ഒരു രാജ്യം ഒരു സഹകരണനിയമം വേണമെന്ന് കേന്ദ്രത്തിന് മുമ്പില്‍ ആവശ്യം

[mbzauthor]

സഹകരണം സംസ്ഥാന വിഷയമാക്കി ഭരണഘടന വ്യവസ്ഥയെ മാറ്റണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തിന് മുമ്പില്‍ ഉയരുന്നു. സഹകരണ നയം കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവിദ ദേശീയ സഹകരണ ഏജന്‍സികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. ഒരു രാജ്യം ഒരു സഹകരണ നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം. വികേന്ദ്രീകൃത സഹകരണ നിയമങ്ങള്‍ സമഗ്ര വികസനത്തെ തടസ്സപ്പെടുത്തുന്നതാണെന്നാണ് ഈ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ്, നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ എന്നീ രണ്ട് ഏജന്‍സികളാണ് പ്രധാനമായും ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്രത്തിന് മുമ്പില്‍ വെച്ചിട്ടുള്ളത്. സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് രാജ്യത്താകെ ബാധകമാകുന്ന ഏകീകൃത നിയമം വേണ്ടതുണ്ടെന്നാണ് എന്‍.എഫ്.സി.എസ്.എഫ്. അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു നിയമമുണ്ടാകുമ്പോള്‍ സഹകരണത്തിന് ഏകീകൃത സ്വഭാവമുണ്ടാക്കാനും കേന്ദ്രീകൃത നിയന്ത്രണം കൊണ്ടുവരാനും കഴിയും.

 

സഹകരണമെന്നത് ജനകീയ സംഘടിത രൂപമാണ്. അവയ്ക്ക് സ്വയം നിയന്ത്രണം കൊണ്ടുവരാനുള്ള ഇടപെടലും വളര്‍ച്ചയുണ്ടാക്കാനുള്ള സഹായവുമാണ് സര്‍ക്കാരില്‍നിന്നുണ്ടാകേണ്ടത്. അതിനാല്‍, പുതിയ നയം സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷനടക്കം ഊന്നല്‍ നല്‍കണമെന്നും നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറീസ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

സഹകരണ സംബന്ധിയായ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കമുണ്ടാകാതിരിക്കാന്‍ രാജ്യത്താകെ ഏകീകൃതനിയമം കൊണ്ടുവരുന്നതാണ് നല്ലതെന്നാണ് ദേശീയ സഹകരണ യൂണിയന്റെ നിര്‍ദ്ദേശം. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയും സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പരിഷ്‌കരണവും ഇത്തരമൊരു കേന്ദ്ര-സംസ്ഥാന തര്‍ക്കമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഹകരണ മേഖലയിലെ ഏറെ പ്രധാനപ്പെട്ട സംഘടനായ ദേശീയ സഹകരണ യൂണിയന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നത്.

സഹകരണ സംഘങ്ങള്‍ സഹകരണ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനുള്ള അവസരമൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ഇതിന് കേന്ദ്രീകൃത നിയമം കൊണ്ടുവരുന്നതാണ് ഉചിതമെന്നും ദേശീയ സഹകരണ യൂണിയന്‍ വിശദീകരിക്കുന്നു.

[mbzshare]

Leave a Reply

Your email address will not be published.