ഏതു കോഴ്‌സ് എടുത്താലും സംരംഭകരാവാം
ഡോ. ടി.പി. സേതുമാധവന്‍
(വിദ്യാഭ്യാസ, കരിയര്‍ കണ്‍സള്‍ട്ടന്റും ലോക ബാങ്ക് കണ്‍സള്‍ട്ടന്റും)
(2021 ജൂലായ് ലക്കം)
ഇന്നു ലോകമെങ്ങും സംരംഭകത്വത്തിനു സാധ്യതയേറുകയാണ്. സംരംഭകന്‍ ( എന്റര്‍പ്രണര്‍ ) എന്ന വാക്കിന് ഏറെ പ്രസക്തിയുണ്ട്. പുതിയ ബിസിനസ് ഉരുത്തിരിച്ചെടുക്കുന്നയാളാണു സംരംഭകന്‍. ഇത് ഉല്‍പ്പാദന, സേവന, വ്യാപാര മേഖലകളിലാകാം. സംരംഭകന്‍ ഇന്നവേറ്ററും പുത്തന്‍ ആശയങ്ങളുള്ള വ്യക്തിയുമായിരിക്കണം. വിദ്യാര്‍ഥികള്‍ കാമ്പസില്‍വെച്ചു തന്നെ സംരംഭകരാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലും വിപുലമായി വരുന്നുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്.
പ്ലസ് ടുവിനു ശേഷം ബിരുദ പ്രോഗ്രാമുകള്‍ക്കു ചേരുന്നതിനു മുമ്പ് ഏതു വിഷയം തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കു സംശയങ്ങളുണ്ട്. താല്‍പ്പര്യവും അഭിരുചിയുമുള്ള ഏതു വിഷയവും തിരഞ്ഞെടുക്കാം. പഠനത്തോടൊപ്പം സംരംഭകത്വ നൈപുണ്യശേഷി വളര്‍ത്തിയെടുക്കുക എന്നതിനാണു പ്രാധാന്യം നല്‍കേണ്ടത്. ഇന്നവേഷന്‍, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കല്‍, റിസ്‌ക്ക്, വിവേക ബുദ്ധി, മാറ്റത്തിനനുസരിച്ച് / സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ കൈവരിക്കണം.
പുത്തന്‍ ആശയം ഉണ്ടാവണം
പുത്തന്‍ ആശയം സംരംഭകനാവശ്യമാണ്. സംരംഭങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെടാറുണ്ട്. ഫോര്‍ച്യൂണ്‍ 500 കമ്പനികളിലും ഇതു പ്രകടമാണ്. പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോകുമെന്ന ഉറച്ച മാനസികനില ഉണ്ടായിരിക്കണം. നേതൃത്വപാടവം, നടത്തിപ്പ്, സമയക്രമം, പ്രതിബദ്ധത എന്നിവ അത്യന്താപേക്ഷിതമാണ്. ഭാവിയില്‍ സംരംഭകനാകാനാഗ്രഹിക്കുന്ന വിദ്യാര്‍ഥി സ്‌കൂള്‍തലം തൊട്ടുതന്നെ സംരംഭക സ്‌കില്ലുകള്‍ / നൈപുണ്യശേഷി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. പുത്തന്‍ ആശയത്തോടൊപ്പം സാങ്കേതിക വിദ്യ, പ്രാവര്‍ത്തികത, സാമൂഹിക അംഗീകാരം എന്നിവ പ്രത്യേകം വിലയിരുത്തണം. സംരംഭകത്വം എന്നതു ഹ്രസ്വദൂര ഓട്ടമത്സരമല്ല മാരത്തോണാണെന്നു മനസ്സിലാക്കണം. സാമൂഹിക അംഗീകാരം, നൈപുണ്യശേഷി, സാമ്പത്തിക സ്രോതസ്സ് എന്നിവ സംരംഭകത്വത്തിന് അത്യന്താപേക്ഷിതമാണ്. മനസ്സിലുള്ള ആശയത്തെ ഉല്‍പ്പന്നമോ സേവനമോ ആക്കി മാറ്റാന്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളാവശ്യമാണ്. താല്‍പ്പര്യം മാത്രം പോരാ, പുത്തന്‍ ആശയങ്ങളാണാവശ്യം. ഒരിക്കലും ഒറ്റയ്ക്കു തന്നെ സംരംഭകനാകാമെന്നു ധരിക്കരുത്. താല്‍പ്പര്യമുള്ളവരെ കോ – ഫൗണ്ടര്‍മാരാക്കാം.
സംരംഭകത്വം ഒരു നീണ്ട യാത്ര
ആശയത്തെ പ്രവൃത്തിപഥത്തിലെത്തിക്കുമ്പോഴാണു പ്രീ ഇന്‍കുബേഷന്‍, ഇന്‍കുബേഷന്‍ പ്രക്രിയകളാവശ്യം. ആവശ്യമായ പ്രോട്ടോടൈപ്പ് രൂപപ്പെടുത്തിയെടുക്കണം. ടെക്‌നോളജി ഇടപെടലുകളും വേണം. വാലിഡേഷന്‍, മൂലധന നിക്ഷേപം, ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ആക്‌സിലറേഷന്‍, സ്‌കെയിലിങ് എന്നിവയും പ്രാവര്‍ത്തികമാക്കണം.
