ഒരു വർഷത്തിനുള്ളിൽ സഹകരണ മേഖലയിൽ ഏകീകൃത സോഫ്റ്റ്‌വെയർ കൊണ്ടുവരുമെന്ന് സഹകരണ സംഘം രജിസ്ട്രാർ.
അടുത്ത ഒരു വർഷത്തിനുള്ളിൽ സഹകരണമേഖലയിൽ സാങ്കേതിക പുരോഗതി കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഐ.എ.എസ് പറഞ്ഞു. “സഹകരണമേഖല സാങ്കേതിക മേഖലയിൽ പുറകിലോ” എന്ന ക്യാമ്പയിനിൽ പ്രതികരിക്കുകയായിരുന്നു രജിസ്ട്രാർ.
സംസ്ഥാനത്ത് 14,600 സഹകരണ സ്ഥാപനങ്ങൾ ആണ് ഉള്ളത്. ഇതിൽ 4500 പ്രാഥമിക സഹകരണ സംഘങ്ങൾ ഉണ്ട്. 880 സംസ്ഥാന- ജില്ല സഹകരണ ബാങ്ക് ബ്രാഞ്ചുകൾ ഉണ്ട്. മൊത്തം ഏകദേശം5000 ബാങ്കിംഗ് സ്ഥാപനങ്ങളാണ് സഹകരണമേഖലയിൽ സംസ്ഥാനത്ത് ഉള്ളത്. ഇതിനെയെല്ലാം ഒറ്റ വർഷത്തിനുള്ളിൽ ഏകീകൃത സോഫ്റ്റ്‌വെയറിൽ കൊണ്ടുവരാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നുമാസത്തിനകം കേരളബാങ്ക് യാഥാർഥ്യമാകുന്നതോടെ ഇതിനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കും. കേരള ബാങ്ക് വരുന്നതിനുമുമ്പ് ശ്രമങ്ങൾ ആരംഭിച്ചാൽ അത് മാനദണ്ഡങ്ങൾ സംബന്ധിച്ച അവ്യക്തത ഉണ്ടാക്കും. അതൊഴിവാക്കാനാണ് കേരള ബാങ്ക് യാഥാർത്ഥ്യമാകുന്ന മുറക്ക് ഇത്തരം കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമം നടത്തുന്നത്. കേരള ബാങ്ക് യാഥാർത്ഥ്യമാകുന്ന മുറക്ക് സ്വന്തമായി ഫണ്ട് ഉള്ളവർക്ക് അങ്ങനെയും അല്ലാത്തവർക്ക് സർക്കാർ സഹായത്തോടെയും ഏകീകൃത സോഫ്റ്റ്‌വെയർ എന്ന ലക്ഷ്യം യാഥാർത്ഥ്യം ആകാൻ സാധിക്കും. ഇത് ഒരു വർഷത്തിനകം പൂർത്തിയാക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് സഹകരണ ബാങ്കിംഗ് മേഖല കൂടുതൽ എളുപ്പവും സൗകര്യപ്രദവും സുതാര്യവും ആകും. ഇതോടെ മറ്റ് ദേശസാൽകൃത സ്വകാര്യ- വാണിജ്യ ബാങ്കുകൾ കൊപ്പം സാങ്കേതിക രംഗത്തും സഹകരണ മേഖല മുൻപന്തിയിൽ ആകും.
ഏകദേശം ഒന്നര ലക്ഷം കോടിരൂപയാണ് പ്രതിവർഷം എൻ. ആർ. ഐ പണം കേരളത്തിലേക്ക് വരുന്നത്. ഇത് കേരള ബാങ്ക് വഴി എൻ.ആർ.ഐ അക്കൗണ്ടും ബ്രാഞ്ചുകളും തുടങ്ങാൻ സാധിച്ചാൽ അതു കേരളത്തിന്റെ സഹകരണമേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കും. ഒപ്പം സർക്കാർ സഹായത്തോടെ സർക്കാർ ഉദ്യോഗസ്ഥരുടെ സാലറി അക്കൗണ്ടും സഹകരണമേഖലയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി സർക്കാർ ജീവനക്കാർക്ക് ലോണും നൽകാൻ സാധിക്കും.
സഹകരണ ജീവനക്കാരുടെ മനോഭാവവത്തിലും രീതിയിലും മാറ്റം വരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ട്രെയിനിങ്ങുകൾ വഴിയും ബോധവൽക്കരണം വഴിയും ഇത് മാറ്റിയെടുക്കാൻ സാധിക്കും. ഇതുവഴി ഒട്ടേറെ പരാതികൾ ഒഴിവാക്കാൻ സാധിക്കും.അത് വൈകാതെ ആരംഭിക്കും. കേരളത്തിലെ സഹകരണ മേഖലയെ ലോകത്തിന് മാതൃക ആക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.