീങ്ങി സംഘം വീണ്ടും സക്രിയമായത്.
1995 ല്‍ യു.സി. കോളേജിനടുത്തു വാടകക്കെട്ടിടത്തിലേക്കു പ്രവര്‍ത്തനംമാറ്റി. 1998 ല്‍ ക്ലാസ് നാല് ആയി ബാങ്ക് ഉയര്‍ന്നു. 1999 ല്‍ മരണാനന്തരസഹായ നിക്ഷേപപദ്ധതി ആരംഭിച്ചു. ബാങ്ക് കമ്പ്യൂട്ടര്‍വത്കരിക്കുകയും ചെയ്തു. 2000 ല്‍ തടിക്കക്കടവ് ശാഖയ്ക്കു തറക്കല്ലിട്ടു. (പി.വി.ജി. മേനോന്‍ ബാങ്ക് പ്രസിഡന്റായിരിക്കെ തടിക്കക്കടവില്‍ ആലുവ ക്ഷീരസംഘത്തിന്റെ 10 സെന്റ് സ്ഥലവും കെട്ടിടവും ലേലത്തില്‍ വാങ്ങിയിരുന്നു). യു.സി. കോളേജിനടുത്തു 10 സെന്റ് വാങ്ങി. അവിടെ 2000 ഒക്ടോബര്‍ 19ന് അന്നു റെയില്‍വേ മന്ത്രിയായിരുന്ന ഒ. രാജഗോപാല്‍ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. 2001 ല്‍ ഗ്രൂപ്പ്‌നിക്ഷേപ വായ്പാപദ്ധതി തുടങ്ങി. 2002 ല്‍ വാഹനവായ്പാപദ്ധതി ആരംഭിച്ചു. 2003 ല്‍ ഗ്രീന്‍കാര്‍ഡ് പദ്ധതി തുടങ്ങി. കര്‍ഷകര്‍ക്കു കിസാന്‍ ക്രെഡിറ്റ് കാര്‍ഡു നല്‍കി. ബാങ്ക് ക്ലാസ് മൂന്നു തലത്തിലേക്ക് ഉയരുകയും ചെയ്തു. തടിക്കക്കടവ് ശാഖ ആരംഭിച്ചതും ആ വര്‍ഷമാണ്. ആസ്ഥാനമന്ദിരം പണിപൂര്‍ത്തിയാക്കി 2004 ജൂണ്‍ 16 ന് ഒ. രാജഗോപാല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. അന്നു ബാങ്ക് പ്രസിഡന്റായിരുന്ന എം. രവി അധ്യക്ഷനായിരുന്നു. 2005 ല്‍ കുടുംബശ്രീവായ്പ, ഓണം-റംസാന്‍ചന്ത, ഗൃഹോപകരണവായ്പ, ഭവനവായ്പ എന്നിവ തുടങ്ങി. 2006 ല്‍ കച്ചവടക്കാര്‍ക്കായി പ്രതിദിന കളക്ഷന്‍വായ്പ തുടങ്ങി. 2007 ല്‍ ഒറ്റത്തവണതീര്‍പ്പാക്കല്‍ നടപ്പാക്കി ഒന്നര ലക്ഷം രൂപ പലിശയിളവു നല്‍കി. 2008 ല്‍ പട്ടികവിഭാഗങ്ങളുടെ ഒമ്പതു ലക്ഷം രൂപയുടെ വായ്പ ബാങ്ക് ഏറ്റെടുത്തു. 2009 ല്‍ കര്‍ഷകര്‍ക്കുള്ള 16 ലക്ഷം രൂപയുടെ വായ്പയും ബാങ്ക് ഏറ്റെടുത്തു. വിദ്യാഭ്യാസഎന്‍ഡോവ്‌മെന്റും ആരംഭിച്ചു. 2012 ല്‍ വിദ്യാഭ്യാസവായ്പ ആരംഭിക്കുകയും ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ബാങ്ക് ക്ലാസ് ഒന്ന് ആയി ഉയര്‍ത്തപ്പെടുകയും ചെയ്തു.
