എം.ഡി.എസ്. ചിട്ടിയല്ല; നിലപാട് വ്യക്തമാക്കി സഹകരണ വകുപ്പ്

Deepthi Vipin lal

സഹകരണ സംഘങ്ങള്‍ എം.ഡി.എസ്., ജി.ഡി.സി.എസ്. എന്നീ പേരുകളില്‍ നടത്തുന്നത് ചിട്ടിയല്ലെന്ന് വ്യക്തമാക്കി സഹകരണ വകുപ്പ്. ഇത് സംബന്ധിച്ച് സഹകരണ വകുപ്പിന് ലഭിച്ച പരാതികള്‍ തള്ളിക്കൊണ്ടാണ് വകുപ്പ് ഈ നിലപാട് എടുത്തത്. സഹകരണ സ്ഥാപനങ്ങള്‍ മറ്റ് സ്‌കീമുകള്‍ എന്ന വ്യാജേന നികുതി വെട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു വകുപ്പിന് ലഭിച്ച പരാതി.


2012 ന് ശേഷം ചിട്ടി നടത്തിപ്പിന് കര്‍ശന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. രജിസ്ട്രേഷനില്ലാതെ ചിട്ടി നടത്തുന്നത് തടഞ്ഞു. ഇതോടെ നിരവധി സ്വകാര്യ ചിട്ടിസ്ഥാപനങ്ങള്‍ പൂട്ടിപ്പോയി. ഇവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ ചിട്ടിനിയമം ലംഘിച്ചുകൊണ്ട് ചിട്ടി നടത്തുകയാണെന്ന പരാതി സ്വകാര്യ ചിട്ടി സ്ഥാപനങ്ങളാണ് പ്രധാനമായും ഉയര്‍ത്തിയത്. മാസ നിക്ഷേപ പദ്ധതി എന്ന പേരില്‍ നടത്തുന്നത് അനധികൃത ചിട്ടിയാണെന്നായിരുന്നു ഇവരുടെ പരാതി. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സഹകരണ വകുപ്പ് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സഹകരണ സംഘങ്ങള്‍ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംഘങ്ങള്‍ക്കാവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പരിശോധന നടത്തുന്നതും രജിസ്ട്രാറിന്റെ ചുമതലയിലുള്ള കാര്യമാണ്. കേരള സഹകരണ സംഘം നിയമം 66 (എ) വകുപ്പ് അനുസരിച്ചാണ് സഹകരണ സംഘം രജിസ്ട്രാര്‍ സംഘങ്ങള്‍ക്കായുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നത്. സംഘങ്ങള്‍ മറ്റ് സ്‌കീമുകളിലൂടെ വ്യാജമായി ചിട്ടി നടത്തുന്നില്ല. നിക്ഷേപപദ്ധതികള്‍ ചിട്ടിയായി പരിഗണിക്കാനാവില്ലെന്നും പരാതി തള്ളിയതിന്റെ കാരണമായി സഹകരണ വകുപ്പ് വിശദീകരിക്കുന്നു.


ചിട്ടി നിയമത്തിനനുസരിച്ച് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും. പുതിയ ചിട്ടി നിയമമനുസരിച്ച് തുടങ്ങുന്ന ഓരോ ചിട്ടിയുടെയും ആദ്യ ഇറക്കുതുക ട്രഷറിയില്‍ നിക്ഷേപിക്കണം. അസി.് രജിസ്ട്രാര്‍ ഓഫ് ചിറ്റ്സിന്റെ പേരിലാണ് തുക നിക്ഷേപിക്കേണ്ടത്. ചിട്ടിവട്ടമെത്തുമ്പോള്‍ മാത്രമേ പിന്‍വലിക്കാനാകൂ. അതിനാല്‍, ഇത്തരം നിക്ഷേപത്തിന്‍മേലുള്ള പ്രതിമാസ പലിശ പിന്‍വലിക്കാനാവില്ല. ചിട്ടി നടത്തുന്നതിനുള്ള മുന്‍കൂര്‍ അനുമതി നല്‍കേണ്ടത് ഡെപ്യൂട്ടി രജിസ്ട്രാറാണ്. ഇതിന് ഫോം നമ്പര്‍ ഒന്നിലാണ് അപേക്ഷ നല്‍കേണ്ടത്. ചിട്ടി ഉടമ്പടി, ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്, സെക്യുരിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇതിനൊപ്പം നല്‍കണം,

തുക ഏല്‍പ്പിക്കാത്തവരുടെ ചിട്ടി നടത്തിപ്പ് നിര്‍ത്തിവെപ്പിക്കും. നിയമപ്രകാരം ചിട്ടി നടത്തുന്നവരുടെ പട്ടിക അതത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് നിയമപ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ചിട്ടി മാത്രമേ നടത്താനാവൂ. കൂടുതല്‍ ആളുകള്‍ ചേര്‍ന്നുള്ള ചിട്ടിയാണെങ്കില്‍ പരിധി ആറ് ലക്ഷമാണ്. കമ്പനിയാണെങ്കില്‍ ആസ്തിയുടെ പത്തു മടങ്ങുവരെയുള്ള ചിട്ടികള്‍ നടത്താം. ഇതെല്ലാം സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതും സഹകരണ സംഘം രജിസ്ട്രാറുടെ അധികാരം രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് മാറ്റുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News