ഓണത്തിന് മുമ്പ് കേരളബാങ്കിന് അനുമതിയില്ല
ഓണസമ്മാനമായി കേരളബാങ്കുണ്ടാകില്ലെന്ന് ഉറപ്പായി. റിസര്‍വ് ബാങ്കില്‍നിന്ന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് കാരണം. ഓണത്തിന് മുമ്പ് ഇനി റിസര്‍വ് ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടില്ല. അതിനാല്‍, ഓണസമ്മാനമായി കേരളബാങ്ക് നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയത്തിലെത്താനിടയില്ല. ചിങ്ങം ഒന്നിന് കേരളബാങ്ക് രൂപവത്കരണം നടക്കുമെന്നായിരുന്നു സഹകരണ മന്ത്രിയുടെ പ്രഖ്യാപനം.
ഏഴ്, എട്ട് തീയതികളായിരുന്നു റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗം ചേര്‍ന്നത്. ഇതില്‍ കേരള ബാങ്ക് രൂപവത്കരണത്തിനായുള്ള അപേക്ഷ പരിഗണിച്ചില്ല. ഇതിനുശേഷമാണ് എസ്. ഗുരുമൂര്‍ത്തി, സതീഷ് മറാത്തെ എന്നിവരെ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി പുതുതായി നോമിനേറ്റ് ചെയ്തത്. ഇവര്‍ ഇരുവരും സ്ഥാനമേല്‍ക്കുന്നതിനും ആര്‍.ബി.ഐ. ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നുവെങ്കിലും അതില്‍ മറ്റ് അജണ്ടകളൊന്നും ഉണ്ടായിരുന്നില്ല.
അറ്റ നഷ്ടത്തിലായ സംസ്ഥാന സഹകരണ ബാങ്കില്‍ ലാഭത്തില്‍പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിലുള്ള ആശങ്കയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും അനുമതി നല്‍കുന്നതിന് തടസ്സമായി ഉന്നയിച്ചിരുന്നത്. നിലവില്‍ ജില്ലാബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ മുടങ്ങാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശമെന്താണെന്നും ആര്‍.ബി.ഐ. തേടിയിരുന്നു. ഇതുള്‍പ്പടെ ആര്‍.ബി.ഐ. ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം നികത്താനും സേവനം മുടങ്ങാതിരിക്കാനും സര്‍ക്കാര്‍ ഇടപടെലുണ്ടാകുമെന്ന ഉറപ്പാണ് ആര്‍.ബി.ഐ.ക്ക് നല്‍കിയത്. ഇക്കാര്യം ആര്‍.ബി.ഐ. ഉദ്യോഗസ്ഥരോട് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് വിശദീകരിച്ചിരുന്നു.
മന്ത്രിയുടേതടക്കമുള്ള വിശദീകരണത്തില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തൃപ്തികരമാണെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. മാത്രവുമല്ല, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ നേരിട്ട് കണ്ടിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ക്കൊണ്ടൊന്നും കേരളബാങ്കിന് ഓണത്തിന് മുമ്പ് അനുമതി വാങ്ങിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം ആര്‍.ബി.ഐ. ഉപസമതികളുടെ യോഗം മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ യോഗം കേരളബാങ്ക് രൂപവ്തകരണത്തിനുള്ള അനുമതി അപേക്ഷ പരിഗണിക്കില്ല. നയപരമായ പ്രശ്‌നങ്ങളില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിക്കാവുന്നതാണ്. പക്ഷേ, കേരളബാങ്കിന്റെ കാര്യത്തില്‍ നടപടികള്‍ എളുപ്പമല്ലെന്നതാണ് ഇതുവരെയുള്ള കാലയളവ് വ്യക്തമാക്കുന്നത്. ഇനി മന്ത്രിയും ടാസ്‌ക്‌ഫോഴ്‌സ് ചെയര്‍മാനും നല്‍കിയ വിശദീകരണം ആര്‍.ബി.ഐ. അംഗീകരിച്ചാല്‍ ഓണത്തിന് ശേഷമെങ്കിലും നടപടി വേഗത്തിലായേക്കും.
[mbzshare]