കയർ മേഖലയിൽ സ്വയംപര്യാപ്തത നേടാൻ കയർ വകുപ്പ് സഹകരണ സംഘങ്ങളുമായി കൈകോർക്കുന്നു. 500 ചകിരി മില്ലുകൾ ആരംഭിക്കാനാണ് ലക്ഷ്യം.

adminmoonam

കയർ രംഗത്ത് സംസ്ഥാനം സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് 500 ചകിരി മില്ലുകൾ ആരംഭിക്കാൻ കയർ വകുപ്പ് ലക്ഷ്യമിടുന്നു. സഹകരണ സംഘങ്ങളിലാണ് പ്രധാനമായും മില്ലുകൾ ആരംഭിക്കുന്നത്. 90 ശതമാനം തുക സബ്സിഡി നൽകിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നതതല യോഗം സഹകരണ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നവംബർ 3ന് ധന- കയർ മന്ത്രി തോമസ് ഐസക്കിന്റെ സാനിധ്യത്തിൽ കോഴിക്കോട് നടക്കുമെന്ന് കയർ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ പറഞ്ഞു.

ഒരേക്കർ സ്ഥലം സ്വന്തമായോ വാടകക്കോ ഉള്ള സഹകരണസംഘങ്ങൾക്ക് ചകിരി പ്രോസസിംഗ് മിൽ ആരംഭിക്കാൻ കയർ വകുപ്പ് സാമ്പത്തിക- സാങ്കേതിക സഹായങ്ങൾ നൽകും. നിലവിൽ കയർ വകുപ്പ് വികസിപ്പിച്ചെടുത്ത മെഷീൻ ഉപയോഗിച്ച് 8000 തൊണ്ട് ചകിരിയാക്കുന്ന കയർ സഹകരണമില്ലുകൾ ലാഭകരമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ആവശ്യകതയുടെ 6% മാത്രമാണ് 2017 വരെ കയർ ഉൽപ്പാദനം ഉണ്ടായിരുന്നത്. കയർ സഹകരണ സംഘങ്ങളിൽ ചകിരിക്ക് 19 രൂപ കിലോയ്ക്ക് ലഭിക്കും. ഇത് കയറാക്കുമ്പോൾ 85 രൂപ വരെയാണ് കിലോക്ക് ലഭിക്കുന്നത്. ലാഭകരമായ ഈ വ്യവസായത്തെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല എന്ന് കയർ വകുപ്പ് സമ്മതിക്കുന്നു.

ഈ സാഹചര്യത്തിലാണ് മലബാർ മേഖലയിൽ തൊണ്ട് കൂടുതലായി ഉണ്ട് എന്നതിനാൽ ഈ മേഖലയിലുള്ള സഹകരണസംഘങ്ങൾക്കു ചകിരി പ്രോസസിംഗ് മില്ലുകൾ തുടങ്ങാൻ കയർ വകുപ്പ് സഹായിക്കുന്നത്. ഇതുവഴി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും കയർ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നത്.100 ലോഡ് തൊണ്ടാണ് പ്രതിദിനം മലബാർ മേഖലയിൽ നിന്നും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്. 75 പൈസ മുതൽ ഒരു രൂപ 40 പൈസ വരെമാത്രം കിലോയ്ക്ക് നൽകിയാണ് ഇവർ കൊണ്ടുപോകുന്നത്. പൊന്നാനിയിൽ നിന്നും ആലപ്പുഴ,വൈക്കം ഭാഗത്തേക്ക് തൊണ്ട് കൊണ്ടു വന്നിരുന്നെങ്കിലും ട്രാൻസ്പോർട്ടേഷൻ ചാർജ് പരിഗണിക്കുമ്പോൾ ഒരു കിലോയ്ക്ക് രണ്ടു രൂപ പത്തു പൈസ ചെലവ് വരുന്നുണ്ട്. ട്രാൻസ്പോർട്ടേഷൻ ഒഴിവാക്കിക്കൊണ്ട് തദ്ദേശീയമായി ചകിരി പ്രോസസിംഗ് മില്ലുകൾ ആരംഭിക്കുന്നത് വഴി ലാഭകരമായി മില്ലുകൾ പ്രവർത്തിപ്പിക്കാനാകും എന്ന് കണക്കുകൾ സഹിതം ബോധ്യപ്പെടുത്താൻ കൂടിയാണ് സഹകരണ സംഘം പ്രതിനിധികളെ മന്ത്രി വിളിച്ചിരിക്കുന്നതെന്ന് കോഴിക്കോട് പ്രോജക്ട് ഓഫീസർ ആനന്ദ് കുമാർ പറഞ്ഞു.

കയർമേഖലയിൽ കേരളത്തിന്റെ കുത്തക അവകാശം തമിഴ്നാട് കൊണ്ടു പോയതോടെയാണ് ഈ രംഗത്ത് കേരളം പുറകോട്ടു പോയത്. കൂലി ചിലവും പാരിസ്ഥിതിക പ്രശ്നങ്ങളും കേരളത്തിന് വിനയായി. കേരളത്തിന്റെ കയർ ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മൂല്യം ഉണ്ടെങ്കിലും കുറഞ്ഞവിലയ്ക്ക് തമിഴ്നാട്ടിൽനിന്നും ചകിരി കൊണ്ടുവന്ന് കേരളത്തിൽ കയർ ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയത് വഴി കേരളത്തിന്റെ കയർ ഉൽപന്നങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടുകയും അന്താരാഷ്ട്ര മൂല്യം ഇല്ലാതാവുകയും ചെയ്തു. ഇത് തിരിച്ചുപിടിക്കുക എന്ന വലിയ ഉത്തരവാദിത്വവും കയർ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 4000 കോടി രൂപയുടെ ചകിരിച്ചോറാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നാണ്.