വായ്പാ പരിധി
കൂട്ടുന്നു
2013 ല്‍ കാര്‍ഷികവായ്പ ബാങ്ക് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തി. ബാങ്കിങ്പ്രവര്‍ത്തനം രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയായി നീട്ടി. പാറാനയില്‍ വാടകക്കെട്ടിടത്തില്‍ ശാഖ തുടങ്ങി. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. കോര്‍ബാങ്കിങ്ങിന്റെ ആദ്യഘട്ടവും അക്കൊല്ലം തുടങ്ങി. 2014 മുതല്‍ വിവിധ വര്‍ഷങ്ങളിലായി വീട് അറ്റകുറ്റപ്പണിവായ്പയും ബിസിനസ് വായ്പയും ഒരു ലക്ഷമായും വസ്തുവായ്പ 15 ലക്ഷമായും വ്യക്തിഗതവായ്പ അര ലക്ഷമായും കുടുംബശ്രീവായ്പ 10 ലക്ഷമായും വാഹനവായ്പയും സ്വര്‍ണപ്പണയവായ്പയും അഞ്ചു ലക്ഷമായും ക്ഷീരകര്‍ഷകവായ്പ രണ്ടു ലക്ഷമായും വര്‍ധിപ്പിച്ചു. കാര്‍ഷികവായ്പാപലിശ നാലു ശതമാനമായി കുറയ്ക്കുകയും ചെയ്തു. സ്്ത്രീകള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ വനിതാമിത്ര വായ്പ, അഞ്ചു സ്ത്രീകളടങ്ങിയ ഗ്രൂപ്പിനു ഗൃഹലക്ഷ്മി വായ്പ, ഉത്സവകാലത്തു സഞ്ചരിക്കുന്ന സ്റ്റോറുകള്‍ എന്നിവ തുടങ്ങി. 2000 രൂപ മരണാനന്തരസഹായം നല്‍കാനും ആരംഭിച്ചു. വാര്‍ധക്യകാല പെന്‍ഷനും തുടങ്ങി. 2020 ല്‍ ആസ്ഥാനമന്ദിരം നവീകരിച്ചു. സെപ്റ്റംബര്‍ 16 ന് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അധ്യക്ഷനായിരുന്നു. 3000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള രണ്ടുനിലക്കെട്ടിടമാണിത്. പ്രധാനശാഖ, സഹകരണഹാള്‍, ഇ-സേവനകേന്ദ്രം, ഓണ്‍ലൈന്‍ സര്‍വീസുകള്‍, സ്റ്റുഡന്റ് സ്റ്റോര്‍, കര്‍ഷകര്‍ക്കുള്ള ഉപകരണങ്ങള്‍ നല്‍കുന്ന കേന്ദ്രം, കോഫി ഷോപ്പ് എന്നിവ ഇവിടെയുണ്ട്. തടിക്കക്കടവ് ശാഖയോടും പാറാന ശാഖയോടും ചേര്‍ന്ന് ഓരോ വളംഡിപ്പോയുമുണ്ട്. ഇവയില്‍ നല്ല വില്‍പ്പനയുണ്ട്. 2021-22 ല്‍ ഒന്നേകാല്‍ കോടി രൂപയുടെ വളംവിറ്റു. അടുത്തകാലത്തു സഹകരണവിപണി എന്ന സൂപ്പര്‍മാര്‍ക്കറ്റും പാറാനയില്‍ ആരംഭിച്ചിട്ടുണ്ട്. വെളിയത്തുനാട് മില്ലുപടിയില്‍ രണ്ടു വര്‍ഷം മുമ്പ് ഒരു സഹകരണലാബും തുടങ്ങി. ഇ.സി.ജി. അടക്കമുള്ള വിവിധ പരിശോധനകള്‍ക്കു പുറമെ ഫിസിയോതെറപ്പി സൗകര്യവും ഇവിടെയുണ്ട്.
