ഒരു വടക്കന്‍ വിജയ ഗാഥ
– യു.പി. അബ്ദുള്‍ മജീദ്
ഏറ്റവും മികച്ച പ്രാഥമിക കാര്‍ഷിക വായ്പാ
സഹകരണ സംഘത്തിനുള്ള ഒന്നാം സ്ഥാനം നേടി
വൈവിധ്യവത്കരണത്തിന്റെ വടക്കന്‍ വീരഗാഥ
രചിച്ചിരിക്കുകയാണു കാസര്‍കോട്ടെ പനത്തടി
ബാങ്ക്. മുക്കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന ചരിത്രമുള്ള ,
പത്തു ശാഖകളുള്ള ബാങ്ക് കൈവെക്കാത്ത ബിസിനസ്
സംരംഭങ്ങളില്ലതന്നെ.
കൃഷിയും കാലി വളര്‍ത്തലും കച്ചവടവും ബാങ്കിങ്ങുമൊക്കെ കോര്‍ത്തിണക്കി ലാഭനഷ്ടക്കണക്കു നോക്കാതെ ജനസേവനത്തിന് ഊന്നല്‍ നല്‍കി മുന്നോട്ടുപോയ സഹകരണ സംഘത്തെത്തേടിയെത്തിയതു സംസ്ഥാന അവാര്‍ഡ്. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിനുള്ള സഹകരണ വകപ്പിന്റെ ഒന്നാം സ്ഥാനം നേടിയ പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്റെതു വൈവിധ്യവത്ക്കരണത്തിന്റെ വടക്കന്‍ വിജയഗാഥയാണ്. മഹാമാരിയെ അതിജീവിക്കാന്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചതിനു ലഭിച്ച കേരള ബാങ്കിന്റെ അവാര്‍ഡിനു പിന്നാലെയാണു കാസര്‍ഗോഡ് ജില്ലയിലെ പനത്തടി സഹകരണ ബാങ്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.
മുതല്‍മുടക്കാന്‍ പണവും അടിസ്ഥാന സൗകര്യങ്ങളും നൂതനാശയങ്ങള്‍ പ്രായോഗികമാക്കാന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വവുമുണ്ടെങ്കില്‍ ഒരു സഹകരണ സ്ഥാപനത്തിനു ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതൊക്കെ മേഖലയിലേക്കു കടന്നു ചെല്ലാനാവുമെന്നതിന്റെ പരീക്ഷണമാണു പനത്തടി സഹകരണ ബാങ്ക് നടത്തുന്നത്. നെല്‍ക്കൃഷി ചെയ്ത് കുത്തരിയുണ്ടാക്കി മാര്‍ക്കറ്റിലിറക്കിയവര്‍ തന്നെയാണ് ഇലക്ട്രിക്കല്‍ – പ്ലംബിങ് സാധനങ്ങളുടെ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നതും മണ്ണും വെള്ളവും പരിശോധിക്കാന്‍ ലാബ് നടത്തുന്നതും ആംബുലന്‍സ് സര്‍വ്വീസ് മുതല്‍ മെഡിക്കല്‍ ലാബു വരെ നടത്തുന്നതും. കണ്‍സ്യൂമര്‍ സ്റ്റോര്‍, കാര്‍ഷിക നഴ്‌സറി, കാര്‍ഷിക ഉപകരണ സ്റ്റോര്‍, പോത്ത് ഫാം തുടങ്ങി പനത്തടി സംഘത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ പട്ടിക നീളുകയാണ്. ആധുനിക സൗകര്യങ്ങളോടെ 10 ബ്രാഞ്ചുകളുള്ള ശക്തമായ ബാങ്കിങ് ശൃംഖലയുടെ പിന്‍ബലത്തിലാണു പനത്തടി ബാങ്കിന്റെ കുതിപ്പ്.