പുതിയ സാഹചര്യത്തിൽ തമിഴ്നാടിന്റെ കേരളത്തിലെ സ്വാധീനം അവസാനിപ്പിക്കാനും ഗുണമേന്മയുള്ള തനതായ കയർ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുമാണ് സഹകരണസംഘങ്ങളുമായി കയർ വകുപ്പ് കൈകോർക്കുന്നത്. ഇതിന്റെ ഭാഗമായി തൊണ്ട് ഒന്നിന് 40 പൈസ നൽകാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 8000 തൊണ്ട് അടിക്കുന്ന മിഷനിൽ 3200 രൂപ പ്രതിദിനം ലഭിക്കും. നാല് തൊഴിലാളികൾക്കായി ഇത് വീതിച്ച് എടുക്കുന്ന രീതിയാണ് ഇപ്പോൾ കയർ സഹകരണ സംഘങ്ങളിൽ ഇപ്പോൾ നടക്കുന്നത്.

പുതിയ പദ്ധതി പ്രകാരം സഹകരണസംഘങ്ങളിൽ വലിയ മെഷീൻ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. 30,000 മുതൽ അതിന് മുകളിലോട്ട് തൊണ്ട് സംസ്കരിക്കുന്ന തരത്തിലുള്ള യൂണിറ്റുകൾ സഹകരണ സംഘങ്ങളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 25 മുതൽ 50 ലക്ഷം വരെ ചിലവു വരും. പദ്ധതിയുടെ 90 ശതമാനവും സബ്സിഡിയായി വകുപ്പ് സഹകരണസംഘങ്ങൾക്ക് നൽകും. ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുക എന്നതാണ് കയർ വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സഹകരണസംഘങ്ങൾക്ക് പുതിയ പ്രവർത്തന മേഖലയും തൊഴിൽ സാധ്യതയും വർധിക്കും. ഇത്തരത്തിൽ കയർ വകുപ്പ് തൃശ്ശൂർ ജില്ലയിൽ 10 മില്ലുകൾ സഹകരണ സംഘങ്ങൾ വഴി ആരംഭിച്ചിട്ടുണ്ടെന്ന് തൃശ്ശൂരിലെ വകുപ്പ് പ്രൊജക്റ്റ് ഓഫീസർ സോജൻ പറഞ്ഞു. ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ ചകിരിയും കയർഫെഡ് സംഭരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. സ്വകാര്യ സംരംഭകരെയും പദ്ധതിയിലേക്ക് ആകർഷിക്കുന്നുണ്ടെങ്കിലും ഇവർക്ക് 50% സബ്സിഡി നൽകാനേ സാധിക്കുകയുള്ളൂ. ഇത്തരം സ്വകാര്യ സംരംഭകരെയും നവംബർ മൂന്നിന് നടക്കുന്ന മീറ്റിങ്ങ്ലേക്ക് ക്ഷണിക്കുന്നുണ്ട്. ഇതിനകം തന്നെ നിരവധി സഹകരണസംഘങ്ങൾ പദ്ധതിയിലേക്കു താല്പര്യം പ്രകടിപ്പിച്ച്  എത്തിയിട്ടുണ്ട്.

6 ലക്ഷം ക്വിന്റൽ ചകിരിയാണ് പ്രതിവർഷം കേരളത്തിന് ആവശ്യം. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ആറ് ശതമാനം മാത്രം ഉൽപാദനം ഉണ്ടായിരുന്നത് 35 ശതമാനമാക്കി ഉയർത്താൻ 100 പുതിയ മില്ലുകൾ ആരംഭിച്ചത് വഴിവകുപ്പിന് സാധിച്ചു. 500 കോടി തൊണ്ട് പ്രതിവർഷം കേരളത്തിൽ ഉണ്ടാകുന്നുണ്ട് എന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. പുതിയ മില്ലുകൾ ആരംഭിക്കാൻ പണം ഒരു തടസ്സം ആകില്ലെന്ന് കയർ വകുപ്പ് പറയുന്നു. എൻ.സി.ഡി.സി യുമായി സഹകരിച്ച് 500 മില്ലുകൾ തുടങ്ങാൻ ആവശ്യമായ പണം വകുപ്പിന്റെ കയ്യിലുണ്ട്. കയറിന്റെയും കയർ ഉൽപന്നങ്ങളുടെയും അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് സഹകരണ സംഘങ്ങൾ വഴി പ്രയോജനപ്പെടുത്തുകയാണ് കയർ വകുപ്പ്. ഈ സാധ്യതകൾ ബോധ്യപ്പെടുത്തി സഹകാരി കളിലൂടെ സഹകരണസംഘങ്ങൾ വഴി പുതിയ തൊഴിൽ കച്ചവട സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് സഹകരണ – കയർ വകുപ്പുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Latest News