പടിപടിയായി
ഉയര്‍ന്ന് നിക്ഷേപം
1987 കാലത്തു 4.28 ലക്ഷം രൂപയുമായി ക്ലാസ് 5 വിഭാഗത്തിലായിരുന്ന ബാങ്കിന്റെ നിക്ഷേപം 1997 ല്‍ 68.5 ലക്ഷവും 2004 ല്‍ 4.62 കോടിയും 2007 ല്‍ എട്ടു കോടിയുമായി ഉയര്‍ന്നുയര്‍ന്നുവന്നു. ഇപ്പോള്‍ 2021-22 ലെ വാര്‍ഷികറിപ്പോര്‍ട്ടു പ്രകാരം 76.17 കോടി രൂപ നിക്ഷേപവും 49.86 കോടി രൂപ വായ്പബാക്കിയുമുണ്ട്. 19,40,085 രൂപയാണ് അറ്റലാഭം. ക്ലാസ് വണ്‍ ബാങ്കാണിപ്പോള്‍. 12,661 അംഗങ്ങളുണ്ട്. തടിക്കക്കടവിലെ 10 സെന്റ് സ്ഥലവും കെട്ടിടവും ആറ്റിപ്പുഴ ഭാഗത്ത് പതിനാലര സെന്റ് സ്ഥലവും യു.സി. കോളേജ് ഭാഗത്ത് 10 സെന്റ് സ്ഥലവും ഓഫീസ് മന്ദിരവുമുള്ള ബാങ്കിനു സ്വന്തംഫണ്ടില്‍നിന്നുതന്നെ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നു. 2002-2003 ലാണു ആദ്യമായി ലാഭവിഹിതം നല്‍കാന്‍ കഴിഞ്ഞത്. അന്നു 10 ശതമാനമായിരുന്നു. പിന്നീടത് ഉയര്‍ന്ന് ഏതാനും വര്‍ഷം 25 ശതമാനം ലാഭവീതം കൊടുത്തു. പക്ഷേ, 2018 ലെ വെള്ളപ്പൊക്കം ബാങ്കിന്റെ പരിധിയിലെ പ്രദേശങ്ങളെ കാര്യമായി ബാധിച്ചു. രണ്ടു ശാഖയിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ബാങ്കിന്റെ ഒരു വാഹനം വെള്ളത്തില്‍ മുങ്ങി നശിച്ചു. വളംഡിപ്പോകളിലെ വളങ്ങളും പോയി. അതൊക്കെമൂലം ഒരു വര്‍ഷം ലാഭവിഹിതം നല്‍കാനായില്ല. എങ്കിലും, എല്ലാ വീട്ടിലും 1500 രൂപയുടെ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി കൊടുത്തു. കെയര്‍ഹോം പദ്ധതിയിയില്‍ 10 വീടു നിര്‍മിച്ചു. സര്‍ക്കാര്‍ അനുവദിച്ച തുകകൊണ്ടു നിര്‍മാണം നടത്തുകയും കൂടുതലായി വേണ്ടിവന്ന കാര്യങ്ങള്‍ക്കുള്ള തുക ബാങ്ക് വഹിക്കുകയുമാണു ചെയ്തത്. കോവിഡ്കാലത്തും ജനങ്ങളെ സഹായിച്ചു. ബാങ്കംഗങ്ങളുള്ള ഓരോ വീട്ടിലും 5000 രൂപ പലിശയില്ലാവായ്പ അനുവദിച്ചു. ഇതു വീടുകളില്‍ കൊണ്ടുപോയിക്കൊടുത്തു. രണ്ടു കോടി രൂപ ഇങ്ങനെ നല്‍കി. കര്‍മസേനയുണ്ടാക്കി ബാങ്കുപരിധിയും അടുത്തപ്രദേശങ്ങളും അണുവിമുക്തമാക്കി. മാസ്‌കുകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ മൊബൈല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ടി.