കായിക കേരളത്തിനു ഒത്തൊരുമയുടെ കാരന്തൂര്‍ മാതൃക

[mbzauthor]

യു.പി. അബ്ദുള്‍ മജീദ്

കളരിയില്‍ നിന്നു വോളിബോളിലേക്കു കളം മാറിയ ഒരു കോഴിക്കോടന്‍ ഗ്രാമം. ദേശീയ, അന്തര്‍ദേശീയ കളിക്കാരെ വാര്‍ത്തെടുക്കുന്ന ഈ ഗ്രാമത്തില്‍ പ്രതിഫലം മോഹിക്കാതെ പ്രവര്‍ത്തിക്കുന്ന നാട്ടുകാരുടെ സംഘശക്തി സദാസമയവും ഉണര്‍വോടെയുണ്ട്.

‘എട്ടാം മൈലിലെ കെട്ട് ‘ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കോഴിക്കോട്ടുകാരുടെ മനസ്സില്‍ തെളിഞ്ഞുവരുന്ന കുറെ പഴയ ചിത്രങ്ങളുണ്ട്. നഗരത്തില്‍ നിന്നു എട്ടു മൈല്‍ അകലെ വയനാട് റോഡിലെ കാരന്തൂര്‍ അങ്ങാടി. ഇരുഭാഗത്തും പപ്പടം ഉണക്കാനിട്ടിരിക്കുന്ന റോഡ്. മരച്ചക്കിലാട്ടിയ വെളിച്ചെണ്ണ വില്‍ക്കുന്ന കടകള്‍ക്കിടയില്‍ നാട്ടിലെ പേരെടുത്ത ഗുരുക്കന്മാരുടെ ബോര്‍ഡ് വെച്ച ചെറിയ മുറികള്‍. കയ്യൊടിഞ്ഞും കാലുളുക്കിയും തുടയെല്ലു പൊട്ടിയുമൊക്കെ വടക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ചികില്‍സ തേടിയെത്തുന്നവര്‍. അഞ്ച് കി. മീറ്റര്‍ അകലെ മെഡിക്കല്‍ കോളേജ് ആശുപത്രി ഉണ്ടായിട്ടും എല്ലിനു കുഴപ്പം വന്നാല്‍ എട്ടാം മൈലിലെ കെട്ടില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍. ഉഴിച്ചിലിനും പിഴിച്ചിലിനുമുള്ള ഓലപ്പുരകളും കൂടെ കളരിക്കളങ്ങളും നിറഞ്ഞ ഉള്‍നാട്. എന്നാല്‍, കാരന്തൂര്‍ ഇപ്പോള്‍ പഴയ എട്ടാം മൈലല്ല. കുലത്തൊഴിലായ എണ്ണയാട്ടും പപ്പടം പരത്തലും എല്ലാരും കൈവിട്ടു. കടത്തനാടന്‍ രീതിയിലാണു കാരന്തൂരിന്റെ മാറ്റം. കളരിക്കളങ്ങളില്‍ നിന്നു മെയ്‌വഴക്കത്തിന്റെ കളിയായ വോളിബോളിലേക്കാണു മാറിയത്.