സംരംഭകത്വം ഒരു നീണ്ട യാത്രയാണ്. പ്രതിബന്ധങ്ങളേറെയുണ്ട്. മികച്ച ആത്മവിശ്വാസത്തോടെ അവ തരണം ചെയ്യണം. വിപണിയുടെ വളര്‍ച്ച, വിപണന സാധ്യത, പുത്തന്‍ സാങ്കേതിക വിദ്യ എന്നിവയില്‍ വ്യക്തമായ ധാരണ വേണം. ടീം വര്‍ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കണം. ഡാറ്റ അനലിറ്റിക്‌സ്, സോഷ്യല്‍ മീഡിയ ഉപയോഗം, പ്രശ്‌ന പരിഹാരം, ആകാംക്ഷ, ഭാവന, ഉല്‍പ്പന്ന നിര്‍മാണ ചക്രം, ഓട്ടമേഷന്‍, യൂസര്‍ എക്്‌സ്പീരിയന്‍സ്, ഉല്‍പ്പാദനക്ഷമതാ വര്‍ധന എന്നിവയില്‍ വ്യക്തമായ കാഴ്ചപ്പാടും നൈപുണ്യശേഷിയും ആവശ്യമാണ്. കോവിഡാനന്തരം വിദ്യാഭ്യാസ സ്‌കില്‍ വികസന മേഖലയില്‍ ഏറെ മാറ്റങ്ങള്‍ പ്രകടമാണ്. നൂതന സാങ്കേതിക വിദ്യകളും വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സഹകരണവും തൊഴില്‍ ലഭ്യതക്ക് അത്യന്താപേക്ഷിതമാണ് .
വിദ്യാഭ്യാസ മേഖലകളില്‍ ഡിജിറ്റലൈസേഷനു സാധ്യതയേറുന്നു. സ്വയംസുരക്ഷ, ന്യൂട്രീഷന്‍, മികച്ച ആരോഗ്യത്തിനുള്ള ഭക്ഷണം, രോഗപ്രതിരോധ ശേഷി, ഇ-ഫാര്‍മസി, ടെലിമെഡിസിന്‍, ഓര്‍ഗാനിക് – ഹെര്‍ബല്‍ മരുന്നുകള്‍ എന്നിവക്ക് ആരോഗ്യമേഖലയില്‍ പ്രസക്തിയേറുകയാണ്. കാഷ്, ടാലന്റ്, കണ്ടന്റ് എന്നിവക്കു പ്രാധാന്യമേറുന്നു. പഠനം, തുടര്‍പഠനം, സാമൂഹിക സംരംഭകത്വം, വര്‍ക്ക് അറ്റ് ഹോം, എംപതി, ഇമോഷണല്‍ വെല്‍ബീയിങ്, കംപാഷന്‍ , ഇ – റീടെയില്‍ എന്നിവയിലുള്ള പുത്തന്‍ സേവന സംരംഭങ്ങള്‍ക്കു സാധ്യതയേറെയാണ്.
എഡ്യുടെക്, ഹെല്‍ത്ത് ആന്റ് വെല്‍നസ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, സോഫ്റ്റ്‌വെയര്‍ സര്‍വ്വീസസ്, റിമോട്ട് വര്‍ക്കിങ് ടൂള്‍സ്, ഇ – കൊമേഴ്‌സ്, ഡെലിവറി സര്‍വീസ് എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു കോവിഡാനന്തരം സാധ്യത വര്‍ധിക്കും.
സ്വന്തമായി മാതൃക സൃഷ്ടിക്കുക
സംരംഭകന്‍ സ്വന്തമായി മാതൃക സൃഷ്ടിക്കണം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സേവനമേഖലയിലാണു കൂടുതല്‍ സാധ്യതകളുള്ളത്. എല്ലാ വ്യവസായ തൊഴില്‍ മേഖലകളും മാറ്റത്തിനു വിധേയമാകുന്നു. വര്‍ഷത്തില്‍ നൂറുകണക്കിനു ഡോക്ടര്‍മാരാണ് എ.ഐ, മെഷീന്‍ ലേണിങ് കോഴ്‌സുകള്‍ പഠിക്കുന്നത്. യുവാക്കളേറെയുള്ള ഇന്ത്യയില്‍ ചെലവഴിക്കാവുന്ന തുകയിലുള്ള വര്‍ധനവും ടാലന്റും സംരംഭകത്വ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ മികച്ച ഗൃഹപാഠം ആവശ്യമാണ്. അഞ്ചു ശതമാനത്തില്‍ത്താഴെ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമെ മൂന്നു വര്‍ഷത്തിലധികം നിലനില്‍ക്കുന്നുള്ളൂ. ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു മുന്‍ഗണന നല്‍കണം. ഇതിനാവശ്യമായ വിദ്യാഭ്യാസവും നൈപുണ്യശേഷിയും സംരംഭകന്‍ സ്വായത്തമാക്കണം. നിലവിലുള്ള സാങ്കേതിക വിദ്യ, ഇന്‍കുബേഷന്‍ സെന്ററുകള്‍, വെഞ്ച്വര്‍ കാപ്പിറ്റല്‍, ഫണ്ടിങ് സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹകരണം തേടണം. സംസ്ഥാന, കേന്ദ്ര ഏജന്‍സികളുടെ സേവനവും തേടാവുന്നതാണ്.