വി. എന്നിവ വാങ്ങുന്നതിനു പലിശയില്ലാവായ്പ കൊടുത്തു. ഒരു വര്‍ഷം മുടങ്ങിയെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ പഴയ തോതിലല്ലെങ്കിലും ലാഭവിഹിതം നല്‍കുന്നുണ്ട്. 2021-22 ല്‍ 13 ലക്ഷംരൂപ ഇതിനു ചെലവഴിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളില്‍ ബാങ്ക് വാഹനത്തില്‍ കുടിവെള്ളം എത്തിച്ചു. എപ്രിലില്‍ വാര്‍ധക്യകാലപെന്‍ഷന്‍ വിതരണം ചെയ്തു. എഴുപതു വയസ്സു തികഞ്ഞ അംഗങ്ങള്‍ക്കു വര്‍ഷം ആയിരം രൂപയാണു പെന്‍ഷന്‍ നല്‍കുക. ഇതു വിഷുവിനു കൈനീട്ടമായി നല്‍കും. ജൂലായില്‍ കുടുംബശ്രീ ശാക്തീകരണസദസ്സ് നടത്തി. റിലയന്‍സിലെ ഉയര്‍ന്നഉദ്യോഗസ്ഥന്‍ കെ.സി. നരേന്ദ്രന്‍ ക്ലാസ് നയിച്ചു. ആഗസ്റ്റു മുതല്‍ എടുക്കുന്ന കുടുംബശ്രീ വായ്പകള്‍ക്കുള്ള സബ്‌സിഡിയും മുന്‍വായ്പകള്‍ക്കുള്ള സബ്‌സിഡിയും പുതിയ വായ്പാപദ്ധതിയും ആ ചടങ്ങില്‍ പ്രസിഡന്റ് എസ്.ബി. ജയരാജ് പ്രഖ്യാപിച്ചു. ജൂണിലാണു വെളിയത്തുനാട് ബാങ്കിന്റെ സഹകരണവിപണി ആരംഭിച്ചത്. കരുമാല്ലൂര്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. ജൂലായില്‍ അന്താരാഷ്ട്ര സഹകരണദിനത്തില്‍ ഇഫ്‌കോയുടെ നാനോ വളങ്ങളെക്കുറിച്ചു കര്‍ഷകരെ ബോധവത്കരിച്ചു. ജൂലായില്‍ സൈന്‍ സൊസൈറ്റിയുടെയും ചൈതന്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യനേത്രചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. ബി.ജെ.പി. സംസ്ഥാനവൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 150 പേരുടെ കണ്ണു പരിശോധിച്ചു. 35 പേര്‍ക്കു സൗജന്യതിമിര ശസ്ത്രക്രിയ ഡോക്ടര്‍ നിര്‍ദേശിച്ചു. 25 പേര്‍ക്കു സൗജന്യനിരക്കില്‍ കണ്ണട നല്‍കി. ജൂലായില്‍ത്തന്നെ തപാല്‍വകുപ്പിന്റെ സഹകരണത്തോടെ ആധാര്‍പുതുക്കല്‍മേള നടത്തി. ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ കാര്‍ഷികസെമിനാറും നടത്തി. ആഗസ്റ്റില്‍ ഒരു നേത്രചികിത്സാക്യാമ്പ്കൂടി നടത്തി. സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. 160 പേരെ പരിശോധിച്ചു. 55 പേര്‍ക്കു തുടര്‍ചികിത്സ സൗജന്യമായി നല്‍കും. 35 പേര്‍ക്കു കണ്ണട നല്‍കി. ഓണക്കാലത്തു നാലു ദിവസത്തെ ഗൃഹോപകരണമേള സംഘടിപ്പിച്ചിരുന്നു. വ്യവസായി എ.കെ. നസീര്‍ ഉദ്ഘാടനം ചെയ്തു. 15 കമ്പനികള്‍ പങ്കെടുത്തു.
