ഊരാളുങ്കല്‍ നായകന് മികവിന്റെ പുരസ്‌കാരം
പ്രവര്‍ത്തനത്തിന്റെ ഒരു നൂറ്റാണ്ടിലേക്കു കടക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ ചെയര്‍മാന്‍ രമേശന്‍ പാലേരിക്കാണു സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം. മൂന്നു പതിറ്റാണ്ട് നീളുന്ന
രമേശന്റെ സഹകാരി ജീവിതത്തിനുള്ള അംഗീകാരമാണിത്.
ശതാബ്ദിയാഘോഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( യു.എല്‍.സി.സി.എസ് ) യുടെ നായകസ്ഥാനമേറ്റെടുത്തു മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയാക്കാനൊരുങ്ങുകയാണു രമേശന്‍ പാലേരി. സഹകരണമേഖലയില്‍ ഏഷ്യയിലെ ഏറ്റവും വലിയ നിര്‍മാണസംഘത്തിന്റെ തലപ്പത്തുള്ള രമേശന്‍ പാലേരിക്ക് സംസ്ഥാനസര്‍ക്കാറിന്റെ മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ അതു മൂന്നു പതിറ്റാണ്ട് കാലത്തെ സംഘാടകമികവിനുള്ള അംഗീകാരം കൂടിയായി. കയ്യാല കെട്ടലും കിണര്‍ പണിയുമൊക്കെ കരാറെടുത്തു കിട്ടുന്ന കൂലി വീതിച്ചെടുത്തിരുന്ന ഊരാളുങ്കല്‍സംഘത്തെ 1700 കോടിയുടെ റോഡ് നിര്‍മാണപദ്ധതി ഏറ്റെടുക്കുന്നതിലേക്കു വളര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച രമേശന്‍ പാലേരി നയിക്കുന്നത് 18,000 പേര്‍ പണിയെടുക്കുന്ന മഹാപ്രസ്ഥാനത്തെയാണ്.
ജന്മിമാര്‍ക്കെതിരായ
സംഘശക്തി
വടക്കന്‍ കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആത്മവിദ്യാസംഘം രൂപവത്കരിച്ച് പടപൊരുതിയ വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തില്‍ 1925 ല്‍ ആരംഭിച്ച ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണസംഘമാണ് യു.എല്‍.സി.സി.എസ്സായി വളര്‍ന്നത്. നാട്ടില്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കു തൊഴിലും അവരുടെ മക്കള്‍ക്കു വിദ്യാഭ്യാസവും നിഷേധിച്ച ജന്മിമാര്‍ക്കെതിരെയുള്ള സംഘശക്തിയാണു പില്‍ക്കാലത്ത് ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരമുള്‍പ്പെടെ നിരവധി സംസ്ഥാന- ദേശീയ- അന്താരാഷ്ട്ര അംഗീകാരങ്ങള്‍ വാങ്ങിയത്. 1970 നു ശേഷമാണു ലേബര്‍ കോണ്‍ടാക്ട് സഹകരണ സംഘങ്ങള്‍ക്കു സര്‍ക്കാറിന്റെ നിര്‍മാണ പ്രവൃത്തികളില്‍ പരിഗണന ലഭിക്കാന്‍ തുടങ്ങിയത്. കടുത്ത പ്രതിസന്ധികള്‍ ഏറെ തരണം ചെയ്തു മുന്നോട്ടു നീങ്ങിയ സംഘത്തിന് ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളായിരുന്നു എന്നും മുതല്‍ക്കൂട്ട്.
1931 മുതല്‍ 1949 വരെ സംഘത്തിന്റെ പ്രസിഡന്റായിരുന്ന പാലേരി ചന്ദമ്മാന്റെ ചെറുമകനും 1952 മുതല്‍ 1984 വരെ പ്രസിഡന്റായിരുന്ന പാലേരി കണാരന്‍ മാസ്റ്ററുടെ മകനുമാണു രമേശന്‍ പാലേരി. എഞ്ചിനിയറിങ് ഡിപ്ലോമ നേടി ഗള്‍ഫില്‍ തൊഴില്‍ തേടിപ്പോവുമ്പോള്‍ മുംബൈയില്‍ നിന്നാണു രമേശന്‍ അച്ഛന്റെ മരണവാര്‍ത്തയറിയുന്നത്. നാട്ടിലേക്കു മടങ്ങിയ രമേശന്‍ 1984 ല്‍ ഓവര്‍സിയറായി ജോലിക്കു ചേര്‍ന്നതോടെയാണ് ഊരാളുങ്കല്‍ സംഘത്തിന്റെ ഭാഗമായത്. കുറഞ്ഞ കാലം കൊണ്ട് തൊഴിലാളികളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റിയ 37 കാരനായ രമേശനെ അക്കാലത്തു വലിയ സാമ്പത്തികപ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന സംഘത്തെ മുന്നോട്ടു നയിക്കാന്‍ തൊഴിലാളികള്‍തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. 1995 ല്‍ രമേശന്‍ പാലേരി സംഘം പ്രസിഡന്റായതു മുതല്‍ സംഘത്തിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടം ആരംഭിച്ചു. 1997-98 വര്‍ഷം മുതല്‍ കേരളത്തില്‍ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയാണ് ഊരാളുങ്കല്‍ സംഘത്തിനു വഴിത്തിരിവായത്. തുടക്കത്തില്‍ ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിന്റെയും പിന്നീട് സമീപപഞ്ചായത്തുകളുടേയും നിര്‍മാണജോലികള്‍ സംഘത്തിനു ലഭിച്ചു. തുടര്‍ന്നു കേരളം മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മരാമത്തു ജോലികള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സിയായി ഊരാളുങ്കല്‍ സൊസൈറ്റിക്ക് അംഗീകാരം കിട്ടി. നിര്‍മാണമേഖലയില്‍ യന്ത്രവത്കരണത്തിനു പ്രാധാന്യം നല്‍കുമ്പോഴും തൊഴിലാളികളെ ചേര്‍ത്തുപിടിച്ചാണു രമേശന്‍ മുന്നോട്ടു നീങ്ങിയത്. നിര്‍മാണജോലികള്‍ സംഘത്തെ ഏല്‍പ്പിക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മത്സരം തുടങ്ങിയതോടെ ഊരാളുങ്കല്‍ കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു.