കളിയില്‍ താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയ രീതിയില്‍ പരിശീലനം നല്‍കുന്നതില്‍ മാത്രമൊതുങ്ങുന്നില്ല കാരന്തൂരിന്റെ വോളിബോള്‍ പെരുമ. ഇന്ത്യയിലെ അറിയപ്പെടുന്ന വോളി ടീമുകളിലേക്കു മികച്ച താരങ്ങളെ സംഭാവന ചെയ്യുന്നതു മാത്രമല്ല കാരന്തൂരിലെ വോളിബോളിന്റെ വിജയഗാഥ. വോളിബോള്‍ കമ്പക്കാരുടെ സംഘം രൂപവല്‍ക്കരിച്ച് ഷെയര്‍ പിരിച്ച് സ്ഥലം വാങ്ങി ഒരു ഇന്‍ഡോര്‍ സ്റ്റേഡിയമടക്കം നാല് കോര്‍ട്ടുകളുണ്ടാക്കിയും കളിക്കാര്‍ക്കു താമസിക്കാനും വിശ്രമിക്കാനും കെട്ടിടം പണിതും കളിച്ച് വിജയമുദ്രകള്‍ വാരിക്കൂട്ടി സ്‌പോര്‍ട് സ് ക്വാട്ടയില്‍ ജോലി നേടാന്‍ നിരവധി പേരെ പ്രാപ്തരാക്കിയും കായിക കേരളത്തിനു മാതൃകയാവുകയാണു കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം മൈല്‍ എന്നറിയപ്പെടുന്ന കാരന്തൂരിലെ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് സൊസൈറ്റി.

സ്വന്തം വീട്ടുവളപ്പില്‍ വോളി കോര്‍ട്ട്

സ്വന്തം വീട്ടുവളപ്പില്‍ വോളിബോള്‍ കോര്‍ട്ടുണ്ടാക്കി പാറ്റയില്‍ അബ്ദുള്‍ ഖാദര്‍ഹാജി 1990 ല്‍ ആരംഭിച്ച വോളി പരിശീലന പരിപാടിയാണു കാരന്തൂരിന്റെ വോളിബോള്‍ കുതിപ്പിനു തുടക്കമിട്ടത്. ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്ന ഖാദര്‍ ഹാജി വോളിയില്‍ ഹരം കയറി കളി നടക്കുന്ന സ്ഥലങ്ങളിലൊക്കെ എത്തുമായിരുന്നു. അക്കാലത്തെ പ്രമുഖ കളിക്കാരുമായി ഖാദര്‍ ഹാജി സൗഹൃദം സ്ഥാപിച്ചിരുന്നു. ഏതാനും കുട്ടികളെ തിരഞ്ഞെടുത്ത് ഖാദര്‍ ഹാജി ആരംഭിച്ച കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രശസ്ത വോളി താരം ജോസ് ജോര്‍ജ് ആയിരുന്നു. ദീര്‍ഘകാല കോച്ചിങ് ക്യാമ്പിനു നല്ല പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചതോടെ ഖാദര്‍ ഹാജിക്കും ആവേശമായി. അതിനിടെ കേരള പോലീസ് വോളി താരം സി. യൂസഫ് കൂടി എത്തിയതോടെ പുതിയ കൂട്ടായ്മ രൂപപ്പെടുകയായിരുന്നു. ചാരിറ്റബ്ള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം 1995 ല്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ ്ആന്റ് ആര്‍ട് സംഘം രജിസ്റ്റര്‍ ചെയ്തതോടെ കാരന്തൂരിലെ വോളിബോള്‍ സ്‌നേഹികള്‍ക്കു ഔദ്യോഗിക വിലാസമായി.