2011 മുതല്‍ എസ്.ബി. ജയരാജാണു ബാങ്കിന്റെ പ്രസിഡന്റ്. പ്രദീപ് ജോണാണു വൈസ് പ്രസിഡന്റ്. രമേശ് പി.പി, എ.കെ. സന്തോഷ്, ആര്‍. സുനില്‍കുമാര്‍, അജിതാ രാധാകൃഷ്ണന്‍, സ്മിതാ സുരേഷ്, റീന പ്രകാശന്‍, വി.എം. ചന്ദ്രന്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. സ്വതന്ത്രസഹകരണമുന്നണി എന്ന പാനലിലാണ് ഇവര്‍ മത്സരിച്ചു ജയിച്ചത്. 1996 മുതല്‍ ഈ മുന്നണിയാണു ബാങ്ക് ഭരിക്കുന്നത്. സുജാത പി.ജി. ആണു സെക്രട്ടറി-ഇന്‍-ചാര്‍ജ്. സെക്രട്ടറിയടക്കം 17 ജീവനക്കാരാണുള്ളത്.
കൊക്കൂണ്‍, കാര്‍ഷിക
സഹായകേന്ദ്രം
കാര്‍ഷികപ്രധാനമാണു ബാങ്കിന്റെ പ്രവര്‍ത്തനം. വാഴക്കൃഷിയും നെല്‍ക്കൃഷിയുമാണു മേഖലയില്‍ കൂടുതല്‍. നെല്‍ക്കര്‍ഷകര്‍ക്ക് ഒന്നര ലക്ഷം രൂപ പലിശരഹിതവായ്പ നല്‍കുന്നുണ്ട്. വാഴക്കൃഷിക്കു നാലു ശതമാനം മാത്രം പലിശക്കു മൂന്നു ലക്ഷംരൂപ വരെ നല്‍കുന്നു. കൂണ്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ കൊക്കൂണ്‍ എന്ന ബ്രാന്റ്‌നാമത്തില്‍ ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സഹകരണഎക്‌സ്‌പോയില്‍ വ്യവസായമന്ത്രി പി. രാജീവ് ഇവ പുറത്തിറക്കി. മന്ത്രി രാജീവ് മുന്‍കൈയെടുത്തു കളമശ്ശേരി മണ്ഡലത്തിലെ 17 സഹകരണസംഘങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റില്‍ നടന്ന കാര്‍ഷികോത്സവത്തിലും ബാങ്ക് സ്റ്റാള്‍ ഒരുക്കി കൊക്കൂണ്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി. ഇവിടെ നടന്‍ കൈലാഷിനു ബാങ്ക് സെക്രട്ടറി-ഇന്‍-ചാര്‍ജ് സുജാത പി.ജി. കൊക്കൂണ്‍ ഉല്‍പ്പന്നങ്ങള്‍ കൈമാറുകയുണ്ടായി. കൂണ്‍പൊടി മാത്രമുള്ളതും കൂണും ചക്കപ്പൊടിയും ചേര്‍ന്നതും കൂണും കണ്ണങ്കായപ്പൊടിയും ചേര്‍ന്നതുമായ മൂന്ന് ഉല്‍പ്പന്നങ്ങളാണുള്ളത്. വിപണിയില്‍ അവതരിപ്പിക്കല്‍മാത്രമാണു കഴിഞ്ഞിട്ടുള്ളത്. ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനു നീക്കങ്ങള്‍ നടന്നുവരികയാണ്. ഇതിനായി കൂണ്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ള സ്വയംസഹായസംഘങ്ങളെയും (എസ്.എച്ച്.ജി ) സംയുക്ത ബാധ്യതാസംഘങ്ങളെയും (ജെ.എല്‍.ജി) വ്യക്തികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കും. കര്‍ഷകരുടെ വിപുലമായ യോഗം സംഘടിപ്പിക്കുന്നുണ്ട്. അതില്‍നിന്നു താല്‍പ്പര്യമുള്ളവരെ കണ്ടെത്തും. അവര്‍ക്കു പരിശീലനവും സാധനസാമഗ്രികളും വായ്പാസബ്‌സിഡി അടക്കമുള്ള സഹായങ്ങളും നല്‍കും. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കൂണ്‍ മുഴുവന്‍ ബാങ്ക് സംഭരിക്കും. ആ കൂണുകള്‍കൊണ്ടു വിവിധ മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കും. ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളവയ്ക്കു പുറമെ മറ്റു പച്ചക്കറി-പഴംഇനങ്ങളും കൂണും ചേര്‍ത്ത് ആകെ പത്തിനം ഉല്‍പ്പന്നങ്ങളാണ് ഇറക്കുക. ഇവ റെഡി ടു കുക്ക് ആയും റെഡി ടു ഈറ്റ് ആയും തയാറാക്കും. കരുമാല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിനെ കൂണ്‍കൃഷിഗ്രാമമാക്കാന്‍ കൃഷിഭവനുകള്‍മുഖേന യത്‌നിക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൊക്കൂണ്‍സംരംഭത്തിന് ഏറെ ഗുണകരമാകുമെന്നാണു പ്രതീക്ഷ.
വെളിയത്തുനാട്ടില്‍ ബാങ്കിനുള്ള 14 സെന്റില്‍ രണ്ടു കോടി രൂപയുടെ കാര്‍ഷികസഹായഇടപെടല്‍കേന്ദ്രം (അഗ്രികള്‍ച്ചറല്‍ ഇന്റര്‍വെന്‍ഷന്‍ സെന്റര്‍) സ്ഥാപിക്കാന്‍ ബാങ്കിന് അനുമതി കിട്ടിയിട്ടുണ്ട്. കാര്‍ഷികഅടിസ്ഥാന സൗകര്യവികസനനിധി (അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് – എ.ഐ.എഫ്) പ്രകാരമുള്ള പദ്ധതിയാണിത്. 1,94,00,000 രൂപയാണു പദ്ധതിച്ചെലവ്. 1,70,00,000 രൂപ നബാര്‍ഡ് നല്‍കും. 24 ലക്ഷംരൂപ ബാങ്ക് വഹിക്കും. ആലുവ കേന്ദ്രമാക്കിയുള്ള അഗ്രോ നേച്ചറാണു കണ്‍സള്‍ട്ടന്റുമാര്‍. ചക്കയും കപ്പയും മാങ്ങയും ജാതിക്കയുമടക്കം എല്ലാത്തരം കാര്‍ഷികോല്‍പ്പന്നങ്ങളും സംഭരിച്ചു കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കഴിയുന്ന കോള്‍ഡ് സ്‌റ്റോറേജ് സൗകര്യം ഏര്‍പ്പെടുത്തലാണു പദ്ധതിയില്‍ പ്രധാനം. സ്ഥലത്തു നിര്‍മാണപ്രവര്‍ത്തനം വൈകാതെ ആരംഭിക്കും. കാര്‍ഷികസര്‍വകലാശാലയുടെ മണ്ണുത്തിയിലെ നഴ്‌സറിയുടെ മാതൃകയില്‍ ഒരു നഴ്‌സറിയും ഉദ്ദേശിക്കുന്നുണ്ട്. വിത്തുല്‍പ്പാദന-സംരക്ഷണപ്രവര്‍ത്തനം, കാര്‍ഷികോപകരണങ്ങള്‍ വാങ്ങി വാടകയ്ക്കു നല്‍കുന്ന (ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരുടെ സേവനമടക്കം) സംവിധാനം എന്നിവയും വിഭാവന ചെയ്യുന്നുണ്ട്. കാര്‍ഷികപരിശീലനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസ്‌റൂമും ഉണ്ടാക്കും. കൃഷി ഓഫീസറുടെ സേവനവും ഹൈടെക് കൃഷിലാബും ഇവിടെയുണ്ടാകും.
