കണ്‍സ്യൂമര്‍ഫെഡ് വിഷു-ഈസ്റ്റര്‍ വിപണികള്‍ തുടങ്ങി
വിഷു-ഈസ്‌റ്റര്‍ കാലത്തു കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന സഹകരണവിപണി പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. തിരുവനന്തപുരം സ്‌റ്റാച്യുവില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍ വിപണിയുടെ സംസ്ഥാനതലഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിഷു-ഈസ്റ്റര്‍ പ്രമാണിച്ചു 170 കേന്ദ്രങ്ങളില്‍ വിപണി പ്രവര്‍ത്തിക്കും. സാധനങ്ങള്‍ക്കു 10ശതമാനംമുതല്‍ 35ശതമാനംവരെ വിലക്കുറവുണ്ട്. സഹകരണസംഘങ്ങളുടെ ഉല്‍പന്നങ്ങളും ജൈവവൈവിധ്യോല്‍പന്നങ്ങളും വിപണനത്തിനുണ്ടാകും. വിലനിലവാരം നിയന്ത്രിക്കാനും ഗുണമേന്‍മയുള്ള സാധനങ്ങള്‍ വില്‍ക്കാനും കണ്‍സ്യൂമര്‍ഫെഡിന്റെ ഇടപെടല്‍മൂലം കഴിയുന്നു. എട്ടുവര്‍ഷത്തിലേറെയായി 13സാധനങ്ങള്‍ ഒരേവിലയ്‌ക്കാണു നല്‍കുന്നത്. സഹകരണമേഖലയില്‍ നാനൂറിലധികം ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കുമൊക്കെ അവ കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ 21വരെ 14ജില്ലാകേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും കണ്‍സ്യൂമര്‍ഫെഡിന്റെ വിപണികള്‍ പ്രവര്‍ത്തിക്കും.
അഡ്വ. പി.എം. ഇസ്‌മയില്‍, ആന്റണി രാജു എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.