കാര്‍മേഘ കുടക്കീഴില്‍ കരുത്തു നേടിയ കല്ലടിക്കോട് ബാങ്ക്
ബാങ്കിങ് ഫ്രോണ്ടിയേഴ്‌സിന്റെ ദേശീയ പുരസ്‌കാരം നേടിയ പാലക്കാട്ടെ കല്ലടിക്കോട് സഹകരണ ബാങ്ക് സേവനത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് നടന്നടുക്കുകയാണ്. 250 രൂപയുടെ മൂലധനത്തില്‍ തുടങ്ങിയ ബാങ്കിനിപ്പോള്‍ 133 കോടിയുടെ നിക്ഷേപമുണ്ട്. മുപ്പതിനായിരത്തോളം അംഗങ്ങളുമുണ്ട്.
ആകാശക്കുടയില്‍ മിക്കപ്പോഴും കാര്‍മേഘക്കോപ്പ്. കല്ലടിക്കോടിന്റെ കനിവും കരുത്തുമാണത്. പഴയ മദിരാശി – കോഴിക്കോട് ട്രങ്ക് റോഡില്‍ മണ്ണാര്‍ക്കാടിനും ഒലവക്കോടിനുമിടയില്‍ ഒരു ചെറുപട്ടണമായി കല്ലടിക്കോട് ഉയര്‍ന്നു വന്നതില്‍ ഇവിടത്തെ നനവിന്റെയും തണുപ്പിന്റെയും ഹരിത സമൃദ്ധിക്ക് നിര്‍ണായക പങ്കുണ്ട്. കാര്‍ഷിക മേഖലയെ പിടിച്ചുയര്‍ത്തുന്നതിനൊപ്പം വാണിജ്യത്തിന്റെ വികസന സാധ്യതകളിലേക്ക് വാതില്‍ തുറന്നിട്ട കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഒരു നാടിന്റെ കരുതല്‍ കരുത്തായി തലയുയര്‍ത്തി നില്‍ക്കുന്നു.
എവിടെ മഴയില്ലെങ്കിലും കല്ലടിക്കോട്ടെ മേഘങ്ങള്‍ ചിലപ്പോള്‍ ഇടിച്ചും കരഞ്ഞും മണ്ണിലേക്കിറങ്ങിയേക്കാം. പാലക്കാടിന്റെ ചിറാപ്പൂഞ്ചിയെന്നു വിളിക്കാവുന്ന ഇവിടത്തെ പ്രകൃതിക്കു മാത്രമല്ല രഹസ്യക്കുപ്പായം; ചരിത്രത്തിനും ഐതിഹ്യങ്ങള്‍ക്കും കൗതുകത്തിന്റെ നിഗൂഢ അറകളുണ്ട്. മന്ത്രവാദികളുടെ ആരാധനാ ദേവതയായ കല്ലടിക്കോട് നീലിയുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന ‘ മുത്തികുളം ‘ കല്ലടിക്കോടന്‍ മലയിലെന്നാണ് വിശ്വാസം. വടകരയിലെ തേനഴിയില്‍ കളങ്ങളും കളരിയുമായിക്കഴിഞ്ഞ കുറുപ്പ•ാര്‍ കല്ലടിക്കോടിന്റെ സംരക്ഷകരായി വന്ന് നാടുവാഴികളായി മാറിയതിന്റെ ചരിത്രശേഷിപ്പുകള്‍. കഥകളിയിലെ കല്ലടിക്കോട് സമ്പ്രദായം. വനമേഖലയില്‍ അപൂര്‍വ ഔഷധ ശേഖരം. മന്ത്രവാദത്തിനു പുറമെ മലമ്പനിയുടെയും ആനപിടിത്തത്തിന്റെയും കേന്ദ്രം കൂടിയായിരുന്നു ഈ സഹ്യപര്‍വതയോരം.
കുടിയേറ്റത്തിന്റെ വഴിവെട്ടലില്‍ ചരിത്രവും ഐതിഹ്യങ്ങളും നിഴല്‍രൂപങ്ങളായി. ഭക്ഷ്യ വിളകള്‍ക്കൊപ്പം റബ്ബറും വ്യാപകമായത് കല്ലടിക്കോടിന്റെ ധനസ്ഥിതി ഉയര്‍ത്തി. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് അതിന് സ്ഥിരതയേകി. കരിമ്പ പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലൊന്നായ കല്ലടിക്കോട്ട് ചെറുതും വലുതുമായ പതിനാറ് ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് സഹകരണ ബാങ്ക് ജനപ്രീതി നേടിയെന്നതു ശ്രദ്ധേയമാണ്.
