എന്‍.സി.ഡി.സി. മാനേജിങ് ഡയരക്ടര്‍ പങ്കജ്കുമാര്‍ ബന്‍സാല്‍ NEDAC ചെയര്‍മാന്‍
ഏഷ്യ-പെസിഫിക്കിലെ കാര്‍ഷിക സഹകരണ സംഘങ്ങളുടെ വികസനത്തിനായുള്ള ശൃംഖലയുടെ ( Network for the Development of Agricultural Co-operatives in Asia and the Pacific – NEDAC ) ചെയര്‍മാനായി ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) മാനേജിങ് ഡയരക്ടര്‍ പങ്കജ് കുമാര്‍ ബന്‍സലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണു ബന്‍സലിന്റെ ഭരണകാലാവധി. നവംബര്‍ മൂന്നു മുതല്‍ ആറു വരെ തായ്‌ലന്റിലെ ബാങ്കോക്കില്‍ ചേര്‍ന്ന NEDAC പൊതുയോഗത്തിലാണു ബന്‍സാല്‍ തിരഞ്ഞെടുക്കപ്പെട്ടത്.
തമിഴ്‌നാട് കേഡറിലെ 1997 ബാച്ച് ഐ.എ.എസ്. ഓഫീസറായ ബന്‍സല്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയാണ്. 1991 ല്‍ സ്ഥാപിതമായ NEDAC ന്റെ മുഖ്യലക്ഷ്യങ്ങള്‍ അംഗരാജ്യങ്ങളിലെ സഹകരണ സംഘങ്ങളിലൂടെ വ്യാപാരം പ്രോത്സാഹിപ്പിക്കുക, സംഘങ്ങളുടെ ശേഷി കെട്ടിപ്പടുക്കുക എന്നിവയാണ്.
ബാങ്കോക്കാണു സംഘടനയുടെ ആസ്ഥാനം. മേഖലാവേദിയായ NEDAC ല്‍ ഒമ്പതു രാജ്യങ്ങളിലെ 57 സഹകരണ സംഘടനകള്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. NEDAC ല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് ഇന്ത്യയില്‍നിന്നാണ് – 40 സംഘങ്ങള്‍.