1999 ല്‍ വടകര ചോറോട് മേല്‍പ്പാലത്തിന്റെ പണി കരാറെടുത്തതു സംഘത്തിനും അതിന്റെ തലപ്പത്തുള്ള രമേശനും വലിയ വെല്ലുവിളിയായിരുന്നു. സമയപരിധിക്കകം നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അതുവരെ ഈ രംഗം അടക്കിഭരിച്ചിരുന്ന വന്‍കിട കരാര്‍ക്കമ്പനികള്‍ ഞെട്ടി. രമേശന്റെ നേതൃത്വത്തിന് എല്ലാ ഭാഗത്തുനിന്നും പ്രശംസയും പ്രോത്സാഹനവും കിട്ടി. പിന്നീട് ഊരാളുങ്കലിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ അറുപതോളം വലിയ പാലങ്ങള്‍ 600 ചെറിയ പാലങ്ങള്‍, 10 ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡുകള്‍, നിരവധി കൂറ്റന്‍ കെട്ടിടങ്ങള്‍ തുടങ്ങി സംഘം പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ പട്ടിക നീളുന്നു. പ്രവൃത്തികളുടെ എണ്ണം കൂടുമ്പോള്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ച പാടില്ലെന്ന രമേശന്റെ കര്‍ശന നിലപാട് സംഘത്തിനു വിശ്വാസ്യത വര്‍ധിപ്പിച്ചു. അതിനിടെ കോടികള്‍ മുടക്കി യന്ത്രങ്ങളും കോറികളും ക്രഷറുകളും സ്വന്തമാക്കിയതും നിര്‍മാണരംഗത്തെ ഊരാളുങ്കലിന്റെ മേധാവിത്വമുറപ്പിച്ചു. സംഘത്തിനു സ്വന്തമായി സിവില്‍, മെക്കാനിക്കല്‍, ഇലക്ടിക്കല്‍ എഞ്ചിനിയറിങ് വിഭാഗം ആരംഭിക്കാന്‍ രമേശന്‍ നേതൃത്വം നല്‍കി.
ഐ.ടി.രംഗത്തും
മുന്നേറ്റം
ഐ.ടി. രംഗത്താണു രമേശന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. 600 കോടി രൂപ ചെലവില്‍ നിര്‍മിച്ച കോഴിക്കോട് സൈബര്‍ പാര്‍ക്ക് ആയിരങ്ങള്‍ക്കു തൊഴില്‍ നല്‍കുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്. യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സ് എന്ന പേരില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി തുടങ്ങി നിരവധി പേര്‍ക്കു തൊഴില്‍ നല്‍കിയിട്ടുണ്ട്. സാങ്കേതികവിദ്യാഭ്യാസം പുസ്തകങ്ങള്‍ പഠിച്ച് പരീക്ഷ പാസ്സാവല്‍ മാത്രമല്ല എന്ന നിലപാടുകാരനാണു രമേശന്‍. കൊല്ലം ജില്ലയിലെ ചവറയില്‍ ആരംഭിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനം തൊഴില്‍രംഗത്തു നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ്. ചെറുകിട കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അത്താണിയായി വടകര ഇരിങ്ങലില്‍ സൊസൈറ്റി തുടങ്ങിയ ക്രാഫ്റ്റ് വില്ലേജ് ദേശീയതലത്തില്‍ ശ്രദ്ധേയമായ സ്ഥാപനമാണ്. എല്ലാ വര്‍ഷവും അന്താരാഷ്ട കരകൗശലമേള നടക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് എത്തുന്നത്. വെള്ളാറയിലും ക്രാഫ്റ്റ് വില്ലേജ് തുറന്നിട്ടുണ്ട്. കാര്‍ഷികരംഗത്തും ക്ഷീരമേഖലയിലും ഊരാളുങ്കല്‍ സംഘം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മെറ്റീരില്‍ ടെസ്റ്റിങ് ആന്റ് റിസര്‍ച്ച് ലാബ്, യു.എല്‍. ഹൗസിങ്, യു.എല്‍. അഗ്രി കള്‍ച്ചര്‍ തുടങ്ങിയവയും സംഘത്തിന്റെ കീഴിലുണ്ട്.