തെല്ലശ്ശേരി അബൂബക്കര്‍ , പടാളിയില്‍ മുഹമ്മദ്, പരപ്പമ്മല്‍ അഷ്‌റഫ് , പൊറ്റമ്മല്‍ റഷീദ്, പാറ്റയില്‍ യൂസഫ്, കെ.പി. മുഹമ്മദ് തുടങ്ങിയവരായിരുന്നു ഖാദര്‍ ഹാജിക്കും സി. യൂസഫിനും പുറമെ പാറ്റേണ്‍ സംഘത്തിന്റെ ആദ്യകാല സംഘാടകര്‍. സ്വന്തമായി വോളിബോള്‍ കോര്‍ട്ടുണ്ടാക്കാനായിരുന്നു സംഘത്തിന്റെ ആദ്യശ്രമം. 10 സെന്റ് സ്ഥലം വില കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചതോടെ പണം കണ്ടെത്താന്‍ ആയിരം രൂപയുടെ 60 ഷെയറുകള്‍ പിരിച്ചു. സ്ഥലം സ്വന്തമാക്കിയതോടെ കോച്ചിങ് കേന്ദ്രത്തിനു ഉണര്‍വായി. വിവിധ പ്രായത്തിലെ ധാരാളം കുട്ടികള്‍ വോളി പരിശീലനം തേടി കേന്ദ്രത്തിലെത്തി. തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നും നഗരത്തില്‍ നിന്നുമൊക്കെ വന്ന കുട്ടികള്‍ക്കു മികച്ച പരിശീലനം നല്‍കാന്‍ യൂസഫിന്റെ നേതൃത്വത്തില്‍ പ്രഗല്‍ഭരായ പരിശീലകരുമെത്തി. ജില്ലാ ലീഗില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പാറ്റേണ്‍ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ വോളിബോളില്‍ ശ്രദ്ധിക്കപ്പെട്ടു. വടകരയും കുറ്റ്യാടിയുമൊക്കെ നിലനിര്‍ത്തിയ മേധാവിത്വമാണു കാരന്തൂരിലെ കുട്ടികള്‍ പിടിച്ചെടുത്തത്.

കളിക്കളങ്ങളുടെ എണ്ണം കൂട്ടാന്‍ 10 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ നല്ലൊരു തുക വേട്ടാത്ത് ചന്ദ്രന്‍ ഗുരുക്കള്‍ കൊടുത്തതോടെ സംഘം പ്രവര്‍ത്തകര്‍ ആവേശത്തിലായി. നഗരത്തില്‍ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാറും വിശ്വനാഥക്കുറുപ്പുമൊക്കെ താല്‍പ്പര്യമെടുത്തപ്പോള്‍ കൂടുതല്‍ സ്ഥലം വാങ്ങി കളിക്കളങ്ങളുടെ എണ്ണം നാലാക്കി ഉയര്‍ത്താന്‍ സംഘത്തിനു കഴിഞ്ഞു. കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യക്തികള്‍ സംഘത്തിനു സഹായഹസ്തം നീട്ടിയപ്പോള്‍ പാറ്റേണ്‍ വോളി പരിശീലന കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി. അതിനിടെ കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിന്റേയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റേയും ധനസഹായങ്ങളുമെത്തി. എം.എല്‍.എ. ഫണ്ടും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹായവും കിട്ടി. 60 സെന്റ് സ്ഥലത്ത് നാല് ഫ്‌ളഡ്‌ലിറ്റ് കളിക്കളങ്ങളും കെട്ടിട സൗകര്യവുമായി. സംഘം ഓഫീസ്, 40 കുട്ടികള്‍ക്കു താമസ സൗകര്യം, ഉപകരണമുറി, വസ്ത്രം മാറാനുള്ള മുറി തുടങ്ങി ഒരു കായിക പരിശീലന കേന്ദ്രത്തിനാവശ്യമായ മിക്ക സൗകര്യങ്ങളും പാറ്റേണ്‍ സംഘം സ്വന്തമാക്കിക്കഴിഞ്ഞു. കോഴിക്കോട്ട് വലിയ മത്സരങ്ങള്‍ വരുമ്പോള്‍ ടീമുകള്‍ പ്രാക്ടീസ് സ്റ്റേഡിയമായി പാറ്റേണ്‍ ഗ്രൗണ്ട് തിരഞ്ഞെടുത്തുതുടങ്ങിയത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെയാണ്.

