ഏഴു വര്‍ഷത്തെ ഒരു നടപടിക്കേസ് ഒത്തുതീര്‍പ്പാക്കി സര്‍ക്കാര്‍ തടിയൂരി

[mbzauthor]

ഏഴു വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ ഒരു ‘ നടപടിക്കേസി ‘ ല്‍ എല്ലാവരെയും വെറുതെവിട്ട് സര്‍ക്കാര്‍ തടിയൂരി. ഒരു സഹകരണ സംഘത്തിലെ ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തി എന്നതായിരുന്നു ആദ്യത്തെ കുറ്റം. ആ കുറ്റം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ടയാളും വീഴ്ച വരുത്തി എന്നതായിരുന്നു രണ്ടാമത്തെ കുറ്റം. ഒടുക്കം, രണ്ടു കുറ്റങ്ങളും സര്‍ക്കാര്‍ പൊറുത്തു.

ഒരു സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അതിന്റെ ഓഡിറ്റ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്കെതിരെയാണ് ആദ്യം നടപടിയെടുത്തിരുന്നത്. അവരേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍, ഈ അന്വേഷണ റിപ്പോര്‍ട്ട് വേണ്ടത്ര പരിശോധനയില്ലാതെ തയ്യാറാക്കിയതാണെന്ന് പിന്നീട് കണ്ടെത്തി ആദ്യം എടുത്ത നടപടി റദ്ദാക്കി. ഒടുവില്‍, അന്വേഷണത്തില്‍ വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചു. അടിമുടി പ്രശ്നങ്ങള്‍ നിറഞ്ഞതാണ് ‘ഈ നടപടിക്കേസ്’ എന്ന് മനസിലായപ്പോള്‍ എല്ലാവരെയും വെറുതെവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി തീര്‍പ്പാക്കി. അങ്ങനെ ഏഴു വര്‍ഷത്തെ തര്‍ക്കം അവസാനിപ്പിച്ചു.

കെ.എസ്.എഫ്.ഇ. സ്റ്റാഫ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്. സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്പക്ടറായിരുന്ന എന്‍. മഞ്ചുവിന് ഈ ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതായിരുന്നു കുറ്റം. അന്ന് ജോയിന്റ് രജിസ്ട്രാറായിരുന്ന സെല്‍വ സരസ്സത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് മഞ്ചുവിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. 2014 ഏപ്രില്‍ 24 നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചുവിന്റെ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞ് അച്ചടക്കനടപടി സ്വീകരിച്ചു. ഈ നടപടിക്കെതിരെ മഞ്ചു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. അച്ചടക്ക നടപടി റദ്ദാക്കാനും ഇന്‍ക്രിമെന്റുകള്‍ പുന:സ്ഥാപിച്ച് നല്‍കാനും ട്രിബ്യൂണല്‍ വിധിച്ചു. ഇതനുസരിച്ച് ഇന്‍ക്രിമെന്റ് പുന:സ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കി.


അച്ചടക്ക നടപടി റദ്ദാക്കാനുള്ള കാരണത്തെക്കുറിച്ച് വീണ്ടും സഹകരണ വകുപ്പ് അന്വേഷണം നടത്തി. അന്വേഷണ ഉദ്യോഗസ്ഥയായ സെല്‍വ സരസ്സം നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയെന്നായിരുന്നു ഇതിലെ കണ്ടെത്തല്‍. മഞ്ചുവിന്റെ വീഴ്ച കണ്ടെത്താന്‍ പര്യാപ്തമായ വിവരങ്ങളൊന്നും സെല്‍വ സരസ്സത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. അശ്രദ്ധമായും നിരുത്തരവാദപരമായും സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ പിഴവാണ് മഞ്ചുവിനെ കുറ്റവിമുക്തയാക്കുന്ന സാഹചര്യത്തിലെത്തിച്ചതെന്നും കണ്ടെത്തി. ഈ വിഷയത്തില്‍ സെല്‍വ സരസ്സത്തില്‍നിന്ന് വിശദീകരണം തേടിയെങ്കിലും അവര്‍ സഹകരിച്ചില്ലെന്നാണ് രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചത്.


സെല്‍വ സരസ്സം സര്‍ക്കാരിന് വിശദീകരണം നല്‍കി. അത് ഇങ്ങനെയായിരുന്നു : ‘ മഞ്ചുവിനെതിരെയുള്ള അന്വേഷണം നടത്തിയത് സഹകരണ സംഘം രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ്. സര്‍വീസ് ചട്ടങ്ങളും മാന്വലുകളും അനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ തള്ളാനും പുതിയ അന്വേഷണത്തിന് ചുമതലപ്പെടുത്താനും രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. റിപ്പോര്‍ട്ട് നിരസിക്കാതിരുന്നതും അതിനനുസരിച്ച് നടപടിയെടുത്തതും അതില്‍ അപാകത ഇല്ലാത്തതുകൊണ്ടാണ്. മഞ്ചുവിന്റെ അച്ചടക്ക നടപടി റദ്ദാക്കി ട്രിബ്യൂണല്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമില്ല. താന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ പെന്‍ഷനില്‍ കുറവു ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാനൊരുങ്ങുന്നത് നിയമവിരുദ്ധമാണ്.’

രജിസ്ട്രാറുടെ റിപ്പോര്‍ട്ടും സെല്‍വ സരസ്സത്തിന്റെ വിശദീകരണവുമെല്ലാം പരിശോധിച്ച സര്‍ക്കാര്‍ സെല്‍വ സരസ്സം പറഞ്ഞതിലും കാര്യമുണ്ടെന്ന് കണ്ടെത്തി. അതിനാല്‍, സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലാത്തതിനാല്‍ നടപടിയൊഴിവാക്കണമെന്ന അവരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. അതോടെ, ഇതുസംബന്ധിച്ചുള്ള എല്ലാ നടപടികളും തീര്‍പ്പാക്കി ഉത്തരവിറക്കുകയും ചെയ്തു.

[mbzshare]

Leave a Reply

Your email address will not be published.