കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനം: പ്രാഥമിക സംഘങ്ങള്‍ക്ക് രണ്ടു കോടി രൂപവരെ വായ്പ നല്‍കുന്നു

Deepthi Vipin lal

കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി ( Agriculture Infrastructure Fund )  പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു രണ്ടു കോടി രൂപവരെ വായ്പ നല്‍കുന്നു. കേരള ബാങ്കില്‍ നിന്നു വായ്പ ഉറപ്പു വരുത്തുന്ന ഈ പദ്ധതിക്കു അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാ ഫണ്ട് പദ്ധതിയിലൂടെ മൂന്നു ശതമാനം സബസിഡി കിട്ടുന്നതോടെ ഫലത്തില്‍ പലിശ ഒരു ശതമാനമായി മാറും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് രണ്ടു കോടി വരെയുള്ള പ്രാഥമിക മൂല്യവര്‍ധിത സംരംഭ വായ്പകള്‍ക്കു ( വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ) പ്രപ്പോസലുകള്‍ സമര്‍പ്പിക്കാം.

 

തിരിച്ചടവു കാലാവധി പരമാവധി ഏഴു വര്‍ഷമാണ്. ഇതിനു മൂന്നു ശതമാനം പലിശ സബ്‌സിഡി കിട്ടും. വായ്പകള്‍ക്ക് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ മൊറട്ടോറിയമുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഈ പദ്ധതിക്കു ലഭിക്കും. വിശദ വിവരങ്ങളും മാതൃകാ പ്രോജക്ടുകളും agriinfra.dac.gov.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

ഗുണഭോക്താക്കള്‍

കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍ ( എഫ്.പി.ഒ. കള്‍, എഫ്.പി.ഒ. കൂട്ടായ്മകള്‍, JLG, SHG കൂട്ടായ്മകള്‍, കാര്‍ഷിക സംരംഭങ്ങള്‍, മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണല്‍ ഫെഡറേഷന്‍സ് ഓഫ് കോ-ഓപ്പറേറ്റീവ്‌സ്, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയും സമൂഹക്കൃഷി, ജൈവവളം ഉല്‍പ്പാദനം, സൂക്ഷ്മ കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജൈവ ഉത്തേജന ഉല്‍പ്പാദന യൂണിറ്റ്, കേന്ദ്ര-സംസ്ഥാന- പ്രാദേശിക സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുന്ന പി.പി.പി. പദ്ധതികള്‍, അവയുടെ ഏജന്‍സികള്‍, വിതരണ ശൃംഖലകളുടെ അടിസ്ഥാന സൗകര്യ-കയറ്റുമതി സംഘങ്ങള്‍ എന്നിവയും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.


കാര്‍ഷിക വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യ വികസനം, കമ്യൂണിറ്റി ആസ്തി വികസനം, വിഭവ സമാഹരണം എന്നീ മേഖലകളുടെ ശക്തിപ്പെടുത്തലിനും വികസനത്തിനുമായി വിഭാവനം ചെയ്ത ഈ പദ്ധതി കേരളത്തില്‍ സഹകരണ മേഖലയിലൂടെയും നടപ്പാക്കുന്നു.

യോഗ്യമായ പദ്ധതികള്‍

സൂക്ഷ്മകൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജൈവ ഉത്തേജന ഉല്‍പ്പാദന യൂണിറ്റ് ( വിത്തുല്‍പ്പാദനം, ടിഷ്യൂകള്‍ച്ചര്‍ നഴ്‌സറി ), ജൈവവള ഉല്‍പ്പാദനം, വിതരണ ശൃംഖലകളുടെ അടിസ്ഥാന സൗകര്യം, പാക്ക്ഹൗസ്, കാര്‍ഷിക പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ( വൃത്തിയാക്കല്‍, ഉണക്കല്‍, തരംതിരിക്കല്‍, ഗുണനിലവാരമനുസരിച്ച് തരംതിരിക്കല്‍ ), സംഭരണ കേന്ദ്രങ്ങള്‍ ( വെയര്‍ഹൗസ്, സിലോസ്, കോള്‍ഡ് സ്റ്റോറേജ് ), ഇ-മാര്‍ക്കറ്റിങ് സൗകര്യമുള്ള വിതരണശൃംഖല, യോഗ്യതയുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ടുകളില്‍ സോളാര്‍ പാനല്‍ നിര്‍മാണം, റൈസ്-ഫ്‌ളോര്‍മില്‍, ഓയില്‍ മില്‍, സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിക്കല്‍, ശര്‍ക്കര-പഞ്ചസാര സംസ്‌കരണം എന്നിവയാണു ആനുകൂല്യം കിട്ടുന്ന പദ്ധതികള്‍.

യോഗ്യമായ വിളകള്‍

ധാന്യങ്ങള്‍ ( ഗോതമ്പ, നെല്ല് മുതലായവ ), പഴങ്ങള്‍-പച്ചക്കറികള്‍, എണ്ണക്കുരു-പയര്‍ വര്‍ഗങ്ങള്‍, കരിമ്പ്, കൊക്കോ, കാപ്പി, കശുവണ്ടി, മുരിങ്ങ, തേയില, റബ്ബര്‍, ഔഷധവിളകള്‍ എന്നിവയാണു പദ്ധതിക്കു യോഗ്യമായ വിളകള്‍.

ബന്ധപ്പെടേണ്ട വിലാസം : സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ്, ജവഹര്‍ സഹകരണ ഭവന്‍, ഡി.പി.ഐ. ജംഗ്ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695 014. ഫോണ്‍: 0471- 2330726.

Leave a Reply

Your email address will not be published.