വിദ്യാഭ്യാസരംഗത്തും കാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കാനും രമേശന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സംഘത്തിന്റെ നേതൃത്വത്തില്‍ മടപ്പള്ളിയില്‍ ആരംഭിച്ച വൃദ്ധസദനവും എരഞ്ഞിപ്പാലത്തുള്ള നായനാര്‍സദനവും നല്ല മാതൃകയാണ്. ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന പന്തീരാങ്കാവ് പ്രശാന്തി സ്‌കൂളും സംഘത്തിന്റെ സ്ഥാപനമാണ്. ഊരാളുങ്കല്‍ സംഘത്തിന്റെ കീഴിലുള്ള വലിയ തൊഴില്‍സേനയെ നയിക്കുക എന്നതാണു രമേശന്റെ ഏറ്റവും വലിയ ദൗത്യം. സംഘത്തിലെ ഓരോ തൊഴിലാളിയുടേയും ക്ഷേമം ഉറപ്പു വരുത്തുക എന്നതു സംഘത്തിന്റെ മുഖ്യ ലക്ഷ്യമാണ്. ബോണസ്, ഇന്‍ഷൂറന്‍സ്, പി.എഫ്, ക്ഷേമനിധി, ചികിത്സാസഹായം, ആശ്രിതര്‍ക്കു ജോലി, പ്രായമായവര്‍ക്കു പെന്‍ഷന്‍, വിവാഹസഹായം തുടങ്ങി എല്ലാ ക്ഷേമപദ്ധതികളും സംഘം തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും വേണ്ടി നടപ്പാക്കുന്നുണ്ട്. സംഘം വളര്‍ന്നുവലുതായപ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന ഓരോ പ്രശ്‌നത്തിലും നേരിട്ട് ഇടപെട്ട് പരിഹരിക്കുക എന്ന മാനേജ്‌മെന്റ്തന്ത്രമാണു രമേശന്റെ വിജയം.
എല്ലാ രംഗത്തും
പ്രൊഫഷണലിസം
തൊഴിലാളികള്‍ക്കിടയില്‍ നിന്നു തിരഞ്ഞെടുക്കുന്ന 13 പേര്‍ അടങ്ങുന്നതാണു സംഘത്തിന്റെ ഡയറക്ടര്‍ബോര്‍ഡ്. സംഘത്തിന്റെ പ്രസിഡന്റിനു ചെയര്‍മാന്‍പദവിയും സെക്രട്ടറിക്കു മാനേജിങ് ഡയറക്ടര്‍ പദവിയും നല്‍കിയിട്ടുണ്ട്. സംഘത്തിന്റെ കീഴിലുള്ള ഓരോ പ്രവൃത്തിയുടേയും പുരോഗതിയും അതിനുവേണ്ടി ജോലി ചെയ്യുന്നവരുടെ കാര്യക്ഷമതയും നേരിട്ടു വിലയിരുത്തുന്നതിനുപുറമെ വിവരസാങ്കതികരംഗത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ചും അവലോകനം ചെയ്യുന്നു. എല്ലാ തലത്തിലും പ്രൊഫഷണലിസം എന്നതാണു രമേശന്റെ നിലപാട്. സംഘത്തിന്റെ വിജയവും നേട്ടങ്ങളും കൂട്ടായ്മയുടെ ഫലമാണെന്നും വ്യക്തിയുടേത് അല്ലെന്നുമാണു രമേശന്‍ പാലേരിയുടെ അഭിപ്രായം.
അവാര്‍ഡുകളും അംഗീകാരങ്ങളും നിരവധി തവണ ഊരാളുങ്കലിനേയും രമേശന്‍ പാലേരിയേയും തേടിയെത്തിയിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ കോ- ഓപ്പറ്റേറ്റീവ് അലയന്‍സില്‍ (ഐ.സി.എ ) 2019 ല്‍ സംഘത്തിനു ലഭിച്ച അംഗത്വം രാജ്യത്തിനു കിട്ടിയ അംഗീകാരംകൂടിയായിരുന്നു. മികച്ച ലേബര്‍ കോണ്‍ട്രാക്ട് സംഘത്തിനുള്ള ദേശീയ അവാര്‍ഡ്, വിശ്വകര്‍മ അവാര്‍ഡ്, റോട്ടറി വൊക്കേഷണല്‍ അവാര്‍ഡ്, കര്‍മരത്‌ന പുരസ്‌കാരം, സഹകരണകീര്‍ത്തി പുരസ്‌കാരം, സംഘശക്തി അവാര്‍ഡ്, സഹകാരി അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ് തുടങ്ങി നാല്‍പ്പതിലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
(മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)