200 കുട്ടികള്‍ക്കു പരിശീലനം

മൂന്നു ഷിഫ്റ്റുകളിലായി ഇരുനൂറോളം കുട്ടികളാണു പാറ്റേണ്‍ കോച്ചിങ് ക്യാമ്പില്‍ ഇപ്പോള്‍ പരിശീലനം നേടുന്നത്. ധാരാളം പെണ്‍കുട്ടികള്‍ വോളിബോള്‍ പരിശീലനം തേടിയെത്തുന്നതാണു കാരന്തൂരിന്റെ പ്രത്യേകത. ചീഫ് കോച്ച് സി. യൂസഫിനു പുറമെ പ്രമീള, ഷാലിമ, പ്രജിത് കുമാര്‍, ആനന്ദ്, ജിത്തു, ഫാറൂഖ് എന്നിവര്‍ കോച്ചുമാരാണ്. എല്ലാവരും ജില്ലാ, സംസ്ഥാന തലങ്ങളില്‍ അംഗീകാരം നേടിയവര്‍. പ്രഗല്‍ഭരായ പരിശീലകരുടെ ഒരു നിരതന്നെയുണ്ടായിരുന്നു മുന്‍ കാലങ്ങളില്‍ പാറ്റേണ്‍ പരിശീലന കേന്ദ്രത്തില്‍. ഇന്റര്‍നാഷണല്‍ ജോസ്‌ജോര്‍ജ്, മുരളീധരന്‍ പാലാട്ട്, അഫ്രിം അങ്കമാലി തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. അടുക്കും ചിട്ടയുമുള്ള പരിശീലനത്തിലൂടെ മികച്ച താരങ്ങളെ സൃഷ്ടിക്കുക മാത്രമല്ല അവര്‍ക്കു വളരാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതുകൂടിയാണ് പാറ്റേണ്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും നല്ല സ്‌പോര്‍ട്‌സ് ക്ലബ്ബിനുള്ള മലയാള മനോരമയുടെ മൂന്നു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് ഇത്തവണ പാറ്റേണ്‍ സൊസൈറ്റിക്കാണു ലഭിച്ചത്. സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിദഗ്ധര്‍ വിശദമായി പരിശോധിച്ച് വിലയിരുത്തിയ ശേഷമാണു ഈ അവാര്‍ഡ് പ്രഖ്യാപനം വന്നത്.

സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരങ്ങളുടെ വലിയ പട്ടികതന്നെ പാറ്റേണ്‍ സ്റ്റോര്‍ട്‌സ് സംഘത്തിന്റെ സംഭാവനയായുണ്ട്. മിക്കവരും സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളില്‍ കളിക്കാരുടെ ക്വാട്ടയില്‍ ജോലി നേടിയവര്‍. സംസ്ഥാന യൂത്ത് വോളി ടീമിനെ നയിച്ച കെ.എസ്. അര്‍ജുന്‍ കെ.എസ്.ഇ.ബി. യിലും ഇന്ത്യന്‍ വനിതാ കോച്ചിങ് ക്യാമ്പില്‍ അംഗമായിരുന്ന റീമ , സംസ്ഥാന സീനിയര്‍ താരങ്ങളായിരുന്ന അതുല്യ , നിഖില, ഷഫീഖ്, പ്രജിത് കുമാര്‍, ദീപേഷ് തുടങ്ങിയവര്‍ വിദ്യാഭ്യാസ വകുപ്പിലാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് കൂടിയായ ദേശീയ താരം അശ്വതി, സംസ്ഥാന യൂത്ത് ടീം ക്യാപ്റ്റന്‍ മുബഷിര്‍ , ആദര്‍ശ് തുടങ്ങിയവര്‍ പോലീസിലും കുന്ദമംഗലം സലീം പി.ആന്റ്.ടി. യിലും ചെലവൂര്‍ റഹീം കസ്റ്റംസിലും അര്‍ഷാദ് പോര്‍ട്ട് ട്രസ്റ്റിലും അശ്വിന്‍, അഭിജിത്, അര്‍ജുറാം, നന്ദു, വിഷ്ണു, നിഷാദ്, വിപിന്‍, ഗോവിന്ദ് എന്നിവര്‍ എം.ആര്‍.സി.യിലും കെ.ടി. അപര്‍ണ, എം. അപര്‍ണ , ദേശീയ താരങ്ങളായ ആതിര, രേഷ്മ , ബിന്യ എന്നിവര്‍ റെയില്‍വേയിലും ജോലി നേടിയത് പാറ്റേണ്‍ ഗ്രൗണ്ടില്‍ വോളിബോള്‍ അഭ്യസിച്ചതു വഴിയാണ്.