നടത്തം നൂറിലേക്ക്
കല്ലടിക്കോട് മലയുടെ കനിവായ തുപ്പനാട് പുഴയുടെ തീരത്ത് 1923 ല്‍ ഐക്യനാണയ സംഘമായി തുടങ്ങുമ്പോള്‍ അഞ്ചു രൂപ ഓഹരി നിരക്കില്‍ 250 രൂപയായിരുന്നു മൂലധനം. നെല്ല് സംഭരണവും റേഷന്‍ വിതരണവുമായി തുടക്കത്തില്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും ആശക്കൊപ്പം നീങ്ങിത്തുടങ്ങി. കല്ലടിക്കോട്ടെ ആദ്യ അധികാരി മലങ്കാട്ടില്‍ ചെല്ലപ്പന്‍ നായരായിരുന്നു തുടക്കത്തില്‍ സംഘത്തിന്റെ പ്രസിഡന്റ്. പിന്നീട് ഗോപി നായരും മാധവന്‍ നായരും ഭരണസമിതികളെ നയിച്ചു. പൊതുതിരഞ്ഞെടുപ്പിലൂടെ ആദ്യ പ്രസിഡന്റായത് കുഞ്ഞുണ്ണിക്കുറുപ്പായിരുന്നു. 1964 ല്‍ സര്‍വീസ് സഹകരണ സംഘമായി. 1975 ല്‍ ബാങ്കായി ഉയര്‍ന്നു. ഇന്ന് ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുമായി ജില്ലയിലെ മുന്‍നിര സഹകരണ ബാങ്കാണിത്. 2018-19 ലെ മികച്ച പ്രവര്‍ത്തനത്തിന് ബാങ്കിങ് ഫ്രോണ്ടിയേഴ്‌സിന്റെ ദേശീയ പുരസ്‌കാരം ബാങ്കിന് ലഭിച്ചത് ശതാബ്ദിവഴിയിലെ മികച്ച നേട്ടങ്ങളിലൊന്നാണ്.
മാറ്റിമറിച്ച പതിറ്റാണ്ടുകള്‍
സാധാരണ ധനകാര്യ രീതികളില്‍ നിന്ന് ബാങ്ക് ചുവടുമാറ്റി നീങ്ങിയത് രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ്. 2000 ല്‍ വെറും മൂന്നു കോടി രൂപ മാത്രം നിക്ഷേപമുണ്ടായിരുന്നത് ഇന്ന് 133 കോടിയായി ഉയര്‍ന്നു. മുപ്പതിനായിരത്തോളം വരുന്ന അംഗബലമുണ്ടായി. 95 കോടി രൂപയുടെ വായ്പാ സഹായവും ചൊരിഞ്ഞു. കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിയുള്ള രണ്ടു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനം ഭരണസമിതികളുടെ ജനകീയ നിലപാടുകളില്‍നിന്ന് ഉടലെടുത്തതാണ്. ഒരു പൊതുപ്രവര്‍ത്തന പരിശീലനക്കളരിയാണ് ബാങ്കിന്റെ സഹകാരി രംഗം. ബാങ്ക് ഭരണസമിതികളിലിരുന്ന് ജനകീയരായവരില്‍ പലരും തദ്ദേശ സ്ഥാപന തലവ•ാരും അംഗങ്ങളുമായത് അങ്ങനെയാണെന്ന് ഇപ്പോള്‍ കരിമ്പ ഗ്രാമപ്പഞ്ചായത്ത് അംഗം കൂടിയായ ബാങ്ക് പ്രസിഡന്റ് എ.എം. മുഹമ്മദ് ഹാരിസ് പറയുന്നു.
മാപ്പിള സ്‌കൂള്‍ ജംഗ്ഷനിലുള്ള ഹെഡ് ഓഫീസിനു പുറമെ ഇടക്കുറുശ്ശി, ചൂരക്കോട്, ചുങ്കം എന്നിവിടങ്ങളില്‍ ബാങ്കിന് ശാഖകളുണ്ട്. ആസ്ഥാന മന്ദിരം കഴിഞ്ഞ വര്‍ഷം ഒന്നരക്കോടി രൂപ ചെലവില്‍ പുതുക്കിപ്പണിതു. പൂര്‍ണമായും ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും ബാങ്കിങ് കൗണ്ടറുകളും ആധുനിക രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹെഡ് ഓഫീസിലെ പണമിടപാടുകള്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു മണിവരെയുണ്ട്. കോര്‍ ബാങ്കിങ് സംവിധാനമുള്ളതിനാല്‍ എല്ലാ ശാഖയിലെയും ഇടപാടുകള്‍ ഒരിടത്തു നടത്താന്‍ കഴിയുമെന്നതുകൊണ്ട്, ഹെഡ് ഓഫീസിന്റെ പ്രവര്‍ത്തന സമയം നീട്ടിയത് ഇടപാടുകാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായെന്ന് സെക്രട്ടറി ബിനോയ് ജോസഫ് പറഞ്ഞു.
വനിതാ മുന്നേറ്റം
വായ്പകളിലെ സ്ത്രീപക്ഷ നിലപാട് ബാങ്കിനെ കൂടുതല്‍ ജനകീയമാക്കുന്നതിന് ഇടയാക്കി. വനിതകള്‍ക്ക് കൂടുതല്‍ ആശ്വാസത്തിനും അതുവഴി കുടുംബങ്ങളിലെ ധനസ്ഥിരതക്കും ഉതകുംവിധം വായ്പകള്‍ ഉദാരമായി അനുവദിക്കുന്ന സമീപനമാണ് ബാങ്ക് സ്വീകരിക്കുന്നതെന്ന് മുന്‍ പ്രസിഡന്റും ഭരണസമിതി അംഗവുമായ യൂസഫ് പാലക്കല്‍ പറഞ്ഞു.
കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്ക് പുറമെ ജെ.എല്‍.ജി., കുടുംബശ്രീ, മുറ്റത്തെ മുല്ല തുടങ്ങിയ വനിതാ വായ്പാ പദ്ധതികളില്‍ വന്‍ മുന്നേറ്റമാണ് ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്നത്. വിവാഹം, ചികിത്സ, വ്യാപാരം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളും നിലവിലുണ്ട്. വായ്പകളിലെ ഈ പരന്നൊഴുക്ക് ബാങ്കിന് തുടര്‍ച്ചയായി ലാഭനേട്ടമുണ്ടാക്കുന്നു. നോട്ട് അസാധുവാക്കലിന്റെ പ്രതിസന്ധി ഘട്ടത്തിലും 2017-18 ല്‍ 33 ലക്ഷം രൂപ ലാഭം നേടി. ഇതില്‍ ഒരു വിഹിതം പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാരിന് നല്‍കി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, ബ്ലോക്കിലെ പത്തോളം വരുന്ന സഹകരണ ബാങ്കുകളെ ബന്ധപ്പെടുത്തി നെല്ല് സംഭരണം, സംസ്്കരണം, വിപണനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് യൂസഫ് പാലക്കല്‍ ഓര്‍മിച്ചു.
ആരോഗ്യവലയം
നാട്ടുകാരുടെ ആരോഗ്യ പരിപാലനം കൂടി ജനകീയ സഹകരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് കല്ലടിക്കോട് ബാങ്കിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ ചികിത്സാ രംഗത്തു വിവിധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ബാങ്ക് മുന്നിട്ടിറങ്ങിയത്. നീതി മെഡിക്കല്‍ സ്റ്റോര്‍, ആധുനിക സജ്ജീകരണങ്ങളോടെ നീതി ലാബ്, മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയുള്ള ക്ലിനിക്ക് എന്നിവയ്ക്കു പുറമെ ഡയാലിസിസ് കേന്ദ്രവും ബാങ്കിന്റേതായിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ പ്രതിദിനം ആറു പേര്‍ക്ക് ഡയാലിസിസ് നടത്താന്‍ ഈ കേന്ദ്രത്തില്‍ സാധിക്കും. ഡയാലിസിസ് ആവശ്യമായ നാല്പതോളം രോഗികള്‍ പഞ്ചായത്തില്‍ പ്രയാസം നേരിടുന്നുവെന്ന അറിവിന്റെ വെളിച്ചത്തിലാണ് ബാങ്ക് ഈ സാന്ത്വന കേന്ദ്രം തുറന്നതെന്ന് മുന്‍ പ്രസിഡന്റ് കൂടിയായ ഭരണസമിതി അംഗം കെ.കെ.ചന്ദ്രന്‍ പറഞ്ഞു. സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കാന്‍ ബാങ്ക് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും സഹായകരമായി വളം ഡിപ്പോയും നീതി സ്റ്റോറും ബാങ്ക് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സാധനങ്ങള്‍ നല്‍കാന്‍ നീതി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്ന കാര്യം ആലോചനയിലുണ്ടെന്ന് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് പറഞ്ഞു. അംഗങ്ങളുടെ മരണാനന്തരം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയും പരിഗണനയിലാണ്. വാഹന വായ്പയും നടപ്പാക്കും.
ഉത്സവകാല ചന്തകള്‍ , വൃക്ഷത്തൈ വിതരണം തുടങ്ങി സര്‍ക്കാര്‍ പരിപാടികളെല്ലാം നടത്താന്‍ ബാങ്ക് മുന്‍പന്തിയിലാണെന്ന് സെക്രട്ടറി ബിനോയ് ജോസഫ് പറഞ്ഞു. പൊതു വിദ്യാലയങ്ങള്‍ക്ക് ബാങ്ക് സഹായം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ പഠന മികവിന് ഉപഹാരം നല്‍കുന്നു. രണ്ട് വിദ്യാര്‍ഥികളുടെ ഉപരിപഠനച്ചെലവ് പൂര്‍ണമായും ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. സ്ഥിരവും താല്‍ക്കാലികവുമായ 54 ജീവനക്കാരുടെ കൈകോര്‍ക്കലാണ് ഭരണസമിതിയുടെ ജനകീയ പദ്ധതികള്‍ തിളക്കമാര്‍ന്ന രീതിയില്‍ നടപ്പാക്കാന്‍ സഹായകരമാകുന്നതെന്ന് സെക്രട്ടറി പറഞ്ഞു.
ജോണ്‍ കുര്യന്‍ വൈസ് പ്രസിഡന്റായുള്ള ഭരണ സമിതിയില്‍ വി.കെ. ഷൈജു, വി.സി. ഉസ്മാന്‍, എം.എ. അബ്ദുല്‍ റഷീദ്, സുജാത, സജിനി ജെസ്റ്റിന്‍, രാധാ ലക്ഷ്മണന്‍, സലീന എന്നിവരും