ഒടുവില്‍ കേരള ബാങ്കിലെ വകുപ്പു തല ഓഡിറ്റര്‍മാരും പുറത്താകുന്നു
കേരളബാങ്ക് രൂപീകരണത്തോടെ സഹകരണ വകുപ്പിലെ ഓഡിറ്റര്‍ തസ്തികയും ഇല്ലാതാകുന്നു. ബാങ്കിലെ കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ തസ്തികയില്‍നിന്ന് വകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കി കരാര്‍ നിയമനം നടത്താനാണ് തീരുമാനം. എന്നാല്‍, ഈ കരാര്‍ നിയമനവും പുതിയ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ജില്ലാബാങ്കില്‍നിന്ന് സീനിയര്‍ മാനേജര്‍ റാങ്കില്‍നിന്ന് വിരമിച്ചവരെയാണ് നിയമിക്കുക. മാസം 20,000 രൂപയെന്ന കുറഞ്ഞ ശമ്പളം നല്‍കിയ വിരമിച്ചവരെ ഉപയോഗിച്ച് ഓഡിറ്റ് നടത്തിയാല്‍ ബാങ്കിന് ലാഭമാകുമെന്നതിനാലാണിത്.
കേരള ബാങ്ക് രൂപീകരിച്ചാലും ഒരു തസ്തികയും നഷ്ടപ്പെടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ വകുപ്പുതല ഓഡിറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്. വകുപ്പുതല അഡ്മിനിസ്‌ട്രേറ്റീവ് പരിശോധനയ്ക്ക് മാത്രം മതിയെന്നാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നടത്തുന്ന ബാങ്കിങ് ഓഡിറ്റ് മാത്രമാണ് റിസര്‍വ് ബാങ്ക് അംഗീകരിക്കുക. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളബാങ്ക് രൂപീകരണത്തോടെ വകുപ്പ് ഉദ്യോഗസ്ഥരുടെ തസ്തിക നഷ്ടപ്പെടുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഇത് തെറ്റായ പ്രചാരണമാണെന്നും ഒരു തസ്തികപോലും നഷ്ടമാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
കേരളബാങ്കില്‍ 58 വകുപ്പ് ഉദ്യോഗസ്ഥരാണ് ജോലിചെയ്തിരുന്നത്. 15 ജോയിന്റ് ഡയറക്ടര്‍മാര്‍, 23 അഡീഷ്ണല്‍ ഓഡിറ്റര്‍മാര്‍, ഏഴ് ഡെപ്യൂട്ടി രജിസ്ട്രാര്‍, 13 അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്നീ തസ്തികയിലുള്ളവരാണിത്. കേരളബാങ്ക് രൂപീകരിച്ചതിന് ശേഷം നിലവിലെ വകുപ്പ് ഉദ്യോഗസ്ഥരുടെ തസ്തിക നിലനിര്‍ത്തി സര്‍ക്കാര്‍ ഉത്തരവിക്കിയിട്ടുണ്ട്. ഓരോവര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒറ്റയടിക്ക് തസ്തിക ഇല്ലാതാകുന്നതിന്റെ പ്രതിഷേധം ശമിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ്, കേരളബാങ്കിന്റെ പുതിയ നീക്കം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനാനേതാക്കള്‍ പറയുന്നത്.
33 കണ്‍കറന്റ് ഓഡിറ്റര്‍മാരെ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതോടെ അത്രയും വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്താകും. അവരുടെ കാലാവധി ഇനി സര്‍ക്കാരിന് പുതുക്കി നല്‍കാനാവില്ല. കേരളബാങ്കിന്റെ ഭാഗമായ 13 ജില്ല ബാങ്കുകളിലും പുതിയ കരാര്‍ നിയമനം വരും. കണ്ണൂരില്‍ നാലും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മൂന്നുവീതവും മറ്റ് ജില്ലകളില്‍ രണ്ടുവീതവും കണ്‍കറന്റ് ഓഡിറ്റര്‍മാരെയാണ് നിയമിക്കുന്നത്.
സഹകരണം പഠിച്ചിറിങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന ആകര്‍ഷകമായ ജോലിയായിരുന്നു ജില്ലാ ബാങ്കുകളിലേത്. കേരള ബാങ്ക് രൂപീകരിക്കുന്ന ഘട്ടത്തില്‍ വിവിധ റാങ്ക് പട്ടികളിലായി 7000 ഉദ്യോഗാര്‍ത്ഥികളാണ് നിയമനം കാത്തിരുന്നത്. ഈ നിയമനങ്ങളെല്ലാം മരവിപ്പിച്ചാണ് ബാങ്ക് രൂപീകരണം നടന്നത്. പുതിയ നിയമനം ചട്ടപ്പോള്‍ സഹകരണം പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമനം പരിമിതപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിരമിച്ച ബാങ്ക് ജീവനക്കാരെ കുറഞ്ഞ ശമ്പളം നല്‍കിയുള്ള കരാര്‍ നിയമനവും.