കടുങ്ങല്ലൂര്‍ ബാങ്ക് ബയോ കണ്‍ട്രോള്‍ലാബും സംഭരണശാലയും സ്ഥാപിക്കും
കര്‍ഷകര്‍ക്കു ജൈവകീടനാശിനികള്‍ ലഭ്യമാക്കാന്‍ എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ഏലൂക്കരയില്‍ ബയോകണ്‍ട്രോള്‍ ലാബ് സ്ഥാപിക്കും. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കാര്‍ഷികാടിസ്ഥാനസൗകര്യ വികസനനിധിപദ്ധതി ( എ.എഫ്.ഐ ) പ്രകാരമാണു ലാബ് സ്ഥാപിക്കുക. ബാങ്കിന്റെ ശാഖാമന്ദിരത്തിന്റെ താഴത്തെ നിലയിലാണു ലാബ് നിര്‍മിക്കുക. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരിക്കും.
10,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള സംഭരണശാലയും എ.എഫ്.ഐ. സ്‌കീമില്‍ സ്ഥാപിക്കും. കിഴക്കേകടുങ്ങല്ലൂരില്‍ ബാങ്കിന്റെ ഓഫീസ് മന്ദിരത്തോടു ചേര്‍ന്നാണിതു സ്ഥാപിക്കുക. മൊത്തം എട്ടു കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുക. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകളും മൂല്യവര്‍ധിതഉത്പന്നങ്ങളുടെ അസംസ്തൃതവസ്തുക്കളും കേടുവരാതെ ഗോഡൗണില്‍ സൂക്ഷിക്കാനാവും. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കൃഷിയിടങ്ങളിലേക്കും മറ്റു കൃഷിയിടങ്ങളിലേക്കും ബയോകണ്‍ട്രോള്‍ ലാബില്‍നിന്നുള്ള കീടനാശിനികള്‍ എത്തിക്കും. കീടങ്ങളുടെ ആക്രമണം തുടങ്ങുംമുമ്പ് ചെടികളുടെ ചെറുപ്രായത്തില്‍ ഉപയോഗിച്ചുതുടങ്ങാവുന്നവയാണ് ഈ കീടനാശിനികള്‍.
[mbzshare]