കോച്ചിങ് സെന്ററിന്റെ നടത്തിപ്പിനു പ്രതിമാസം 50,000 രൂപയോളം സംഘം കണ്ടെത്തണം. ഗ്രൗണ്ട് സംരക്ഷണം, കറന്റ് ചാര്‍ജ്, പരിശീലകരുടെ ഓണറേറിയം, മറ്റ് ദൈനംദിന ചെലവുകള്‍ തുടങ്ങിയവക്കു വോളിബോള്‍ സ്‌നേഹികളുടെ പിന്തുണ തന്നെയാണു സംഘത്തിന്റെ ആശ്രയം. പിശീലനം നേടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ പരിശീലന പരിപാടി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഓരോ കുട്ടിയേയും പ്രത്യേകമായി വിലയിരുത്തി ശാസ്ത്രീയ പരിശീലനം നല്‍കുന്ന രീതിക്കു ചീഫ് കോച്ച് സി. യൂസഫ് നേതൃത്വം നല്‍കുന്നു.

അരീക്കല്‍ മൂസ ഹാജിയാണു ഇപ്പോള്‍ സംഘത്തിന്റെ പ്രസിഡന്റ്. സി. യൂസഫ് ജനറല്‍ സെക്രട്ടറിയും. പി.എന്‍. ശശിധരന്‍, മുത്തേറ്റു മണ്ണില്‍ ശ്രീനു, പാറ്റയില്‍ റഫീഖ്, കെ.പി. വസന്ത രാജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും തെല്ലശ്ശേരി അബൂബക്കര്‍ , പടാളിയില്‍ മുഹമ്മദ്, അഷ്‌റഫ് അരീക്കല്‍, അസീസ് കുന്ദമംഗലം എന്നിവര്‍ സെക്രട്ടറിമാരും പി.ഹസ്സന്‍ ഹാജി ട്രഷററുമാണ്.

 

കളിക്കളത്തില്‍ കാരണവരായി യൂസഫ്

വോളിബോള്‍ ലഹരി രക്തത്തിലോടുന്ന സി. യൂസഫാണ് പാറ്റേണ്‍ വോളിബോള്‍ ദൗത്യത്തിന്റെ മുഖ്യ സംഘാടകന്‍. വോളിബോളിനു വേണ്ടി മാറ്റിവെച്ച ജീവിതമാണു യൂസഫിന്റേത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു കളിയില്‍ കേമനായ യൂസഫ് എട്ടില്‍ പഠിക്കുമ്പോള്‍ത്തന്നെ നാട്ടിലെ മുതിര്‍ന്ന കളിക്കാര്‍ക്കൊപ്പം കോര്‍ട്ടിലിറങ്ങി. ചെറുപ്പത്തില്‍ കളരിയും അഭ്യസിച്ചിരുന്നു.