എല്ലാ വാര്‍ഡിലും
പച്ചക്കറിക്കൃഷി
ബാങ്കിന്റെ ശ്രമഫലമായി എല്ലാ വാര്‍ഡിലും പച്ചക്കറിക്കൃഷി നടക്കുന്നുണ്ട്. 257 എസ്.എച്ച്.ജികളും 275 ജെ.എല്‍.ജി.കളും കൃഷി ചെയ്യുന്നു. വെളിയത്തുനാട്ടില്‍ ആദ്യമായി ചെണ്ടുമല്ലി കൃഷി ചെയ്തതു ബാങ്കിന്റെ ആഭിമുഖ്യത്തിലാണ്. വളംസബ്‌സിഡി അടക്കമുള്ള സഹായങ്ങള്‍ ബാങ്ക് ചെയ്തു. അഞ്ചു ഗ്രൂപ്പുകളാണു കഴിഞ്ഞ വര്‍ഷം ഓണക്കാലത്തു ചെണ്ടുമല്ലി വളര്‍ത്തിയത്. അതു നല്ല വിജയമായി. വളരെ വാര്‍ത്താപ്രാധാന്യവും കിട്ടി. അതുകണ്ട് കൂടുതല്‍ പേര്‍ പൂക്കൃഷി ചെയ്തു. പക്ഷേ, ഇത്തവണ കാലാവസ്ഥ കുറച്ചു പ്രതികൂലമായി. ആലങ്ങാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയും വെളിയത്തുനാട് സഹകരണ ബാങ്കും ആലുവ ബ്ലോക്ക് കൃഷിഭവനും തൊഴിലുറപ്പുപദ്ധതിയും സംയുക്തമായി വെളിയത്തുനാട് ആറ്റിപ്പുഴക്കാവിനു സമീപം ഒന്നരയേക്കറിലാണു പൂക്കൃഷി നടത്തിയത്. ബാങ്ക് പരിധിയില്‍ ഒട്ടും തരിശുഭൂമിയില്ല. അത്രയ്ക്കു വ്യാപകമാണിവിടെ കൃഷി.
നിക്ഷേപ,വായ്പാ
പദ്ധതികള്‍
പല സലകളിലുള്ള 33 എം.ഡി.എസുകള്‍ അടക്കമുള്ള നിക്ഷേപപദ്ധതികള്‍ ബാങ്കിനുണ്ട്. വിവിധ വായ്പാപദ്ധതികളുമുണ്ട്. 2019-20 ല്‍ ബാങ്ക് വായ്പകളുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. വസ്തുപണയവായ്പയും ഓവര്‍ഡ്രാഫ്റ്റും വസ്തുവാങ്ങാനുള്ള വായ്പയും 20 ലക്ഷം രൂപ വരെയാക്കി. ഭവനവായ്പ 10 ലക്ഷം രൂപ, വാഹനവായ്പ ഏഴു ലക്ഷം രൂപ, വിദ്യാഭ്യാസവായ്പ അഞ്ചു ലക്ഷം രൂപ, കുടുംബശ്രീവായ്പ 20 ലക്ഷം രൂപ എന്നിങ്ങനെയും വര്‍ധിപ്പിച്ചു. വസ്തുവായ്പകളുടെ കാലാവധി 10 വര്‍ഷമാക്കി. 20 അംഗങ്ങള്‍വരെയുള്ള കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ക്കാണ് ഒരംഗത്തിന് ഒരു ലക്ഷം എന്ന തോതില്‍ 20 ലക്ഷം രൂപ വായ്പ കൊടുക്കുന്നത്. മുന്‍വായ്പ കൃത്യമായി അടച്ച വനിതകള്‍ക്കു മൂന്നു വനിതകളുടെ ജാമ്യത്തില്‍ വനിതാമിത്ര എന്ന ഒരു ലക്ഷം രൂപയുടെ വായ്പയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സാസഹായമായി 75,000 രൂപ സ്‌പോട്ട്‌ലോണ്‍ ആയിത്തന്നെ നല്‍കും. പലിശയില്ലാത്ത വായ്പയാണിത്. 50,000 രൂപയുടെ വ്യക്തിഗതവായ്പയും സ്‌പോട്ട്‌ലോണ്‍ നല്‍കും.