രാജ്യം സ്വാതന്ത്യസമ്പാദനത്തിന്റെ 75-ാം വാര്‍ഷികത്തിലെത്തി നില്‍ക്കുമ്പോള്‍ മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് പനത്തടി സഹകരണ ബാങ്കിനും. ദേശീയ സ്വാതന്ത്യ പ്രസ്ഥാനത്തിനു പിന്തുണയുമായി വടക്കെ മലബാറിലെഗ്രാമങ്ങളും ഉണര്‍ന്നു തുടങ്ങുന്നതിനിടയിലാണു കാസര്‍ഗോഡിന്റെ കിഴക്കന്‍ പ്രദേശമായ കളളാറില്‍ 1947 ല്‍ ഒരു സംഘം പേര്‍ ഒത്തുകൂടി ഐക്യ നാണയ സംഘം രൂപവല്‍ക്കരിച്ചത്. പ്രാദേശികമായി ശക്തിപ്പെട്ട വട്ടിപ്പലിശക്കാരില്‍നിന്നു പാവങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഗ്രാമങ്ങളില്‍ കൂട്ടായ്മയുടെ പ്രതീകങ്ങളായ സംരംഭങ്ങള്‍ക്കു മുന്നിട്ടിറങ്ങാനുമായിരുന്നു അക്കാലത്ത് ഐക്യ നാണയ സംഘങ്ങള്‍ക്കു രൂപം നല്‍കിയത്. സംഘത്തിന്റെ പ്രഥമ അംഗമായിരുന്ന എച്ച്. മാധവ ഭട്ട് തന്റെ ഭൂസ്വത്തില്‍ നല്ലൊരു ഭാഗം പൂടംകല്ലില്‍ സംഘത്തിനു സൗജന്യമായി നല്‍കിയതോടെ അതു നാടിന്റെ വളര്‍ച്ചക്കും ജനകീയകൂട്ടായ്മക്കും ശക്തമായ അടിത്തറയായി. ഐക്യ നാണയ സംഘം പിന്നീട് സഹകരണ സംഘമായും സഹകരണ ബാങ്കായും മാറിയപ്പോഴും പൂടംകല്ലിലെ സ്ഥലം ആസ്ഥാന മന്ദിരത്തിനും ബാങ്കിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കും സൗകര്യമൊരുക്കാന്‍ സഹായമായി. മാത്രമല്ല, ഈ ഭൂമിയുടെ ഒരു ഭാഗം താലൂക്കാശുപത്രിക്കു കെട്ടിടമൊരുക്കാന്‍ ബാങ്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ബ്രാഞ്ച് ബാങ്കിങ്
എഴുപതുകളില്‍ ദേശസാല്‍കൃത ബാങ്കുകള്‍ ഗ്രാമങ്ങളിലേക്കു ബ്രാഞ്ചുകള്‍ വ്യാപിപ്പിച്ച് ഇടപാടുകാരുടെ അടുത്തേക്കു നേരിട്ടെത്തിയതുപോലെ പനത്തടി ബാങ്കിന്റെ പരിധിയിലുള്ള പ്രധാന ഗ്രാമങ്ങളിലേക്ക് എത്താന്‍ ബ്രാഞ്ച് ബാങ്കിങ് വഴി പനത്തടി സഹകരണ ബാങ്കിനു കഴിഞ്ഞു. പൂടംകല്ലിലെ ആസ്ഥാന ബ്രാഞ്ചിനു പുറമെ പാണത്തൂര്‍, ചാമുണ്ടിക്കുന്ന്, പനത്തടി, കോളിച്ചാല്‍, മാലക്കല്ല്, കള്ളാര്‍, രാജപുരം ഒടയഞ്ചാല്‍, കെട്ടോടി, ബളാംതോട് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. എല്ലാ ശാഖകളും പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചും ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കിയും പനത്തടി ബാങ്ക് വാണിജ്യ ബാങ്കുകളുമായുള്ള മത്സരത്തില്‍ പിടിച്ചുനിന്നു. കാസര്‍ഗോഡ് ജില്ലയിലെ പിന്നോക്ക മലയോര പ്രദേശമായിട്ടും 113 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കാനും 115 കോടിയോളം വായ്പ കൊടുക്കാനും സംഘത്തിനു കഴിഞ്ഞു. 2.8 കോടി രൂപ ഓഹരി മൂലധനവും 153 കോടി പ്രവര്‍ത്തന മൂലധനവും 24,000 -ഓളം എ ക്ലാസ് അംഗങ്ങളുമുള്ള പനത്തടി ബാങ്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പകള്‍ കൊടുക്കുന്ന സംഘങ്ങളിലൊന്നാണ്. കിസാന്‍ ക്രെഡിറ്റ് പദ്ധതിയില്‍ 33 കോടി രൂപയാണ് വായ്പ നല്‍കിയത്. സഹകരണ നിക്ഷേപ സമാഹരണത്തില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ മുന്നില്‍ നില്‍ക്കുന്ന ബാങ്കാണു പനത്തടി. 33 സ്ഥിരം ജീവനക്കാരടക്കം എഴുപതോളം പേര്‍ ബാങ്കിനു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ബാങ്ക് നടപ്പാക്കിയ പദ്ധതികള്‍ വഴി ഉപജീവനം നടത്തുന്നവര്‍ നിരവധിയാണ്.
