എസ്.എൽ.എഫ് വായ്പയുടെ സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ബാങ്കിലും സഹകരണസംഘങ്ങളിലും പലിശ നിരക്ക് ഏകീകരിക്കണമെന്നും ആവശ്യം.
എസ്.എൽ.എഫ് വായ്പ അനുവദിക്കാനുള്ള സമയം ഈ മാസം 31ൽ നിന്നും ഒരു മാസം കൂടി ദീർഘിപ്പിക്കണം എന്നാണ് സഹകാരികളുടെ ആവശ്യം. വെറും 2 ആഴ്ചകൊണ്ട് വായ്പ വിതരണം നടത്തുമ്പോൾ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അർഹതപ്പെട്ട പലർക്കും വായ്പ ലഭിക്കാതെ വരുമെന്നതിനാലാണ് ഒരു മാസം കൂടി ദീർഘിപ്പിക്കണമെന്ന് സഹകാരികൾ ആവശ്യപ്പെടുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യവും വാഹന സൗകര്യവും കണക്കിലെടുക്കുകയും ഒപ്പം വസ്തുവിന്റെ കരം അടച്ച രസീതിയും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും മനസ്സിലാക്കി ഈ വിഷയത്തിൽ സഹകരണ വകുപ്പും സംസ്ഥാന സഹകരണ ബാങ്കും നബാർഡ് നോട് സമയം ദീർഘിപ്പിക്കുന്നതിന് ആവശ്യപ്പെടണമെന്നാണ് സഹകാരികളുടെ ആവശ്യം.
എസ്.എൽ.എഫ് വായ്പയിൽ കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളിലെ പലിശനിരക്കും ഏകീകരിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ് സഹകാരികളുടെ പക്ഷം. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഒരുശതമാനം ലാഭവും സംസ്ഥാന സഹകരണ ബാങ്കിനു രണ്ടുശതമാനവും ലാഭവുമാണ് ഇപ്പോൾ ഈ വായ്പ നൽകുമ്പോൾ ലഭിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ഒപ്പുവയ്ക്കുന്നകരാറിൽ (എൽ.എസ്.ഒ യിൽ) നിന്നും നാലാമത്തെ നിബന്ധന ഒഴിവാക്കിയതിൽ സഹകാരികൾ സന്തുഷ്ടരാണ്. എന്നാൽ ആ നിബന്ധന പ്രകാരം വായ്പ നൽകുന്നതിനായി കരാറിൽ ഏർപ്പെടുന്നത് ആത്മഹത്യാപരം ആണെന്നാണ് സഹകാരികൾ ഒന്നടങ്കം പറയുന്നത്. വായ്പ വാങ്ങുകയാണെങ്കിൽ സംസ്ഥാന സഹകരണ ബാങ്കിലെ അക്കൗണ്ട് ഒഴികെ മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകൾ അവസാനിപ്പിക്കണമെന്ന നിബന്ധന സഹകാരികളെയും ജീവനക്കാരെയും ആശ്ചര്യത്തിലും ഒപ്പം ഭയത്തിലേക്കും ചിന്തിപ്പിച്ചിരുന്നു. ആ സാഹചര്യത്തിൽ സഹകരണ സംഘം രജിസ്ട്രാർ ഇന്ന് ഇറക്കിയ സർക്കുലറിൽ ഈ നിബന്ധന ഒഴിവാക്കപ്പെട്ടതിൽ സഹകാരികൾ സന്തോഷവാൻമാരാണ്.
ഈ വിഷയം സഹകരണസംഘം സെക്രട്ടറിമാർ ഇന്നും ഇന്നലെയും ആയി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സഹകരണ ബാങ്ക് അത്തരത്തിൽ ഒരു നിബന്ധന അതിൽ ഉൾപ്പെടുത്തിയത് ബോധപൂർവ്വമാണ് എന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം സഹകാരികളും ജീവനക്കാരും. ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി സേവനങ്ങൾ നൽകാൻ ശേഷിയില്ലാത്ത സംസ്ഥാന സഹകരണ ബാങ്കിനു ഈ നിബന്ധന ഉൾപ്പെടുത്താൻ എങ്ങനെയാണ് ധൈര്യം വന്നത് എന്നാണ് പല സഹകാരികളും ചോദിക്കുന്നത്. ഇത് നബാർഡിന്റ ഒരു നിർദ്ദേശം ആയി സഹകാരികൾ കാണുന്നില്ല. എന്തായാലും കൂടുതൽ പൊതുജനങ്ങൾക്ക് ഈ വായ്പ ലഭ്യമാക്കാൻ സമയപരിധി ദീർഘിപ്പിക്കണം എന്നാണ് സഹകാരികളുടെ ഇപ്പോളത്തെ പൊതു ആവശ്യം.