ബാങ്കിന് ആംബുലന്‍സുണ്ട്. അംഗങ്ങളുടെ മരണാവശ്യങ്ങള്‍ക്കു ഇതു സൗജന്യമായി നല്‍കും. മറ്റുള്ളവരില്‍നിന്നായാലും കുറഞ്ഞനിരക്കേ വാങ്ങാറുള്ളൂ. മൊബൈല്‍ ഫ്രീസറുമുണ്ട്. അതും അംഗങ്ങള്‍ക്കു മരണാവശ്യങ്ങള്‍ക്കു സൗജന്യമാണ്. മറ്റുള്ളവരില്‍നിന്നു പുറത്തുള്ള നിരക്കിന്റെ 50 ശതമാനമേ ഈടാക്കുന്നുള്ളൂ. ബാങ്ക്പരിധിയിലെ എല്ലാ അംഗന്‍വാടികളിലെയും കുട്ടികള്‍ക്കു ബാങ്ക് സൗജന്യമായി കൡപ്പാട്ടങ്ങളും മറ്റും നല്‍കുന്നുണ്ട്. അംഗങ്ങളുടെ മക്കള്‍ക്കു സൗജന്യമായി പഠനോപകരണങ്ങളും നല്‍കുന്നു. നിര്‍ധനവിദ്യാര്‍ഥികള്‍ക്കും പഠനസഹായം നല്‍കും. വി.സി. അഹമ്മദുണ്ണി പുരസ്‌കാരം, ഫ്‌ളയിങ് സൂരജ്പിള്ള പുരസ്‌കാരം, ചന്ദ്രശേഖര എന്‍ഡോവ്‌മെന്റ്, മണിയേലില്‍ കൃഷ്ണപിള്ള എന്‍ഡോവ്‌മെന്റ് എന്നിവ നല്‍കിവരുന്നുണ്ട്.
ആറ്റിപ്പുഴക്കാവിനോടു ചേര്‍ന്നുള്ള തുരുത്തു കേന്ദ്രീകരിച്ചു സര്‍ക്കാരിന്റെ സഹകരണത്തോടെ ഒരു ഫാംടൂറിസം പദ്ധതി ആലോചനയിലുണ്ടെന്നു പ്രസിഡന്റ് എസ്.ബി. ജയരാജ് പറഞ്ഞു. കാര്‍ഷികമേഖലയുടെയും ടൂറിസത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തും. നബാര്‍ഡ്‌സഹായത്തോടെ ഒരു സ്‌പോര്‍ട്‌സ് അക്കാദമിയും ആസൂത്രണം ചെയ്യുന്നുണ്ട്. വെളിയത്തുനാട്ടില്‍ 70 സെന്റ് പാട്ടത്തിനെടുത്തു ടര്‍ഫും മറ്റും ഒരുക്കും. ഇങ്ങനെയൊക്കെ യുവാക്കളെ കായികരംഗത്തേക്ക് ആകര്‍ഷിച്ചാല്‍ ലഹരിമരുന്നുകള്‍ക്ക് അടിപ്പെടുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാമെന്നാണു പ്രതീക്ഷ. ബാങ്കിന്റെ ലാബില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍കൂടി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
(മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)