കാര്‍ഷിക രംഗത്ത്
കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്താനും അതുവഴി ഉല്‍പ്പാദന മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കാനും കഴിഞ്ഞതാണു പനത്തടി ബാങ്കിനെ പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ മുന്‍നിരയിലെത്തിച്ചത്. ബാങ്കിന്റെ കീഴിലുള്ള കാര്‍ഷിക നഴ്‌സറിയും കാര്‍ഷികോപകരണ സ്റ്റോറും സേവന കേന്ദ്രവും മികച്ച പ്രവര്‍ത്തനമാണു നടത്തുന്നത്. പരപ്പ ബ്ലോക്കിലെ വിവിധ പദ്ധതികള്‍ക്കു ലക്ഷക്കണക്കിനു തൈകളാണു കാര്‍ഷിക നഴ്‌സറിയിലെ ഹൈടെക് പോളിഹൗസില്‍ ഉല്‍പ്പാദിപ്പിച്ചുനല്‍കുന്നത്. കാര്‍ഷിക ജോലികളില്‍ തൊഴിലാളികളെ ലഭ്യമാക്കാന്‍ മുപ്പതംഗ ഹരിതസേനക്കും പനത്തടി ബാങ്ക് രൂപം നല്‍കിയിട്ടുണ്ട്. സേനാംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. ബാങ്കിന്റെ വളം ഡിപ്പോകളില്‍ നല്ല വില്‍പ്പനയുണ്ട്. കാര്‍ഷിക യന്ത്രങ്ങളും ലഭ്യമാക്കുന്നുണ്ട്. പൂടംകല്ലില്‍ ബാങ്ക് ആരംഭിച്ച മണ്ണ് – വെള്ളം പരിശോധനാ ലാബ് കാര്‍ഷിക മേഖലയിലെ മാതൃകാ സംരംഭമാണ്. കര്‍ഷകര്‍ക്ക് ഏതു സമയത്തും അവരുടെ കൃഷിസ്ഥലത്തെ മണ്ണ് പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്താനും കഴിയുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഗുണമേന്മ ഉറപ്പുവരുത്താതെ വെള്ളം ഉപയോഗിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വാട്ടര്‍ ടെസ്റ്റിങ് ലാബിനു കഴിയുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയില്‍ 20 ഏക്കര്‍ സ്ഥലത്താണു വിവിധയിനം കാര്‍ഷികവിളകള്‍ ബാങ്ക് ഉല്‍പ്പാദിപ്പിച്ചത്. പയ്യച്ചേരി വയലില്‍ നെല്‍ക്കൃഷി തുടങ്ങിയത് ഉത്സവാന്തരീക്ഷത്തിലായിരുന്നു. ബാങ്ക് ഉല്‍പ്പാദിപ്പിച്ച നെല്ല് കുത്തരിയാക്കി ബ്രാന്‍ഡ് ചെയ്തു വില്‍പ്പന നടത്തി.
