കാബ്‌കോയില്‍ സഹകരണ സംഘങ്ങള്‍ക്ക് ഓഹരി; ബിസിനസില്‍ പങ്കാളിത്തം

moonamvazhi

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണയും മൂല്യവര്‍ദ്ധിത സംരംഭങ്ങളും ഒരുക്കാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പ് രൂപീകരിച്ച കേരള അഗ്രോ ബിസിനസ് കമ്പനി(കാബ്‌കോ)യില്‍ സഹകരണ സംഘങ്ങള്‍ക്കും ഓഹരി പങ്കാളിത്തം. സഹകരണ സംഘങ്ങളുടെ സംരംഭങ്ങളുമായും ബിസിനസ് ധാരണ കാബ്‌കോ ഉണ്ടാക്കും. ഉല്‍പാദനത്തിലും വിപണനത്തിലും സഹകരണ പങ്കാളിത്തം ഉറപ്പാക്കാനാണ് നിലവിലെ തീരുമാനം.

കര്‍ഷക കൂട്ടങ്ങള്‍, കര്‍ഷക ഉല്‍പാദക സംഘടനകള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൂടി 25 ശതമാനം ഓഹരിയാണ് കാബ്‌കോയില്‍ ഉണ്ടാകുക. 33 ശതമാനം സര്‍ക്കാര്‍, 24 ശതമാനം കര്‍ഷകര്‍, 13 ശതമാനം പൊതുവിപണിയില്‍നിന്ന്, അഞ്ച് ശതമാനം ധനകാര്യസ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് കാബ്‌കോയിലെ ഓഹരി പങ്കാളിത്തം നിശ്ചയിച്ചിട്ടുള്ളത്. കൃഷി മന്ത്രി ചെയര്‍പേഴ്‌സണും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇന്‍ഡട്രീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവരാണ് കമ്പനിയുടെ പ്രാരംഭ ഡയറക്ടര്‍മാര്‍. കാബ്‌കോയ്ക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കും.

ഓരോ പ്രദേശത്തെയും സാധ്യത മനസിലാക്കി സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വനിത സംഘങ്ങള്‍ക്ക് കീഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വ്യവസായ വകുപ്പുമായും ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതില്‍നിന്നെല്ലാമുള്ള ഉല്‍പന്നങ്ങള്‍ കാബ്‌കോ ഏറ്റെടുക്കും.

സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന വിതരണശൃംഖലകള്‍ വഴി കാബ്‌കോ കര്‍ഷകരില്‍നിന്നും സംഘങ്ങളില്‍നിന്നും ഉത്പന്നങ്ങള്‍ ശേഖരിക്കും. സാധ്യതയുള്ള വിപണികള്‍ക്കും ഉത്പന്നങ്ങള്‍ക്കുമായി കമ്പോള ഗവേഷണം, ഉപഭോക്താക്കള്‍ക്ക് ഉതകുന്ന രീതിയില്‍ ബ്രാന്‍ഡ് സൃഷ്ടിക്കല്‍ എന്നിവ കാബ്‌കോ വഴി നടത്തും. മാര്‍ക്കറ്റ് റിസര്‍ച്ച് അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത വില നിര്‍ണയ തന്ത്രം നടപ്പാക്കും. വിവിധ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, ഡിജിറ്റല്‍ മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ കാബ്‌കോയ്ക്ക് മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ പ്രീലോഞ്ച് ചെയ്യാനാകുമെന്നതും നേട്ടമാണ്.

ഇടുക്കി വട്ടവട വെജിറ്റബിള്‍ അഗ്രോപാര്‍ക്ക്, തൃശൂര്‍ കണ്ണാറയിലെ ബനാന ഹണി അഗ്രോപാര്‍ക്ക്, കോഴിക്കോട് വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ് ഹബ് അഗ്രോപാര്‍ക്ക്, കോഴിക്കോട് കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിംഗ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാര്‍ക്ക് എന്നിവ ആദ്യ ഘട്ടത്തില്‍ കാബ്‌കോയുടെ അടിസ്ഥാന യൂണിറ്റുകളാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News