ചീഫ് കോച്ച് സി. യൂസഫ്

വോളിബോളിന്റെ ഈറ്റില്ലമായിരുന്ന ദേവഗിരി കോളേജിലെത്തിയതോടെ സര്‍വകലാശാല തലത്തില്‍ ശ്രദ്ധേയനായി. പഠനം കഴിഞ്ഞ് 1984 ല്‍ കേരള പോലീസില്‍ ചേര്‍ന്നതോടെ യൂസഫ് സംസ്ഥാന തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. 35 വര്‍ഷത്തെ സേവനത്തിനിടയില്‍ സംസ്ഥാന -ദേശീയ – അന്തര്‍ദേശീയ തലങ്ങളില്‍ പല തവണ കളിച്ചു., നാഷണല്‍ കോച്ച്, നാഷണല്‍ റഫറി എന്നീ നിലകളിലും വോളികളങ്ങളിലെ പഴയ കൗണ്ടര്‍ അറ്റാക്കറായ യൂസഫ് തിളങ്ങി. പോലീസ് ടീമിന്റെ പരിശീലകന്റെ ജഴ്‌സി ഏറെക്കാലമിട്ട യൂസഫ് 2019 ല്‍ വിരമിച്ച ശേഷവും പരിശീലന രംഗം വിട്ടില്ല. യൂസഫിന്റെ സുഹൃദ് ബന്ധങ്ങളും സംഘാടന മികവും പാറ്റേണ്‍ സംഘത്തിനു ആരംഭകാലം തൊട്ട് തുണയായി. കാരന്തൂര്‍ ഓവുങ്ങരയിലെ പാറ്റേണ്‍ സ്റ്റേഡിയത്തിനടുത്തുള്ള യൂസഫിന്റെ വീടായിരുന്നു ആദ്യകാലത്ത് പരിശീലനത്തിനു വരുന്ന കുട്ടികളുടെ അത്താണി. യൂസഫിന്റെ മക്കളായ സഫീറയും യുസൈറയും ഷിഫാനയും ദേശീയ തലത്തില്‍ അംഗീകാരം നേടിയ വോളിബോള്‍ താരങ്ങളാണ്. വീടും കുടുംബവുമൊക്കെ വോളിബോളില്‍ കേന്ദ്രീകരിച്ചപ്പോള്‍ പൂര്‍ണ പിന്തുണയുമായി ഭാര്യ സഫിയയും.

പാറ്റേണ്‍ പരിശീലന കേന്ദ്രത്തിലെത്തുന്ന ഓരോ കുട്ടിയേയും അടുത്തറിഞ്ഞ് അവരുടെ കഴിവുകള്‍ മനസ്സിലാക്കി പരിശീലനം നല്‍കുക എന്ന ശ്രമകരമായ ജോലിയാണു യൂസഫിന്റേത്. കുട്ടികളുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം നില്‍ക്കുന്ന യൂസഫ് അവരുടെ രക്ഷിതാക്കളുമായും നല്ല ബന്ധം സ്ഥാപിക്കുന്നു. കളിച്ച് കാര്യം നേടുന്നവര്‍ ഉയരങ്ങളിലെത്തുമ്പോള്‍ യൂസഫിനെ മറക്കാറില്ല. പാറ്റേണ്‍ ഗ്രൗണ്ടില്‍ കളി പഠിച്ച് പോയവരുടെ വിളികളാണു യൂസഫിന്റെ ഫോണില്‍ അധികവും. വോളിബോള്‍ കളിയില്‍ അന്താരാഷ്ട്ര തലത്തിലുള്ള ചലനങ്ങള്‍ ഉള്‍ക്കൊണ്ട് അതിനനുസരിച്ച് പരിശീലന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും യൂസഫ് കഴിവ് തെളിയിച്ചിട്ടുണ്ട്. യൂസഫിന്റെ ശിക്ഷണത്തില്‍ കളി പഠിച്ചവര്‍ അദ്ദേഹത്തോടൊപ്പം കോച്ചുമാരായി കുട്ടികളെ പരിശീലിപ്പിക്കുന്നതും പാറ്റേണ്‍ ഗ്രൗണ്ടിലെ കാഴ്ചയാണ്. കളിക്കളത്തില്‍ യൂസഫിനു കാരണവരുടെ സ്ഥാനമാണ്. യൂസഫ് മുന്നിലുണ്ടെങ്കില്‍ ഏതു തീരുമാനവും നടപ്പാക്കാന്‍ പ്രയാസമില്ലെന്നാണു പാറ്റേണ്‍ ഭാരവാഹികള്‍ പറയുന്നത്.

[mbzshare]

Leave a Reply

Your email address will not be published.