നെല്‍ക്കൃഷി നഷ്ടമാണെന്ന പതിവുപരാതി തിരുത്തിയ ബാങ്ക് കാര്‍ഷികോല്‍പ്പന്ന വിപണനരംഗത്തും മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. കാംകോയുമായി സഹകരിച്ച് നടത്തുന്ന അടയക്കാ സംഭരണം ഈ പ്രദേശത്തെ കര്‍ഷകരുടെ ഉല്‍പ്പന്നത്തിനു നല്ല വില ഉറപ്പു വരുത്തുന്നുണ്ട്. ലോക്ഡൗണ്‍ കാലത്തു കടുത്ത പ്രതിസന്ധിയിലായ കശുവണ്ടി കര്‍ഷകരെ സഹായിക്കാന്‍ കേരളത്തില്‍ ആദ്യമായി രംഗത്തിറങ്ങിയ സഹകരണ സ്ഥാപനം എന്ന ബഹുമതിയും കഴിഞ്ഞ വര്‍ഷം പനത്തടി ബാങ്ക് നേടി. കശുവണ്ടി സീസണില്‍ അടച്ചിടല്‍ വന്നതോടെ വരുമാനം മുട്ടിയ കര്‍ഷകര്‍ ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുമ്പോഴായിരുന്നു ബാങ്ക് ഇടപെട്ടത്. 1550 ക്വിന്റല്‍ കശുവണ്ടി കര്‍ഷകരില്‍നിന്നു നേരിട്ട് സംഭരിക്കാനായി. ഇതു പരിപ്പാക്കി വില്‍ക്കാന്‍ കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തിയതിനാല്‍ കുറെ പേര്‍ക്കു തൊഴില്‍ നല്‍കാനായി. കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പെക്‌സ് തുടങ്ങിയവയുമായി സഹകരിച്ചാണു ബാക്കി കശുവണ്ടി കയറ്റിയയച്ചത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സംഘം ആരംഭിച്ച പോത്ത് ഫാം ആഗസ്റ്റ് ഏഴിനാണ് ഉദ്ഘാടനം ചെയ്തത്. ഫാമില്‍നിന്നു പോത്തുകളുടെ വില്‍പ്പനവഴി ലഭിക്കുന്ന വരുമാനത്തിനു പുറമെ ചാണകം ബാങ്കിന്റെതന്നെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും തെങ്ങില്‍തൈകള്‍ നട്ടുപിടിപ്പിച്ചു.
നീതി ഇലക്ട്രിക്കല്‍ ഷോപ്പ്
നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നു കച്ചവടത്തിനുമൊക്കെയാണു സഹകരണ സംഘങ്ങള്‍ നീതി സ്റ്റോറുകള്‍ തുറക്കാറുള്ളത്. എന്നാല്‍, പനത്തടി ബാങ്ക് ആരംഭിച്ച നീതി ഇലക്ട്രിക്കല്‍ ഷോപ്പും പ്ലംബിങ് ഷോപ്പുമൊക്കെ വില്‍പ്പനയില്‍ റെക്കോര്‍ഡ് തകര്‍ക്കുന്നു. എന്നു മാത്രമല്ല സ്വകാര്യ വിപണിയില്‍ ഇത്തരം സാധനങ്ങളുടെ വിലനിയന്ത്രിച്ചു നിര്‍ത്താനും ബാങ്കിനു കഴിയുന്നുണ്ട്. നല്ല സൗകര്യങ്ങളോടെയും പരിചയസമ്പന്നരായ ജീവനക്കാരെയും ഉപയോഗിച്ച് പ്രൊഫഷണല്‍ രീതിയില്‍ത്തന്നെയാണു പൂടംകല്ലിലും പാണത്തൂരിലും ഇലക്ട്രിക്കല്‍ – പ്ലംബിങ് സാധനങ്ങളുടെ ന്യായവില ഷോപ്പുകള്‍ നടത്തുന്നത്. പൂടംകല്ലില്‍ വീട്ടുപകരണങ്ങളുടെ വിപണന കേന്ദ്രവുമുണ്ട്. നീതി മെഡിക്കല്‍ ലാബ്, കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്നിവയും നടത്തുന്നുണ്ട്.
