ഒരു ലക്ഷം കോടി രൂപ ചെലവില്‍ സഹകരണമേഖലയില്‍ സംഭരണശാലകള്‍ സ്ഥാപിക്കാന്‍ പദ്ധതി
സഹകരണമേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യധാന്യസംഭരണ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്രത്തിലെ മൂന്നു മന്ത്രാലയങ്ങളാണു പദ്ധതിക്കു ചുക്കാന്‍ പിടിക്കുക. ഒരു ലക്ഷം കോടി രൂപയാണു പദ്ധതിയുടെ മതിപ്പുചെലവ്. കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കു കീഴില്‍ 2000 ടണ്‍വരെ സംഭരണശേഷിയുള്ള സംഭരണകേന്ദ്രങ്ങളാണു സ്ഥാപിക്കുക. രാജ്യത്തിന്റെ ഭക്ഷ്യധാന്യ സംഭരണശേഷിയില്‍ 700 ലക്ഷം ടണ്ണിന്റെ വര്‍ധനവാണ് ഇതിലൂടെ അഞ്ചു വര്‍ഷംകൊണ്ട് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണു പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേന്ദ്ര സഹകരണമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കാര്‍ഷിക, കര്‍ഷകക്ഷേമ മന്ത്രാലയവും ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയവും ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയവുമടങ്ങിയ സമിതിക്കാണ് പദ്ധതിയുടെ ചുമതല. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട പത്തു ജില്ലകളില്‍ പ്രാരംഭപദ്ധതി നടപ്പാക്കും. ഇതില്‍ കേരളവുമുള്‍പ്പെടും. സ്വന്തം പേരില്‍ ഒരേക്കറെങ്കിലുമുള്ള കാര്‍ഷികവായ്പാ സംഘങ്ങള്‍ക്കാണു സംഭരണശാല തുടങ്ങാന്‍ അനുമതി നല്‍കുക. പദ്ധതിച്ചെലവിന്റെ 25 – 30 ശതമാനംവരെ സബ്‌സിഡിയായിരിക്കും. ബാക്കിത്തുക പലിശ കുറഞ്ഞ വായ്പയായും നല്‍കും.
പദ്ധതി നടപ്പാക്കുന്നതു സമയബന്ധിതമായിട്ടായിരിക്കും. ദേശീയതല ഏകോപനസമിതി മന്ത്രിസഭയുടെ അനുമതിക്കുശേഷം ഒരാഴ്ചക്കിടെ രൂപവത്കരിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 15 ദിവസത്തിനകം പുറപ്പെടുവിക്കും. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളെയും കേന്ദ്രസര്‍ക്കാരിനെയും ബന്ധിപ്പിക്കുന്ന പോര്‍ട്ടല്‍ 45 ദിവസത്തിനകം തുടങ്ങും. മന്ത്രിസഭാഅനുമതിക്കുശേഷം 45 ദിവസത്തിനുള്ളില്‍ നിര്‍ദേശം നടപ്പാക്കിത്തുടങ്ങും.
രാജ്യത്തെ ഓരോ ബ്ലോക്കിലും 2000 ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണുകളാണു സ്ഥാപിക്കുകയെന്നു മന്ത്രിസഭാതീരുമാനം അറിയിച്ചുകൊണ്ട് വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പുമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യധാന്യോല്‍പ്പാദനം ഇപ്പോള്‍ 3,100 ലക്ഷം ടണ്ണാണ്. അതേസമയം, ധാന്യ സംഭരണശേഷി 47 ശതമാനമേയുള്ളു. അതായതു 1,450 ലക്ഷം ടണ്‍ മാത്രം. 700 ലക്ഷം ടണ്‍ സംഭരണശേഷികൂടിയാകുന്നതോടെ മൊത്തം ശേഷി 2,150 ലക്ഷം ടണ്ണാകും – അദ്ദേഹം പറഞ്ഞു.
വേര്‍ഹൗസുകള്‍, സംസ്‌കരണയൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷികാടിസ്ഥാന സൗകര്യങ്ങളൊരുക്കി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ മള്‍ട്ടി പര്‍പ്പസ് സംഘങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണു കേന്ദ്രം ആവിഷ്‌കരിച്ചിരിക്കുന്നത്. വന്‍തോതില്‍ അംഗങ്ങളുള്ള ഒരു ലക്ഷത്തിലധികം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളാണു രാജ്യത്തുള്ളത്. ഇവയിലെല്ലാംകൂടി 13 കോടിയിലധികം കര്‍ഷകരുണ്ടെന്നാണു കണക്ക്. പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍വഴി വികേന്ദ്രീകൃത സംഭരണശേഷി ഉയര്‍ത്തിയാല്‍ അതു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുകയും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളെ ചടുലമായ സാമ്പത്തികമേഖലയായി മാറ്റുകയും ചെയ്യുമെന്നു സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു. പ്രാദേശികതലത്തില്‍ വികേന്ദ്രീകൃത സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിതമായാല്‍ അതു ഭക്ഷ്യധാന്യം പാഴാകുന്നതു കുറയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ശക്്തിപ്പെടുത്തുകയും ചെയ്യും. ധൃതിപിടിച്ചു കര്‍ഷകര്‍ കിട്ടുന്ന വിലയ്ക്കു വിളകള്‍ വില്‍ക്കുന്നതു തടയുകയും അവര്‍ക്കു മെച്ചപ്പെട്ട വില കിട്ടാന്‍ സഹായിക്കുകയും ചെയ്യും. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോവുന്നതിനുള്ള ചെലവും കുറഞ്ഞുകിട്ടും.