കരുവന്നൂര്‍ ബാങ്കിന്റെ ഓവര്‍ ഡ്രാഫ്റ്റ് വായ്പ കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഓവര്‍ ഡ്രാഫ്റ്റ് വായ്പകള്‍ കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണിത്. കുടിശ്ശികയായ വായ്പകളില്‍ പരമാവധി തിരിച്ചടവ് ഉറപ്പുവരുത്താനാണ് ഓവര്‍ഡ്രാഫ്റ്റ് വായ്പ കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമാക്കിയത്.
50 ലക്ഷം രൂപവരെയുള്ള ഓവര്‍ഡ്രാഫ്റ്റ് വായ്പകള്‍ അത് കുടിശ്ശികയായ തീയതി മുതല്‍ വായ്പ കണക്ക് അവസാനിപ്പിക്കുന്ന തീയതിവരെ മോര്‍ട്‌ഗേജ് വായ്പയിലെന്ന പോലെ പലിശ കരണക്കാക്കി തീര്‍പ്പാക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുടെ ആവശ്യപ്രകാരം സഹകരണ സംഘം രജിസ്ട്രാറാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് മുമ്പില്‍ വെച്ചത്. ആഗസ്റ്റ് 24ന് രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സപ്തംബര്‍ 30വരെയാണ് കുടിശ്ശിക നിവാരണ പദ്ധതിയുടെ കാലാവധിയുള്ളത്. ഇതുവരെ തീര്‍പ്പാക്കുന്ന ഓവര്‍ഡ്രാഫ്റ്റ് വായ്പകള്‍ക്ക് കരുവന്നൂരിന് ഇളവ് ലഭിക്കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഒരുവര്‍ഷത്തിലേറെയായി സഹകരണ സംഘങ്ങളിലും ബാങ്കുകളിലും കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക മേഖലയിലുണ്ടായ തകര്‍ച്ചയും വരുമാനത്തിലുണ്ടായ കുറവുമാണ് ഒരുമാസത്തേക്ക് പ്രഖ്യാപിച്ച പദ്ധതി 12 മാസത്തിലധികം നീട്ടാനിടയായത്. കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, ജീവതത്തില്‍ ദുരന്തം നേരിട്ടവര്‍ എന്നിവര്‍ക്കെല്ലാം കടബാധ്യതയില്‍ ആശ്വാസം നല്‍കുന്നതാണ് പദ്ധതി. ഇതില്‍ ഓവര്‍ ഡ്രാഫ്റ്റ് വായ്പ ഉള്‍പ്പെടുത്തിയിട്ടില്ല. വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വായ്പ എന്ന നിലയിലാണ് ഓവര്‍ ഡ്രാഫ്റ്റ് വായ്പകള്‍ കണക്കാക്കുന്നത്. ഇതിന് പലിശയിളവ് നല്‍കി തീര്‍പ്പാക്കുന്ന രീതി കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഇല്ല.
കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ ഇത് പ്രത്യേക കേസായിട്ടാണ് സര്‍ക്കാര്‍ പരിഗണിച്ചത്. കരുവന്നൂരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 50 കോടിരൂപയുടെ പ്രത്യേക പാക്കേജ് സഹകരണ വകുപ്പ് തയ്യാറാക്കിയിരുന്നു. തൃശൂരിലെ സഹകരണ സംഘങ്ങളില്‍നിന്ന് നിക്ഷേപം നടത്തിച്ചും, കേരളബാങ്കില്‍നിന്ന് പുനര്‍വായ്പ അനുവദിച്ചും കരുവന്നൂരിന് കൂടുതല്‍ പണം ലഭ്യമാക്കാനുള്ള നടപടിയും സഹകരണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം, ബാങ്കിന്റെ കുടിശ്ശിക പരമാവധി തീര്‍പ്പാക്കി ബിസിനസ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനാണ്, ഓവര്‍ഡ്രാഫ്റ്റ് മോര്‍ട്‌ഗേജ് വായ്പയ്ക്ക് സമാനമായി കണക്കാക്കി കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീര്‍പ്പാക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്.