കോവിഡ് പ്രതിരോധം
കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട സ്ഥാപനം എന്ന നിലയിലാണു പനത്തടി ബാങ്ക് അടുത്ത കാലത്തു ശ്രദ്ധേയമായത്. കോവിഡിന്റെ ആദ്യതരംഗ സമയത്തു താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വലിയ സഹായമാണു ബാങ്ക് നല്‍കിയത്. ജനങ്ങളെ ബോധവത്കരിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്തുണയും പ്രോത്സാഹനവും നല്‍കിയും ബാങ്ക് സേവന രംഗത്തു സജീവമായി. സമൂഹ അടുക്കള വഴി ആളുകള്‍ക്കു ഭക്ഷണം നല്‍കി. ഭക്ഷ്യക്കിറ്റുകള്‍ തയാറാക്കി വീടുകളിലെത്തിച്ചു. പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയതോടെ ആളുകള്‍ക്കു റജിസ്‌ട്രേഷനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കി. വാക്‌സിനേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് ചികിത്സ ലഭിക്കാന്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. ബാങ്കിന്റെ ആംബുലന്‍സ് സംവിധാനം നിരവധി രോഗികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
വിദ്യാഭ്യാസ മേഖല
കോവിഡ് പ്രതിസന്ധിക്കിടയില്‍ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കു പൂര്‍ണ പിന്തുണ പനത്തടി ബാങ്ക് നല്‍കിയിട്ടുണ്ട്. കള്ളാര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍പ്പെട്ട കുടുംബൂര്‍ ഗവ. എല്‍.പി. സ്്കൂളില്‍ ഓണ്‍ലൈന്‍ പഠനത്തിനു ടി.വി. സെറ്റ്, ഡി.ടി.എച്ച്. കണക്ഷന്‍ എന്നിവയുള്‍പ്പെടെ ലഭ്യമാക്കിയത് ഈ പ്രദേശത്തെ അഞ്ചു ആദിവാസി കോളനികളിലെ കുട്ടികള്‍ക്ക് ആശ്വാസം നല്‍കി. മറ്റ് റ്വിദ്യാലയങ്ങള്‍ക്കും ടി.വി. സെറ്റ് നല്‍കി. വിദ്യാ തരംഗിണി പലിശരഹിത മൊബൈല്‍ വായ്പാ പദ്ധതിയും ബാങ്ക് നന്നായി നടപ്പാക്കി. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കു ബാങ്ക് പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.
മാരക രോഗങ്ങള്‍ ബാധിച്ച 67 അംഗങ്ങള്‍ക്കു ്14,65,000 രൂപ ബാങ്ക് ധനസഹായം നല്‍കുകയുണ്ടായി. സേവന പെന്‍ഷന്‍ വിതരണവും ബാങ്ക് പരാതികളില്ലാതെ നടത്തുന്നുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ മികച്ച യുവജന സംഘാടകനായ അഡ്വ. ഷാലു മാത്യുവാണു ബാങ്കിന്റെ പ്രസിഡന്റ്. എസ്.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറിയായ അദ്ദേഹം ഡി.വൈ.എഫ്.ഐ. ജില്ലാ ജോ. സെക്രട്ടറിയാണ്. കാസര്‍ഗോഡ് ജില്ലാ ഹോള്‍സെയില്‍ സഹകരണ സംഘത്തിന്റെ ഡയരക്ടര്‍കൂടിയാണു ഷാലു മാത്യു. കെ.എം. കേശവന്‍ വൈസ് പ്രസിഡന്റാണ്. സി.കെ. അംബികാ സൂനു, , കെ. ജമീല, കെ. സുജാത , ജോസ് ജോണ്‍, ബെന്നി തോമസ്, പി.വി. രാമചന്ദ്രന്‍ , ഷാലിനി രാജന്‍, സിനു കുര്യാക്കോസ് എന്നിവര്‍ ഡയരക്ടര്‍മാരാണ്. ഡി. ദീപു ദാസാണു ബാങ്ക് സെക്രട്ടറി