എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ മെഡിക്കല്‍ ഷോപ്പ് ശൃംഖലയ്ക്കു തുടക്കമായി

Deepthi Vipin lal

കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ മെഡിക്കല്‍ ഷോപ്പ് ശൃംഖലയായ എം.വി.ആര്‍. ഫാര്‍മ കെയറിനു കേരളപ്പിറവിദിനത്തില്‍ തുടക്കം കുറിച്ചു. മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്കു മരുന്നെത്തിക്കുക എന്നതാണു ഫാര്‍മ കെയറിന്റെ ലക്ഷ്യം.’മാങ്കാവ് ഗ്രീന്‍സ് ‘ ബില്‍ഡിങ്ങിലാണു ഫാര്‍മ കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

 

 

കാന്‍സര്‍ രോഗികള്‍ക്കാവശ്യമായ ഓങ്കോളജി മരുന്നുകളെല്ലാം വളരെ മിതമായ നിരക്കില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ കിട്ടുന്നുണ്ട്. ഇതിനു പുറമേ, ഗുണനിലവാരമുള്ള എല്ലാ മരുന്നുകളും മിതമായ നിരക്കില്‍ ശരിവിലയില്‍ സാധാരണക്കാര്‍ക്ക് എത്തിക്കുക എന്നതാണ് ഫാര്‍മ കെയറിലൂടെ ലക്ഷ്യമിടുന്നതെന്നു വിജയകൃഷ്ണന്‍ പറഞ്ഞു. തുടക്കത്തില്‍ ഒരു മാസം മൂന്നു ഷോപ്പുകള്‍ വീതം തുറക്കും. 2031 ആകുമ്പോഴേക്കും കേരളത്തിന്റെ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും 3600 മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങും. ഇതുവഴി പതിനായിരക്കണക്കിനു ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാനാകും. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നുള്ള മരുന്നുകള്‍ക്കു പുറമെ മറ്റുള്ള മരുന്നുകളും നീതി സ്റ്റോറില്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്നു ആലോചിക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡുമായി സംസാരിച്ച്, അവര്‍ക്കു കിട്ടാത്ത മരുന്നുകള്‍ എം.വി.ആര്‍. ഫാര്‍മകെയറിനു ലഭ്യമാക്കാനും ശ്രമം നടത്തുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍മാരായ എന്‍.സി. അബൂബക്കര്‍, ടി.എം. വേലായുധന്‍, ഡോ. എന്‍.കെ. മുഹമ്മദ് ബഷീര്‍, സെക്രട്ടറി കെ. ജയേന്ദ്രന്‍, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍മാരായ സി.ഇ. ചാക്കുണ്ണി, പി.എ. ജയപ്രകാശ്, ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി, ജനറല്‍ മാനേജര്‍ സാജു ജെയിംസ്, സിസ്റ്റര്‍ ആലിസ്, ഡോ.പി. സരിന്‍, രാഹുല്‍ ബാലചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News